പുനലൂർ: അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വനം അധികൃതരുടെ വീഴ്ച കാരണം പാലരുവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ അപകട ഭീഷണിയിൽ. മഴ നേരേത്ത ലഭിച്ചതിനാൽ സാധാരണ വേനൽക്കാലത്ത് വെള്ളം ഇല്ലാത്തതിനെ തുടർന്ന് അടക്കാറുള്ള പാലരുവി ഇത്തവണ അടച്ചില്ല. കനത്തതോതിൽ വെള്ളമായതോടെ സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഞായറാഴ്ച ടിക്കറ്റ് ഇനത്തിൽ 90,000ത്തോളം രൂപ വരുമാനം ലഭിച്ചു. വേനൽ അവധി കഴിയുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കുട്ടികളക്കമുള്ള കുടുംബങ്ങളുടെ വരവ് കൂടും. സഞ്ചാരികൾക്ക് സുരക്ഷിതമായി കുളിച്ചുമടങ്ങാനുള്ള സൗകര്യങ്ങളേതും ഒരുക്കിയിട്ടില്ല.
പ്രധാന കുളിക്കടവിലെ അപകടമില്ലാതാക്കാൻ പണി തുടങ്ങിയെങ്കിലും ഈ സീസണിൽ തീരുന്ന ലക്ഷണമില്ല. വലിയകുഴി പാറകളടുക്കി ഗാബിയൻ മാതൃകയിൽ സുരക്ഷിതമാക്കാനായിരുന്നു നടപടി. ഇതിനാവശ്യമായ പണം വനംവകുപ്പ് അനുവദിച്ച് ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിലാണ് പണി തുടങ്ങിയത്. എന്നാൽ, കുേറ പാറപൊട്ടിച്ച് അപകടനിലയിൽ അരുവിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. പാറ അടുക്കാനുള്ള ഇരുമ്പ് വലയും നാമമാത്രമായി കൊണ്ടിട്ടതല്ലാതെ പ്രവൃത്തി പൂർത്തിയാക്കാൻ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതുകാരണം വെള്ളച്ചാട്ടത്തിനും അരുവിക്കും ചുറ്റും അപകടാവസ്ഥയായി. കാൻറീൻ സംവിധാനം ഇല്ലാത്തതും ആളുകളെ ബുദ്ധിമുട്ടിക്കുന്നു.
പുനലൂർ: പാലരുവിയിൽ കുളിക്കുന്നതിന് സ്ത്രീ-പുരുഷന്മാർക്ക് ഉണ്ടായിരുന്ന പ്രത്യേക സൗകര്യം ഇല്ലാതായത് ബുദ്ധിമുട്ടാകുന്നു.
നേരത്തേ പുരുഷന്മാർക്ക് വെള്ളച്ചാട്ടത്തിന് താഴെയും വൈദേഹി കടവിന് ഇടതുവശത്തും സ്ത്രീകൾക്ക് വൈദേഹി കടവുമാണ് അനുവദിച്ചിരുന്നത്. ഇവിടെ നടക്കുന്ന അറ്റകുറ്റപ്പണിക്ക് പാറ പൊട്ടിച്ചിട്ടിരിക്കുന്നത് കാരണം പുരുഷന്മാർക്ക് കുളിക്കാൻ സൗകര്യമില്ലാതായി.
ഇതോടെ ഇപ്പോൾ എല്ലാവരും വൈദേഹി കടവിലാണ് കുളിക്കുന്നത്. ഇതിനെചൊല്ലി പലപ്പോഴും കശപിശ ഉണ്ടാകുന്നുണ്ട്. ഈ കടവിലാകട്ടെ ആവശ്യത്തിന് പുരുഷ സെക്യൂരിറ്റികളെ നിയമിക്കാനും അധികൃതർ തയാറായിട്ടില്ല. വനിത സെക്യൂരിറ്റികൾ ഉണ്ടെങ്കിലും ഇവരുടെ നിർദേശം പാലിക്കാൻ പുരുഷന്മാർ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.