ദുബൈ: ലോകമാമാങ്കത്തിലേക്ക് ഥാറോടിച്ച് കയറാൻ ലക്ഷ്യമിട്ട് യാത്രതുടങ്ങിയ മാഹിക്കാരി നാജി നൗഷി ദുബൈയിൽ. ബുർജ് ഖലീഫയുടെയും ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിന്‍റെയും മുന്നിലെത്തിയ നാജി 'തന്‍റെ ലക്ഷ്യം നേടി'യതായി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെള്ളിയാഴ്ച അബൂദബിയിലെത്തിയ നാജി ശനിയാഴ്ച രാവിലെ ഖത്തറിലേക്ക് തിരിക്കും. ബഹ്റൈൻ, കുവൈത്ത്, സൗദി വഴിയാണ് ഖത്തർയാത്ര പ്ലാൻചെയ്തിരിക്കുന്നത്.
അഞ്ചു മക്കളുടെ അമ്മയും ട്രാവൽ വ്ലോഗറുമായ നാജി ഒക്ടോബർ 15നാണ് മാഹിയിൽനിന്ന് യാത്ര തിരിച്ചത്. 'ഓൾ' എന്ന് പേരിട്ടിരിക്കുന്ന ഥാറിൽ മുംബൈ വരെ എത്തിയശേഷം വാഹനം കപ്പൽമാർഗം ഒമാനിൽ എത്തിക്കുകയായിരുന്നു. ഇത് കനത്ത വെല്ലുവിളിയായിരുന്നുവെന്ന് നാജി പറഞ്ഞു.
ഥാര്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പല ഷിപ്പിങ് കമ്പനികളും പറഞ്ഞു. ഇന്ത്യയിലെ ഒമാന്‍ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലിനെ കണ്ടാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതെന്നും നാജി പറഞ്ഞു. ബുധനാഴ്ചയാണ് അതിർത്തികടന്ന് ദുബൈയിൽ എത്തിയത്. അർജന്‍റീന ഫാനായ നാജി തന്‍റെ ഇഷ്ടടീമിന്‍റെ പരാജയത്തിൽ ദുഃഖിതയാണെങ്കിലും തിരിച്ചുവരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അത്യാവശ്യം പാചകസൗകര്യമെല്ലാമുള്ള എസ്.യു.വിയിലാണ് നാജിയുടെ യാത്ര. സ്റ്റൗവും ഗ്യാസ് സിലിണ്ടറുമെല്ലാം ഇതിലുണ്ട്. മുമ്പ് ഇന്ത്യ മുഴുവനും നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാമ്പിലും ഇവർ യാത്രചെയ്തിട്ടുണ്ട്. ഏഴുവര്‍ഷമായി ഒമാനിലെ ഹോട്ടൽ മേഖലയില്‍ സജീവമാണ് ഈ 34കാരി. ലോകകപ്പ് മാത്രമല്ല, ബുർജ് ഖലീഫക്ക് മുന്നിലൊരു ഫോട്ടോ കൂടി ലക്ഷ്യമിട്ടായിരുന്നു യാത്ര. ഇത് യാഥാർഥ്യമായതിന്‍റെ ചാരിതാർഥ്യത്തിലാണ് മറ്റു ജി.സി.സിയിലേക്ക് ഡ്രൈവ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.