പുനലൂർ: കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ആര്യങ്കാവ് പാലരുവിയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. മൂന്നുവർഷം മുമ്പ് 17 ലക്ഷം രൂപ അടങ്കലിൽ ജലവിഭവ വകുപ്പാണ് പ്രവൃത്തികൾ ഏറ്റെടുത്തത്. നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്തതിനാൽ കഴിഞ്ഞ സീസണുകളിൽ വിനോദ സഞ്ചാരികൾ ബുദ്ധിമുട്ടിയിരുന്നു.
വെള്ളച്ചാട്ടത്തിന് താഴെയുള്ള പാറക്കെട്ടിലെ ഗർത്തം അടച്ച് അപകടരഹിതമാക്കി. കോൺക്രീറ്റ് ചെയ്താണ് കുഴിയടച്ചത്. മൂന്നര അടിയോളം വെള്ളം കെട്ടിനിൽക്കത്തക്ക നിലയിലാണിത്. മുകളിൽനിന്ന് പതിക്കുന്നത് കൂടാതെ താഴെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ആളുകൾക്ക് കുളിക്കാൻ സാധിക്കും.
ഇതിന് ചുറ്റും സുരക്ഷവേലി കൂടി സ്ഥാപിക്കേണ്ടതുണ്ട്. താഴെനിന്ന് മണ്ഡപത്തിലേക്കും അരുവിയിലേക്കും പോകുന്ന ഭാഗത്ത് പടവുകൾ നിർമിച്ച് സുരക്ഷിതമാക്കി. എന്നാൽ കുട്ടികളുടെയും സ്ത്രീകളുടെയും കുളിക്കടവിൽ അപകടം ഒഴിവാക്കാൻ നടപടിയെടുത്തിട്ടില്ല.
ഇത്തവണ ഇടക്ക് വേനൽ മഴ ലഭിച്ചതിനാൽ അരുവി കൂടുതൽ ദിവസം അടച്ചിടേണ്ടിവന്നില്ല. രണ്ടുദിവസം മാത്രമാണ് അടച്ചിട്ടത്. ഇപ്പോൾ ആവശ്യത്തിന് വെള്ളമുള്ളതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണവും കൂടി. അവധിക്കാലമായതിനാൽ നിരവധിയാളുകൾ കുടുംബസമേതം ഇവിടെയെത്തുന്നുണ്ട്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ 70,000 രൂപ വരെ ടിക്കറ്റ് വരുമാനം ഉണ്ടായിരുന്നു.
പുനലൂർ: പാലരുവി വിനോദസഞ്ചാരകേന്ദ്രത്തിൽ ടിക്കറ്റ്, വാഹനപാർക്കിങ് നിരക്ക് വർധിപ്പിച്ചു. 25 ശതമാനം വരെയാണ് കൂട്ടിയത്. ടിക്കറ്റ് കൗണ്ടറിൽനിന്ന് നാലുകിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടത്തിലേക്ക് പാലരുവി ഇക്കോ ടൂറിസത്തിന്റെ ബസിലാണ് ആളുകളെ കൊണ്ടുപോയി തിരികെ എത്തിക്കുന്നത്.
ടിക്കറ്റ് നിരക്ക്: മുതിർന്നവർ- 70 രൂപ, കുട്ടികൾ- 30, വിദ്യാർഥികൾ- 35, വിദേശികൾ- 200, ബസ്- 200, മിനിബസ്/ വാൻ- 150, ബൈക്ക്/ഓട്ടോ- 25, കാർ/ ജീപ്പ്- 60.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.