കോവിഡിന് മുമ്പ് ഇന്ത്യൻ സഞ്ചാരികളടക്കം സ്ഥിരമായി യാത്ര ചെയ്തിരുന്ന നാടായിരുന്ന ഇന്തോനേഷ്യയിലെ ബാലി. എന്നാൽ, കോവിഡ് വന്നതോടെ ബാലി പൂർണമായും അടച്ചിടുകയും സഞ്ചാരികൾക്ക് വിലക്കപ്പെട്ട കനിയുമായി. ഏറെ മാസങ്ങൾക്കുശേഷം 2022 ഫെബ്രുവരിയിലാണ് ഈ മരതക ദ്വീപ് അന്താരാഷ്ട്ര യാത്രക്കാർക്കായി അതിർത്തികൾ വീണ്ടും തുറന്നത്. പക്ഷെ, അപ്പോഴും ക്വാറന്റീൻ വേണമെന്ന നിബന്ധന സഞ്ചാരികളെ പിന്നോട്ടടിപ്പിച്ചു.
ഇന്തോനേഷ്യൻ സർക്കാർ ഇപ്പോൾ ക്വാറന്റീൻ ആവശ്യകത ഒഴിവാക്കാനും അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി വിസ-ഓൺ-അറൈവൽ സംവിധാനം ആരംഭിക്കാനും പദ്ധതിയിടുകയാണ്. ഇതിന്റെ ഭാഗമായി ചില നിബന്ധനകളോടെ പരീക്ഷണാടിസ്ഥാനത്തിൽ സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ തീരുമാനം. നിർബന്ധിത മൂന്ന് ദിവസത്തെ ക്വാറന്റീൻ നീക്കാനും വിസ-ഓൺ-അറൈവൽ സംവിധാനം തിരികെ കൊണ്ടുവരാനും രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരും അനുകൂലമാണ്.
നിലവിൽ, യൂറോപ്പിൽ നിന്നടക്കമുള്ള നിരവധി യാത്രക്കാർ ബാലിയിലെ ചെലവേറിയ ക്വാറന്റീൻ വ്യവസ്ഥകൾ കാരണം ഇവിടേക്ക് വരുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്. ക്വാറന്റീൻ ഒഴിവാക്കുന്നതോടെ ഇതിന് മാറ്റം വരുമെന്നാണ് പ്രതീക്ഷ.
മാർച്ച് 14ന് മുമ്പ് തന്നെ പുതിയ പരിഷ്കാരം തുടങ്ങുമെന്ന് മാരിടൈം ആൻഡ് ഇൻവെസ്റ്റ്‌മെന്റ് അഫയേഴ്‌സ് കോഓഡിനേറ്റിംഗ് മന്ത്രി ലുഹുത് ബിൻസർ പഞ്ചൈതൻ പറഞ്ഞു. പക്ഷെ, ചില നിബന്ധനകൾ സഞ്ചാരികൾ പാലിക്കണം.
1. വിദേശ യാത്രക്കാർ കുറഞ്ഞത് നാല് ദിവസത്തേക്കെങ്കിലും ഹോട്ടൽ ബുക്ക് ചെയ്തതിന്റെ തെളിവ് നൽകണം.
2. ബാലിയിലേക്ക് വരുന്ന യാത്രക്കാർ പൂർണമായും വാക്സിനേഷൻ എടുത്തിരിക്കണം. അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണം.
3. പ്രവേശന സമയത്ത് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. തുടർന്ന് യാത്രക്കാർ അവരുടെ ഫലത്തിനായി ഹോട്ടലിൽ കാത്തിരിക്കണം. ഫലം നെഗറ്റീവായാൽ പുറത്തിറങ്ങാം.
4. ബാലിയിൽ എത്തി മൂന്നാം ദിവസം ഹോട്ടലുകളിൽ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധന നടത്തണം.
ഇന്തോനേഷ്യയിലെ മറ്റു പ്രവിശ്യകളേക്കാളും രണ്ട് ഡോസ് വാക്സിനേഷൻ നിരക്ക് ബാലിയിൽ കൂടുതലാണ്. ഇതിനാലാണ് പരീക്ഷണത്തിനായി ബാലിയെ തിരഞ്ഞെടുത്തത്. പരീക്ഷണം വിജയകരമാണെങ്കിൽ, ഏപ്രിൽ ഒന്നോടെ രാജ്യത്തുടനീളം ക്വാറന്റൈൻ രഹിത യാത്രാനയം നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.