തിരുവനന്തപുരം: കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ദേശീയ അംഗീകാരം. ഒഡിഷയിലെ കൊണാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡിലാണ് കേരളം ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്. 2017ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പതിനൊന്നാമത്തെ അവാര്‍ഡാണിത്.
ഡബ്ല്യു.ടി.എം ഗോള്‍ഡ്, ഗ്രാന്‍റ്, ഹൈലി കമന്‍റഡ്, പാറ്റാ ഗോള്‍ഡ് ഉള്‍പ്പെടെ അഞ്ച് അന്തര്‍ദേശീയ അവാര്‍ഡുകളും ആറ് ദേശീയ പുരസ്കാരങ്ങളും മിഷന്‍ രൂപീകരിച്ച് നാല് വര്‍ഷത്തിനുള്ളില്‍ കേരളം നേടി. ഇതില്‍ സംസ്ഥാന മിഷന്‍ കോഓഡിനേറ്റര്‍ക്ക് ലഭിച്ച വേള്‍ഡ് സസ്‌റ്റൈനബിള്‍ ടൂറിസം അവാര്‍ഡും ഡബ്ല്യു.ടി.എം ഔട്ട് സ്റ്റാൻഡിങ് അച്ചീവ്‌മെന്‍റ് അവാര്‍ഡും ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ലീഡര്‍ അവാര്‍ഡും ഉള്‍പ്പെടുന്നു.
2017ല്‍ മിഷനായി മാറിയതോടെ ഒരു ലക്ഷത്തിലധികം കുടുംബങ്ങളാണ് ഉത്തരവാദിത്ത ടൂറിസം ഗുണഭോക്താക്കളായി മാറിയത്. ആകെ യൂനിറ്റുകള്‍ 20,019 ആയി. ഇതില്‍ 85 ശതമാനവും വനിതകള്‍ നയിക്കുന്ന യൂനിറ്റുകളാണ്. 38 കോടി രൂപയുടെ വരുമാനം തദ്ദേശീയ യൂനിറ്റുകള്‍ക്ക് നേടാനായി.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ മധ്യപ്രദേശില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാൻ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഈ അവാര്‍ഡ് സംസ്ഥാന സര്‍ക്കാറിന്‍റെ ജനകീയ ടൂറിസം നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.