തവാങ് എന്ന് കേൾക്കുേമ്പാൾ തന്നെ ഓരോ സഞ്ചാരിയുടെയും മനസ്സിൽ മഞ്ഞുപെയ്യാൻ തുടങ്ങും. മഞ്ഞുപൊതിഞ്ഞ മലനിരകൾ, രാജ്യത്തെ ഏറ്റവും വലിയ മൊണാസ്ട്രി, ചൈനീസ് അതിർത്തിലേക്കുള്ള യാത്ര, 1962 യുദ്ധത്തിലെ ശേഷിപ്പുകൾ, തണുത്തുറഞ്ഞ തടാകങ്ങൾ തുടങ്ങി നിരവധി കാഴ്ചകളാണ് അരുണാചൽ പ്രദേശിലെ ഈ സ്വർഗം ഒരുക്കിവെച്ചിട്ടുള്ളത്.
ഇവിടേക്ക് വരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കാൻ പുതിയ പദ്ധതി ഒരുങ്ങുകയാണ്. മലനിരകളിലൂടെ കൂകിപ്പായുന്ന കൊച്ചുട്രെയിൻ പദ്ധതിയാണ് സർക്കാർ ആരംഭിക്കുന്നത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയോട് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേ, ഷിംലയിലെ പ്രശസ്തമായ ഷിംല - കൽക്ക ട്രെയിനുകളുടേതിന് സമാനമായിരിക്കും ഈ സർവിസ്. ട്രെയിനിന് ഏകദേശം മൂന്ന് ബോഗികൾ ഉണ്ടായിരിക്കും. ഓരോന്നിനും 12 യാത്രക്കാരെ വീതം വഹിക്കാനാകും. തവാങ് നഗരത്തിനോട് ചേർന്നായിരിക്കും പാതയുണ്ടാവുക. ഇതോടനുബന്ധിച്ച് ഭക്ഷണ കേന്ദ്രങ്ങൾ, പ്രാദേശിക മാർക്കറ്റുകൾ, പാർക്ക് എന്നിവയും ഒരുക്കും.
അരുണാചൽ പ്രദേശിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് തവാങ്. പുതിയ ട്രെയിൻ ഈ പ്രദേശത്തിന്‍റെ ആകർഷണം വർധിപ്പിക്കും. ഹിമാലയ മലനിരകളിലൂടെ ഒാടുന്ന, ഡാർജിലിങ്ങിലെയും ഷിംലയിലെയും ട്രെയിനുകൾ യാത്രക്കാർക്ക് അതിശയകരമായ കാഴ്ചകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈയൊരു അനുഭവമായിരിക്കും ഇനി തവാങ്ങിലും ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.