കണ്ണൂർ: ഒറ്റച്ചക്ര സൈക്കിളിൽ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സനീദ്. ഇരുവശത്തും ഇരുചക്ര സൈക്കിളിൽ സിദ്ദീഖും റസലുമുണ്ട്. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയാണ് സാഹസികയാത്ര. സെപ്റ്റംബർ 23ന് കാസർകോട്ടുനിന്ന് തുടങ്ങിയ യാത്ര രണ്ടുദിവസമായി കണ്ണൂർ ജില്ലയിലുണ്ട്.
‘ഇക്കാലത്ത് ഏറ്റവും കൂടുതൽ വാർത്തയാവുന്നത് ലഹരിവിൽപനയും ലഹരി ഉപയോഗവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമാണ്. ഇത്തരം എല്ലാ ദുഷ്പ്രവണതകളിൽനിന്നും യുവജനങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം’ -സനീദ് പറയുന്നു.
സിവിൽ എൻജിനീയറിങ് ഡിപ്ലോമയും ഇന്റീരിയർ ഡിസൈനിങും പഠിച്ച സനീദ് എട്ടു വർഷമായി സൈക്കിൾ സ്റ്റണ്ട് ചെയ്യാറുണ്ട്. സൈക്കിൾ സ്റ്റണ്ടിങ് കായിക ഇനമായി പരിഗണിക്കുന്നില്ലെന്നും വേണ്ടത്ര പ്രോത്സാഹനം നൽകുന്നില്ലെന്നുമുള്ള പരാതിയും സനീദിനുണ്ട്. അതിന് വേണ്ട ബോധവത്കരണം കൂടിയാണ് യത്രയുടെ ലക്ഷ്യം. രണ്ടു വർഷമായി മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമാണ് ഈ യാത്ര. ഒരുമാസമെടുത്ത് തിരുവനന്തപുരത്ത് എത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.
പകൽ മുഴുവനും യാത്ര ചെയ്യുകയും വൈകീട്ട് എത്തുന്ന സ്ഥലങ്ങളിൽ ടെന്റ് അടിച്ച് താമസിക്കുകയുമാണ് ചെയ്യുന്നത്. മിക്കവാറും പെട്രോൾ പമ്പുകളിലും മറ്റുമാണ് ടെന്റ് അടിക്കുന്നത്. ശ്രീകണ്ഠപുരം സ്വദേശിയാണ് സനീദ്. ഒപ്പം യാത്ര ചെയ്യുന്ന ഇരിട്ടി ഉളിക്കൽ സ്വദേശിയായ റസലിനെ സനീദ് രണ്ടുവർഷമായി സൈക്കിൾ സ്റ്റണ്ടിങ് പഠിപ്പിക്കുന്നുണ്ട്.
ആലക്കോട് സ്വദേശിയായ സിദ്ദീഖ് വെൽഡിങ് തൊഴിലാളിയാണ്. കഴിഞ്ഞദിവസം തലശ്ശേരിയിലെത്തിയ യാത്ര ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.