ബീച്ചുകൾക്ക് പ്രസിദ്ധമാണ് പസഫിക് സമുദ്രത്തിലുള്ള ഹവായ് ദ്വീപ സമൂഹം. അമേരിക്കയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ഇവിടെ മലമുകളിലുള്ള 'സ്റ്റൈയർവേ ടു ഹെവൻ' എന്ന വമ്പൻ നടപ്പാത ധാരാളം സഞ്ചാരികളെയാണ് ആകർഷിച്ചിരുന്നത്. എന്നാൽ, സ്വർഗത്തിലേക്കുള്ള ഈ പടികൾ അഴിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ഈ പടികൾ കയറാൻ 1987 മുതൽ പൊതുജനങ്ങൾക്ക് വിലക്കുണ്ട്. എന്നാലും ധാരാളം പേരാണ് ഇവിടേക്ക് അതിക്രമിച്ച് കടക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴിവെച്ചു. ഒടുവിൽ മനസ്സില്ലാ മനസ്സോടെ തങ്ങളുടെ നാടിന്‍റെ പ്രതീകമായ ഈ പടികൾ ഊരിമാറ്റാൻ ഒരുങ്ങുകയാണ് അധികൃതർ.
1942ൽ യു.എസ് നാവികസേനയാണ് ഈ പടികൾ നിർമിച്ചത്. ജപ്പാനിലെ പേൾ ഹാർബർ ആക്രമണത്തിന് മാസങ്ങൾക്ക് ശേഷം യു.എസ് കപ്പലുകൾക്കും അന്തർവാഹിനികൾക്കും സന്ദേശങ്ങൾ കൈമാറാൻ മലമുകളിൽ ഒരു റേഡിയോ ടവർ ഒരുക്കാനാണ് ഇത് നിർമിച്ചത്. ഓഹുവിന്‍റെ കിഴക്ക് ഭാഗത്തുള്ള കാനോഹെ മലയിൽ സ്ഥിതി ചെയ്യുന്ന ഈ നടപ്പാതയിൽ 3922 പടികളാണുള്ളത്.
wഇതിന് സമീപത്തെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിലൂടെയാണ് ആളുകൾ ഇവിടേക്ക് കയറുന്നത്. ഇത് പ്രദേശവാസികൾക്കും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ഹോണോലുലു സിറ്റി കൗൺസിൽ ഈ പടികൾ നീക്കാൻ തീരുമാനിച്ചത്. കൂടാതെ, ഇവിട സുരക്ഷാ ചെലവുകൾ ഏർപ്പെടുത്താൻ വലിയ സാമ്പത്തിക ബാധ്യതയാണ് സർക്കാറിന് വരുന്നത്. 2003ൽ ഇതിന്‍റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
ഈ വർഷം ആദ്യം പടികൾ കയറുമ്പോൾ കാൽമുട്ടിന് പരിക്കേറ്റ 24 വയസ്സുകാരനെ എയർലിഫ്റ്റ് ചെയ്താണ് രക്ഷിച്ചത്. പടികളിലേക്ക് അതിക്രമിച്ച് കയറുന്നവർക്ക് നിലവിൽ 1000 ഡോളർ പിഴയുണ്ട്. ഇത് വകവെക്കാതെയാണ് ആളുകൾ ഇങ്ങോട്ടുവരുന്നത്.
അതേസമയം, പടികൾ പൂർണമായും നീക്കാതെ കുറച്ചുഭാഗങ്ങൾ നിലനിർത്താനും സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന് അടുത്തുള്ള കലോവ റാഞ്ചിലാണ് ജുറസിക് പാർക്ക്, ജുമാൻജി പോലുള്ള സിനിമകൾ ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.