മട്ടാഞ്ചേരി: കൊടും ചൂടിൽ ടൂറിസം മേഖല വരളുമ്പോൾ ചെറുതോതിലെങ്കിലും ആശ്വാസമാവാൻ, ആഡംബര കപ്പലിലെത്തുന്ന വിദേശ സഞ്ചാരികൾ.
കൊച്ചി തീരത്ത് നങ്കൂരമിടുന്ന കപ്പലുകളിലെത്തുന്ന സഞ്ചാരികളാണ് കൊച്ചിയുടെ സൗന്ദര്യം ആസ്വദിക്കാനിറങ്ങുന്നത്. ടൂറിസം മേഖലയിലെ ചെറുകിട കച്ചവടക്കാർക്കടക്കം ചെറിയ തോതിലെങ്കിലും ആശ്വാസം പകരുകയാണിവർ. ചൂട് കനത്തതോടെ വിദേശികളായ സഞ്ചാരികൾ പൊതുവെ കുറഞ്ഞപ്പോഴാണ് ആഡംബര കപ്പലുകളിൽ വിദേശ സഞ്ചാരികൾ ക്രൂയിസ് ടൂറിസത്തിന്റെ ഭാഗമായി എത്തുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കപ്പലുകൾ എത്തുന്ന തുറമുഖം കൊച്ചിയാണ്. കപ്പലുകളെയും ഇതിലെ സഞ്ചാരികളെയും വരവേൽക്കാൻ വിപുലമായ സംവിധാനങ്ങളാണ് തുറമുഖത്ത് ഒരുക്കിയത്. ഈ സാമ്പത്തിക വർഷം അമ്പതോളം കപ്പലുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലിയ കപ്പലുകളിൽ മൂവായിരത്തിലേറെ സഞ്ചാരികൾ എത്താറുണ്ട്. കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവക്ക് ഓട്ടം ലഭിക്കുന്നുണ്ട്. അതൊടൊപ്പം വഴിയോര കച്ചവടക്കാർക്കടക്കം ചെറിയ തോതിലെങ്കിലും ആശ്വാസകച്ചവടവും ലഭിക്കുന്നുണ്ട്. കപ്പലിലെത്തുന്ന സഞ്ചാരികൾ കൊച്ചി മാത്രമല്ല ആലപ്പുഴ, കുമരകം മേഖലകളിലും പോകാറുണ്ട്. കടുത്ത ചൂട് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കുമ്പോഴാണ് കപ്പലിലെത്തുന്ന വിദേശ സഞ്ചാരികൾ ആശ്വാസമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.