ബേപ്പൂരിൽ യാത്ര ആരംഭിക്കുന്ന ആഡംബരക്കപ്പൽ

ബേപ്പൂരിൽ ആഡംബരക്കപ്പൽ യാത്ര ആരംഭിക്കുന്നു

ബേപ്പൂർ: ബേപ്പൂരിൽനിന്ന് ആഡംബരക്കപ്പൽ യാത്രക്ക് സൗകര്യമൊരുക്കാനുള്ള നീക്കം ആരംഭിച്ചു. കൊച്ചിയിൽ ലാഭകരമായി സർവിസ് നടത്തുന്ന ആഡംബരക്കപ്പലായ 'നെഫർടിറ്റി' മാതൃകയിൽ, ബേപ്പൂർ തുറമുഖത്തുനിന്ന് ഉൾക്കടലിലേക്കാണ് കപ്പൽ സഞ്ചാരത്തിന് തയാറെടുക്കുന്നത്.

ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സർക്കാറിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ബേപ്പൂരിൽനിന്നും പിന്നീട് കൊല്ലത്തുനിന്നും ആഡംബര യാത്രക്കപ്പൽ സർവിസ് തുടങ്ങും.

പഞ്ചനക്ഷത്ര ഹോട്ടൽ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉണ്ടാകും. കപ്പലിൽ സജ്ജീകരിക്കുന്ന വലിയ റസ്റ്റാറന്റിൽ വിവിധ ആഘോഷങ്ങൾക്കുള്ള പ്രത്യേകം സൗകര്യങ്ങളും ഒരുക്കും. 200 പേർക്ക്‌ യാത്ര ചെയ്യാം. രാവിലെ യാത്രതിരിച്ച്‌ രാത്രി തിരികെയെത്തുംവിധം ഒരു ദിവസത്തെ യാത്രയാണ്‌ ഒരുക്കുന്നത്‌.

കപ്പൽയാത്രയെ മറ്റ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്തും. കേരള മാരിടൈം ബോർഡിന്റെയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷന്റെയും (കെ.എസ്.ഐ.എൻ.സി) തുല്യ പങ്കാളിത്തത്തിലാണ് കടലിൽ ആറ്-എട്ട് മണിക്കൂർ ഉല്ലാസയാത്രക്ക് വഴിയൊരുക്കുന്നത്‌.

ഇതുസംബന്ധിച്ച്‌ തുറമുഖ വകുപ്പിനുവേണ്ടി മാരിടൈം ബോർഡ്‌ ചെയർമാനും കെ.എസ്.ഐ.എൻ.സി ഡയറക്ടർ ബോർഡ് മെംബറും കൂടിയായ എൻ.എസ്‌. പിള്ള, ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ചെയർമാൻ പി.ടി. മാത്യു, മാനേജിങ് ഡയറക്ടർ ആർ. ഗിരിജ എന്നിവരുമായി ചർച്ച നടത്തി.

ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ഉദ്യോഗസ്ഥരുടെ വിദഗ്ധ സംഘം ആഡംബര വിനോദസഞ്ചാര യാത്രക്കപ്പലിന്റെ സാധ്യത വിലയിരുത്തുന്നതിന് ബേപ്പൂർ തുറമുഖം ഇന്ന് (ബുധനാഴ്ച) സന്ദർശിക്കും.

സംസ്ഥാനത്തെ ജലയാത്ര വിനോദസഞ്ചാരം സജീവമാക്കാൻ സ്വന്തമായി ആഡംബരക്കപ്പലുകളുടെ നിർമാണവും ഷിപ്പിങ് കോർപറേഷന്റെ പദ്ധതിയിലുണ്ട്. മലബാർ മേഖലയിലെ വിനോദസഞ്ചാരികൾക്ക് ആകർഷകമായ ആഡംബര യാത്രക്കപ്പൽ ആരംഭിക്കുന്നതോടെ, ബേപ്പൂർ തുറമുഖത്തിനു പുതിയ വികസന സാധ്യതകൾ തുറക്കുമെന്നാശിക്കാം. 

Tags:    
News Summary - The luxury cruise starts at Beypur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.