റാന്നി: സംരക്ഷണം ഇല്ലാതായതോടെ കാടുകയറി വെളിച്ചമില്ലാതായി പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിലെ സൗരോര്‍ജ വിളക്കുകള്‍. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം സ്ഥാപിച്ച സൗരോര്‍ജ വിളക്കുകളാണ് കാടുകയറി നശിക്കുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടിലും അമിനിറ്റി സെന്ററിന്റെ മുറ്റത്തും പാര്‍ക്കിലും വെള്ളച്ചാട്ടത്തിനു സമീപത്തുമായി എട്ടോളം സൗരോര്‍ജ വിളക്കുകളാണ് സ്ഥാപിച്ചത്. അടുത്തകാലംവരെ എല്ലാ വിളക്കുകളും രാത്രി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു.
ഇപ്പോള്‍ ഇതില്‍ ചിലത് തെളിയാതെയായി. കൃത്യമായ പരിചരണം ഇല്ലാതായതോടെയാണ് ഇവ പ്രകാശം ചൊരിയാതെയായത്. ഇതില്‍ മൂന്നെണ്ണം പൂർണമായും കാടിനുള്ളിലായി. അരുവിയുടെ താഴെ കോണിപ്പാറയുടെ സമീപം വെള്ളച്ചാട്ടത്തിന് താഴേക്കിറങ്ങാന്‍ സ്ഥാപിച്ച റാമ്പുകളുടെ സമീപത്തെ രണ്ട് വിളക്കുകള്‍ പൂർണമായും കാടിനുള്ളിലായി.
സ്ഥാപിച്ച സമയം കാടില്ലായിരുന്നെങ്കിലും ഇപ്പോള്‍ മുള്‍ച്ചെടി വളര്‍ന്ന് വിളക്കുകാലിന് മുകളിലെത്തി. സൗരോര്‍ജ പാനലുകള്‍ കാടുമൂടിപ്പോയാല് ബാറ്ററി ചാര്‍ജാവാതെ വരും. ഇതോടെ വിളക്ക് മിഴിയടക്കുകയും ചെയ്യും. ഇതു സ്ഥാപിച്ചപ്പോഴേ പരാതി ഉയര്‍ന്നിരുന്നെങ്കിലും വെള്ളപ്പൊക്കത്തെ അതിജീവിക്കാനാണ് ഉള്ളിലേക്ക് മാറ്റിയതെന്നാണ് അന്ന് പറഞ്ഞത്. കാടുകയറിയതോടെ ഫലത്തില്‍ വെളിച്ചമില്ലാതെ സ്ഥലം ഉരുളിലാവുകയും ചെയ്തു. പ്രദേശത്തെ കാടുകള്‍ അടിയന്തരമായി വെട്ടി സ്ഥലം വൃത്തിയാക്കി വിളക്കുകള്‍ സംരക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.