ഷിംലയും മണാലിയും സന്ദർശിക്കാൻ ഇനി ആർ.ടി.പി.സി.ആർ പരിശോധന വേണ്ട

ഷിംല: ഇതര സംസ്​ഥാനങ്ങളിൽനിന്ന്​ ഹിമാചൽ പ്രദേശിൽ പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ പരിശോധന ഫലം ആവശ്യമില്ലെന്ന് മന്ത്രിസഭ. കടകളുടെ സമയം വർധിപ്പിക്കാനും തീരുമാനിച്ചു. രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം അഞ്ച്​ വരെ കടകൾ തുറക്കാം. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ കടകൾ അടച്ചിടും.

കൂടാതെ 50 ശതമാനം യാത്രക്കാരുമായി അന്തർസംസ്​ഥാന പൊതുഗതാഗതവും അനുവദിക്കും. ഇത് നാട്ടുകാരുടെയും സഞ്ചാരികളുടെയും യാത്ര സുഗമമാക്കുമെന്നാണ്​ പ്രതീക്ഷ​. അതേസമയം, കൊറോണ കർഫ്യൂ വൈകുന്നേരം അഞ്ച്​ മുതൽ പുലർച്ചെ അഞ്ച്​ വരെ തുടരും.

സംസ്ഥാനത്ത് സുരക്ഷിതമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി വിനോദ സഞ്ചാരികൾ കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹോട്ടലുകളോട് സർക്കാർ ആവശ്യപ്പെട്ടു. ടൂറിസം വകുപ്പും ആഭ്യന്തര മന്ത്രാലയവും പുറപ്പെടുവിച്ച ശുചിത്വ മാർഗനിർദേശങ്ങൾ ഹോട്ടലുകൾ പാലിക്കണം.

ഹോട്ടൽ പരിസരത്തുള്ള ജിമ്മുകളും ഓഡിറ്റോറിയങ്ങളും നീന്തൽക്കുളങ്ങളും തുറക്കാൻ പാടില്ല. പുതിയ ഉത്തരവ്​ പ്രകാരം സഞ്ചാരികൾക്ക്​ ഇനി ജനപ്രിയ ഡെസ്​റ്റിനേഷനുകളായ ഷിംല, മണാലി, സ്​പിതി വാലി പോലുള്ള സ്​ഥലങ്ങളിലേക്ക്​ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഇല്ലാതെ തന്നെ യാത്ര ചെയ്യാനാകും.

അതേസമയം, മണാലി വഴി​ ലഡാക്കിലേക്ക്​ പോകാൻ ഉദ്ദേശിക്കുന്നവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്​. 96 മണിക്കൂറിനുള്ളിൽ എടുത്ത ഫലമാണ്​ വേണ്ടത്​. അതിന്​ പുറമെ അതിർത്തിയിൽ ആൻറിജൻ പരിശോധനയും ഉണ്ടാകും. 

Tags:    
News Summary - No more RTPCR inspection to visit Shimla and Manali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.