വിദേശയാത്രികർക്കായി വീണ്ടും വാതിൽ തുറന്ന് ശ്രീലങ്കയും തായ്‌ലാൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഫുക്കറ്റും. അതേസമയം, രണ്ടിടങ്ങളിലും ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല.
ജൂൺ ഒന്ന് മുതലാണ് ശ്രീലങ്ക വിദേശ യാത്രക്കാരെ അനുവദിക്കുക. എന്നാൽ, ഇവിടേക്ക് വരുന്നതിന്‍റെ മുമ്പുള്ള 14 ദിവസത്തിനിടെ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് പ്രവേശനം നിഷേധിക്കുക.
ശ്രീലങ്കൻ അധികൃതർ പുറത്തിറക്കിയ നിർദേശമനുസരിച്ച് വിമാനങ്ങളിൽ പരമാവധി 75 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കൂടാതെ എല്ലാ യാത്രക്കാർക്കും 14 ദിവസത്തേക്ക് ക്വാറൈന്റൻ നിർബന്ധമാണ്.
രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാർ, കപ്പൽ യാത്രക്കാർ, ബിസിനസുകാർ, നിക്ഷേപകർ തുടങ്ങിയവർ എൻട്രി വിസക്കൊപ്പം വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. കൂടാതെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. ശ്രീലങ്കയിലെത്തിയാൽ സ്വന്തം ചെലവിലാണ് ക്വാറൈന്റനിൽ കഴിയേണ്ടത്.
രണ്ട് ഡോസ് വാക്സിനും എടുത്തവർക്കാണ് തായ്‌ലാൻഡിലെ ഫുക്കറ്റിലേക്ക് പ്രവേശനമുള്ളത്. എന്നാൽ, ഇന്ത്യയിൽനിന്നുള്ളവരെ അനുവദിക്കുകയില്ല.
വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതേസമയം, ഫുക്കറ്റിൽ ഏഴ് രാത്രിയെങ്കിലും താമസിക്കുകയാണെങ്കിൽ ക്വാറൈന്റൻ ആവശ്യമില്ല. രാജ്യത്തെ ടൂറിസം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി 2021 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. കൂടാതെ തായ്‌ലാൻഡിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിന് പിന്നാലെ തുറക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.