മസ്കത്ത്: ജബൽ ശംസിലെ അപൂർവ മഞ്ഞുവീഴ്ച വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. ജബൽ ശംസിലെ ഐസ് നിറഞ്ഞ മലനിരകളും മരങ്ങളും മറ്റുമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയത്. സമുദ്രനിരപ്പിൽനിന്ന് 3000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജബൽ ശംസിൽ മഞ്ഞുവീഴ്ചയും ഐസ് കട്ടപിടിക്കലും അസാധാരണമല്ല. എല്ലാ വർഷവും തണുപ്പുകാലത്ത് മൈനസ് ഡിഗ്രി തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെടാറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കൂടുതലാണെന്ന് പരിസരവാസികളും സന്ദർശകരും പറയുന്നു.
ജബൽ ശംസിന്റെ ഏഴു കിലോമീറ്റർ ചുറ്റളവിൽ മുഴുവൻ െഎസ് ചിതറിക്കിടക്കുകയാണ്. ഇവിടെ കാണപ്പെടുന്ന ജൂപിറ്റർ മരങ്ങൾ മഞ്ഞിൽ പുതഞ്ഞുനിൽക്കുന്ന കാഴ്ചയും മനോഹരമാണ്.
എന്നാൽ, ജബൽ ശംസ് സന്ദർശിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം.
പൂർണ ആരോഗ്യവാന്മാർ മാത്രമേ ജബൽ ശംസിൽ പോകാവൂ. ചൂടുവസ്ത്രങ്ങൾ ധരിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജബൽ ശംസിലെ ദിശ, സ്ഥലനാമ ബോർഡുകൾ എന്നിവയിൽ പലതും ഐസ് മൂടിയതിനാൽ കാണാൻ കഴിയില്ല. അതിനാൽ ഗൈഡിന്റെ സഹായം തേടുന്നത് നല്ലതാണ്.
വാഹനങ്ങൾക്കിടയിൽ അകലം പാലിക്കണമെന്നും റോഡിൽ ചളി കെട്ടിക്കിടക്കുന്നതിനാൽ വഴുതാനും വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കടുത്ത മൂടൽമഞ്ഞ് കാരണം ജബൽ ശംസിന് മുകളിൽ എട്ടു കിലോമീറ്റർ നടക്കാൻ നാലു മണിക്കൂറെങ്കിലും ആവശ്യമായിവരും. ഈ വർഷം അനുഭവപ്പെടുന്ന കടുത്ത മഞ്ഞും മനോഹര കാഴ്ചകളും ഏതാനും ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.