ബാങ്കോക്ക്: കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി, എല്ലാ യാത്രക്കാർക്കും നിർബന്ധമാക്കിയ ക്വാറൻറീനിൽ ഇളവ് വരുത്താൻ തായ്‌ലൻഡ് സർക്കാർ തയ്യാറാകുന്നതായി റിപ്പോർട്ട്. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളിൽ നിന്നോ, തായ്‌ലാൻഡിന് സമീപത്തുള്ള രാജ്യങ്ങളിൽ നിന്നോ വരുന്ന യാത്രക്കാരുടെ ക്വാറൻറീനിെൻറ ദൈർഘ്യം 14 ദിവസത്തിൽ നിന്നും 10 ദിവസങ്ങളായി കുറക്കാൻ നിർദ്ദേശം ലഭിച്ചതായി തായ്ലാൻഡിലെ ഡിസീസ് കൺട്രോൾ ഡിപാർട്ട്മെൻറിെൻറ ഡയറക്ടർ ജനറൽ ഒപാസ്കൻ കാവിങ്പൊങ് അറിയിച്ചിട്ടുണ്ട്.
നിലവിലെ നിയമപ്രകാരം, എല്ലാ യാത്രക്കാരും അവരുടെ ഫ്ലൈറ്റിന് മുമ്പ് ബുക്ക് ചെയ്ത ആൾട്ടർനേറ്റ് സ്റ്റേറ്റ് ക്വാറൻറീനിൽ (ASQ) നിർബന്ധിത ക്വാറൻറീന് വിധേയമായിരിക്കണം. പത്ത് ദിവസങ്ങർക്കുള്ളിൽ തന്നെ പലപ്പോഴും അണുബാധ കാണപ്പെടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഒപാസ്കൻ വാദിച്ചു. 10 ദിവസവും 14 ദിവസവും ക്വാറൻറീനിൽ കഴിയുന്നത് ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്വയം നിരീക്ഷണം പൂർത്തിയായാൽ സുരക്ഷാ മാനദണ്ഡങ്ങളിൽ ഒന്നിനും വിട്ടുവീഴ്ച്ചകൾ പാടില്ല. മാസ്ക് ധരിക്കലും ഇടക്കിടെയുള്ള കൈ കഴുകലും അകലം പാലിക്കലും യാത്രക്കാർ പാലിച്ചിരിക്കണം.
ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് വിനോദസഞ്ചാരികൾക്കായി രാജ്യം വീണ്ടും തുറക്കുന്നത് സാധ്യമാക്കുന്ന തരത്തിൽ COVID-19 പിടിച്ചുകെട്ടാൻ തായ്‌ലാൻഡിന് ഇപ്പോൾ കഴിഞ്ഞതായി ആരോഗ്യ മന്ത്രിയും അറിയിച്ചിട്ടുണ്ട്. നിലവിൽ തായ്ലാൻഡ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് 60 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസക്കും 90 ദിവസത്തേക്കുള്ള സ്പെഷ്യൽ ടൂറിസ്റ്റ് വിസക്കും അപേക്ഷിക്കാവുന്നതാണ്.
തായ്ലാൻഡിലേക്ക് പോകുന്ന വിദേശ സഞ്ചാരികൾ കോവിഡിെൻറ പശ്ചാത്തലത്തിൽ ഇനി ഡിജിറ്റൽ വ്റിസ്റ്റ് ബാൻഡ് അണിയണമെന്ന് മുമ്പ് സർക്കാർ അറിയിപ്പ് നൽകിയിരുന്നു. അധികൃതർക്ക് ഒാരോ സഞ്ചാരിയുടെയും ആരോഗ്യവിവരങ്ങൾ തത്സമയം മനസ്സിലാക്കാൻ വേണ്ടിയാണ് പുതിയ തീരുമാനം. പ്രധാനമായും താപനിലയാണ് ഇതുവഴി അറിയാൻ കഴിയുക. കൂടാതെ, വഴികൾ കണ്ടെത്താനും സഹായിക്കും.
നിവലിൽ തായ്ലാൻഡിലേക്ക് വരുന്ന സഞ്ചാരികൾക്ക് കേവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ നിർബന്ധമാണ്. ഇതിന് പുറമെയാണ് സ്മാർട്ട് ബാൻഡ് കൂടി സർക്കാർ നിർബന്ധമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.