മസ്കത്ത്: ഹിച്ച് ഹൈക്കിങ് യാത്രയിലൂടെ ശ്രദ്ധേയനായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മാഹീൻ കേരളം-ആഫ്രിക്കൻ യാത്രയുടെ ഭാഗമായി ഒമാനിലെത്തി. കേരളത്തിൽനിന്ന് വിമാനം വഴി ഒമാനിലെത്തിയ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി സുൽത്താനേറ്റിന്റെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദശിക്കുന്ന തിരക്കിലായിരുന്നു. മത്ര സൂഖ് അടക്കമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ച മാഹീന് മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സ്വീകരണവും നൽകി.
ഒമാന്റ ആതിഥ്യ മര്യാദയും പച്ചപ്പുനിറഞ്ഞ സ്ഥലങ്ങളും മനസ്സിന് കുളിർമ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വാഹനങ്ങളിൽ ലിഫ്റ്റടിച്ചും കാൽനടയായും യാത്ര ചെയ്യുന്ന രീതിയാണ് ഹിച്ച് ഹൈക്കിങ്. മിഡിലീസ്റ്റ്, യൂറോപ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള ലോകയാത്രയിലായിരുന്നു 21കാരനായ മാഹീൻ. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ യാത്ര മുടങ്ങുകയും നാട്ടിലേക്ക് മടങ്ങുകയുമായിരുന്നു. പിന്നീടാണ് മിഡിലീസ്റ്റ് രാജ്യങ്ങളിലൂടെ ആഫ്രിക്കയിലേക്ക് പോകാൻ തീരുമാനിച്ചത്.
കസാഖ്സ്താൻ, ഉസ്ബകിസ്താൻ, തജികിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഇറാനിലെത്തിയപ്പോൾ വിസ കിട്ടാൻ ചില പ്രയാസങ്ങൾ നേരിട്ടു. ഇക്കാരണത്താലാണ് ലോകയാത്ര താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നതെന്ന് മാഹീൻ പറഞ്ഞു. ചെറുപ്പത്തിൽ വായിച്ച സഞ്ചാര വിവരണങ്ങളാണ് ഇദ്ദേഹത്തെ യാത്രയിലേക്ക് ആകൃഷ്ടനാക്കിയത്.
ആളുകൾ കൂടുതലും എത്തിപ്പെടാത്ത സ്ഥലങ്ങളിൽക്കൂടി യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. അതുകൊണ്ടാണ് വെസ്റ്റ് ആഫ്രിക്ക ലക്ഷ്യമാക്കി യാത്രചെയ്യാൻ ഉദ്ദേശിച്ചത്. ചെറുപ്പം മുതലേ യാത്രയോട് ഇഷ്ടമുണ്ടായിരുന്നു. സ്കൂളിൽപോകുന്ന സമയത്ത് ബസ് ചെലവിനായി തന്നിരുന്ന പൈസയൊക്കെ എടുത്തുവെച്ച് നടത്തം ഒരു ശീലമാക്കിയിരുന്നു. മുതിർന്നതോടെ കൂടുതൽ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ ചെലവിനുള്ള കാശ് തികയാതെവന്നു.
ഈ സാഹചര്യത്തിലാണ് ഹിച്ച് ഹൈക്കിങ് തിരഞ്ഞെടുക്കുന്നത്. ഹിച്ച് ഹൈക്കിങ് യാത്രയിലെ ഏറ്റവും മറക്കാൻ പറ്റാത്ത അനുഭവം അഫ്ഗാനിൽ താലിബാന്റെ പിടിയിലാവുകയും ഒരുദിവസം ജയിലിൽ കിടന്നതുമാണ്. ഐ.എസ് തീവ്രവാദിയാണെന്നും കാബൂളിലെ പാകിസ്താൻ എംബസി ആക്രമിക്കാനാണ് എത്തിയിട്ടുള്ളതെന്നും പറഞ്ഞായിരുന്നു പിടിച്ചുകൊണ്ടുപോയത്.
എന്നാൽ, പിന്നീട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതോടെ വിട്ടയക്കുകയായിരുന്നുവെന്ന് മാഹീൻ പറഞ്ഞു. താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്താനിലേക്ക് ഇന്ത്യയിൽനിന്നുള്ള ആദ്യ ടൂറിസ്റ്റായിരുന്നു ഇദ്ദേഹം. ചെറിയ യാത്രകളിലൂടെ തുടങ്ങി അനുഭവം നേടിയ ശേഷമാണ് വലിയ യാത്രകൾ നടത്താൻ പ്ലാൻ ചെയ്യേണ്ടതെന്നാണ് പുതിയതായി ഹിച്ച് ഹൈക്കിങ് മേഖലയിലേക്ക് വരുന്നവരോട് മാഹീന് പറയാനുള്ളത്. ഹിച്ച് ഹൈക്കിങ്ങിലൂടെ ഇതിനകം എട്ട് രാജ്യങ്ങളാണ് സന്ദർശിച്ചത്.
യാത്രാവിവരണങ്ങൾ 'ഹിച്ച് ഹൈക്കിങ് നോമാഡ്' എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്യാറുണ്ട്. അഞ്ച് ലക്ഷത്തിലധികം വരിക്കാരുണ്ട്. യാത്രയുടെ അഭിനിവേശത്താൻ കോളജ് പഠനത്തിന് താൽക്കാലിക വിരാമമിട്ടിരിക്കുകയാണ്. ഒമാനിൽ സൂർ, സലാല എന്നിവിടങ്ങൾ സന്ദർശിക്കാനും ആലോചനയുണ്ട്. ഇതിനുശേഷം ജി.സി.സി രാജ്യങ്ങളിലേക്ക് തിരിക്കും. മാതാപിതാക്കളായ ഷാജഹാനും നദീറയും നൽകുന്ന പിന്തുണയാണ് മാഹീന് യാത്രക്ക് ഊർജം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.