ന്യൂ മാഹി: മയ്യഴിപ്പുഴ ഇനി ടൂറിസം ഭൂപടത്തിലേക്കുള്ള പ്രയാണത്തിലാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായി ഗതാഗത പരിഷ്കരണമുൾപ്പെടെ ന്യൂ മാഹിയിൽ നടപ്പാക്കും.
ടൗൺ സ്ക്വയർ, വീതികൂടിയ റോഡുകളും പാതയോരങ്ങളും, ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ, അത്യാധുനിക മത്സ്യ-മാംസ മാർക്കറ്റ് തുടങ്ങിയ സൗകര്യവും ഒരുക്കും. വിനോദസഞ്ചാര വികസനത്തിന് മയ്യഴിപ്പുഴയോരം ഹെറിറ്റേജ് ആൻഡ് ഇക്കോ ടൂറിസം പദ്ധതിക്ക് (എം.എ.എച്ച്.ഇ) രൂപം നൽകി. 300 കോടിയിൽപരം രൂപ പ്രതീക്ഷിക്കുന്ന ടൂറിസം വികസന പദ്ധതിയാണിത്.
മയ്യഴിപ്പുഴയും പരിസര പ്രദേശങ്ങളും ലോക വിനോദസഞ്ചാര ഭൂപടത്തിൽ അറിയപ്പെടുന്ന സ്ഥലമായി മാറുമെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ പറഞ്ഞു.ചൊക്ലി, ന്യൂ മാഹി പ്രദേശത്തെ പുഴയോരത്തെ ഉപയോഗപ്പെടുത്തി നടത്തിയ മയ്യഴിപ്പുഴ വിനോദ സഞ്ചാര വികസന സെമിനാർ പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പുതുച്ചേരി -കേരള സർക്കാറുകൾ ചേർന്ന് ടൂറിസം പദ്ധതികൾ തയാറാക്കണം. ടൂറിസം കാരണം നശിച്ചുപോയ ഗോവ പോലെയുള്ള പ്രദേശങ്ങളുണ്ട്. അതിനാൽ ശ്രദ്ധയോടെയും ജാഗ്രതയോടെയും നടപ്പിലാക്കേണ്ടതാണ് വിനോദ സഞ്ചാര വികസന പദ്ധതികൾ. മയ്യഴി ഉൾപ്പെടെ നാടിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്നതും പ്രകൃതിയെ ചേർത്തുനിർത്തുന്നതുമായിരിക്കണം ടൂറിസം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക വിനോദ സഞ്ചാരികളെയടക്കം ആകർഷിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. ടൂറിസം മിഷൻ കൺവീനർ ടി.കെ. സരീഷ് വിഷയാവതരണം നടത്തി.
മാഹിയിൽ മൂപ്പൻ സായ്വിന്റെ ബംഗ്ലാവും കുന്നും ലൈറ്റ് ഹൗസും ഉൾപ്പെടുത്തി, ഇതിന് പിറകിലെ അഞ്ച് ഏക്കർ സ്ഥലത്ത് ബീച്ച് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കാൻ പുതുച്ചേരി സർക്കാർ ഒരുങ്ങുകയാണെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു. ആർക്കിടെക്റ്റ് ആർ.എസ്. സുജിത്ത് കുമാർ പദ്ധതികൾ വിശദീകരിച്ചു.
ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജിത പ്രദീപ്, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു, ഫോക്ലോർ അക്കാദമി പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.വി. ലവ്ലിൻ, ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡൻറ് വി.കെ. രാകേഷ്, ബി.ആർ.ഡി.സി എം.ഡി പി. ഷിജിൻ, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് എം.ഒ. ചന്ദ്രൻ, സംഘാടക സമിതി കൺവീനർ അർജുൻ പവിത്രൻ, അഡ്വ. ടി. അശോക് കുമാർ, ഷൗക്കത്തലി എരോത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.