മലപ്പുറം: പൊന്നാനി, നിലമ്പൂർ കേന്ദ്രീകരിച്ച് ഉത്തരവാദിത്ത ടൂറിസത്തിന് പ്രഥമ പരിഗണന നൽകുമെന്ന് പുതുതായി ചുമതലയേറ്റ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻ ചന്ദ്ര.
കാരവൻ ടൂറിസം ജില്ലയിൽ നടപ്പാക്കുന്നത് സംബന്ധിച്ചും ചർച്ച നടക്കുന്നുണ്ട്. നിലമ്പൂരിെൻറ സാധ്യത മനസ്സിലാക്കി മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
സാധാരണക്കാരെ ഉൾപ്പെടുത്തി വിനോദ കേന്ദ്രങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുകയെന്നതാണ് ഇപ്പോൾ പരിഗണനയിലുള്ള വിഷയം. ഇത്തരം കേന്ദ്രങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കും. ദേശീയതലത്തിൽ സ്വകാര്യമേലഖയിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സഹായത്തോടെ ജില്ലയിലെ കേന്ദ്രങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. അന്താരാഷ്ട്ര ടൂർ ഒാപറേറ്റർമാരെയും ഇതിനായി പരിഗണിക്കും.
പൊന്നാനി, ബിയ്യം കായൽ പദ്ധതി വിവിധ ഘട്ടങ്ങളിലായി പൂർത്തീകരിക്കും. പ്രവൃത്തി ആരംഭിച്ച് വർഷങ്ങളായ മറൈൻ മ്യൂസിയത്തിെൻറ നിർമാണം ഉടൻ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കും. നിലവിൽ ജില്ലയിലെ വിനോദ കേന്ദ്രങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
ഇത് പരിഹരിക്കും. കോട്ടക്കുന്നിെല ലേസർഷോ പുനരാരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുെട ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുമായി ബന്ധപ്പെട്ട് അതത് സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.