ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ താജ് മഹലും ആഗ്ര കോട്ടയും 21ന് തുറക്കും. അതേസമയം, സന്ദർശകരുടെ എണ്ണം നിയന്ത്രിക്കും. ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ആഗ്ര നഗരത്തിൽ ഇന്ന് 83 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്രം പുറപ്പെടുവിച്ച എല്ലാ മാർഗനിർദേശങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിച്ചുകൊണ്ട് വേണം ഇരു കേന്ദ്രങ്ങളിലും സന്ദർശനം നടത്താൻ. പ്രവേശന ടിക്കറ്റുകൾ ഓൺലൈനിലൂടെ വേണം എടുക്കാൻ. ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല.
ഒരു ദിവസം 5000 സഞ്ചാരികൾക്ക് മാത്രമാണ് പ്രവേശനം നൽകുക. ആഗ്ര കോട്ടയിൽ 2500 പേർക്കാണ് ദിവസം പ്രവേശനം.
പ്രതിവർഷം 70 ലക്ഷം പേരാണ് താജ് മഹലിൽ സന്ദർശനത്തിനെത്താറ്. 30 ലക്ഷം പേർ ആഗ്ര കോട്ടയിലും സന്ദർശിക്കാറുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരുന്നു. നാലാംഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.