വൈത്തിരി: ജില്ലയിലെ പ്രമുഖ ട്രക്കിങ് വിനോദമേഖലയായ ചെമ്പ്ര പീക്കിൽ സഞ്ചാരികൾക്ക് പ്രവേശന ടിക്കറ്റ് കിട്ടുന്നില്ലെന്ന് വ്യാപക പരാതി. അതിരാവിലെ അഞ്ചരമണിക്ക് എത്തുന്നവർപോലും ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങേണ്ടിവരുന്നു.
എത്രനേരത്തേ എത്തിയാലും ടിക്കറ്റ് തീർന്നുവെന്ന പല്ലവി മാത്രമാണ് കേൾക്കുന്നത് എന്നാണ് ആരോപണം. കേന്ദ്രത്തിലെ ജീവനക്കാർ ടിക്കറ്റ് മറിച്ചുനൽകുന്നതായാണ് സഞ്ചാരികൾ ആരോപിക്കുന്നത്.
മാസങ്ങളായി അടച്ചിട്ടിരുന്ന ചെമ്പ്ര പീക്ക് ഹൈകോടതി ഉത്തരവിനെ തുടർന്ന് ഏതാനും മാസങ്ങൾക്കുമുമ്പാണ് പ്രവർത്തനം പുനരാരംഭിച്ചത്. കോടതി ഉത്തരവിനെ തുടന്ന് ഒരുദിവസം പരമാവധി 200 പേർക്കാണ് പ്രവേശനം. രാവിലെ ഏഴു മുതലാണ് ട്രക്കിങ് തുടങ്ങുക. വാരാന്ത്യദിവസങ്ങളിൽ പുലർച്ചെ നാല് മണിക്ക് പോലും സഞ്ചാരികളെത്തി ടിക്കറ്റിന് ക്യൂ നിൽക്കാറുണ്ട്.
എന്നാൽ, പലദിവസങ്ങളിലും പുറത്ത് തിരക്കില്ലെങ്കിലും പ്രവേശന ടിക്കറ്റ് കഴിഞ്ഞു എന്ന അറിയിപ്പിൽ പലരും മടങ്ങുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിച്ച് പുലർച്ചെ എത്തുന്നവരാണ് പലരും. ചെമ്പ്ര പീക്കിൽ എത്തുന്ന സഞ്ചാരികൾ ഒരാളായാലും പത്തുപേരുടെ ഒരു ഗ്രൂപ്പായാലും ഒരേ ചാർജാണ് ഈടാക്കുന്നത്. ഒരാളായാലും പത്താളായാലും ഒരു ഗൈഡിനെ കൂടെ അയക്കേണ്ടതുകൊണ്ടാണ് ഒരേ ചാർജ് വരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
വൈത്തിരി: നേരത്തെ വരുന്നവർക്കും ടിക്കറ്റ് ലഭ്യമാകാത്ത പരാതി ലഭിക്കുന്നുണ്ടെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു.
ഇത്തരം പരാതികൾ ഒഴിവാക്കുന്നതിനും ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിനും ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തുന്നത് ആലോചനയിലുണ്ടെന്നും അവർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.