തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം രംഗത്ത് കുതിപ്പേകാൻ ഉതകുന്ന വിവിധ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മൂന്നാറിൽ പൈതൃക തീവണ്ടി സർവിസ് ആരംഭിക്കുന്നതാണ്. ഇതുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനും ടാറ്റ കമ്പനി താൽപര്യം അറിയിച്ചിട്ടുണ്ടെന്ന് ബജറ്റ് അവതരണത്തിൽ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ബജറ്റിലും ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉണ്ടായിരുന്നു.
പൈതൃക തീവണ്ടി സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ ഇവിടെ പരിശോധനകളും നടന്നു. മൂന്നാറിൽ വിസ്മയത്തിെൻറ ചൂളംവിളിയുമായി കൂകിപ്പായുകയും 1924ലെ പ്രളയത്തില്‍ തകര്‍ന്നടിയുകയും ചെയ്ത കുണ്ടളവാലി ട്രെയിൻ സർവിസ് പുനര്‍നിർമിക്കുന്ന ശ്രമങ്ങള്‍ക്ക് കുതിപ്പേകിയായിരുന്നു രണ്ടാംഘട്ട പരിശോധന.
ടൂറിസം വികസനം ലക്ഷ്യമിട്ട് നടത്തുന്ന സ്വപ്‌നപദ്ധതിയുടെ പ്രാഥമിക പരിശോധന 2019 ജൂണ്‍ 21നാണ് ആദ്യമായി നടന്നത്. മുമ്പ് റെയിൽവേ സ്റ്റേഷന് ആയിരുന്ന പിന്നീട് കെ.ഡി.എച്ച്.പി ഓഫിസായി മാറിയ റീജനല്‍ ഓഫിസ് മുതല്‍ മാട്ടുപ്പെട്ടി വരെ നിർദിഷ്ട പാതയിലാണ് പരിശോധന നടന്നിട്ടുള്ളത്.
ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറില്‍ കൊളുന്ത്, ഭക്ഷണവസ്തുക്കള്‍, കെട്ടിട നിർമാണ സാമഗ്രികള്‍ എന്നിവ എത്തിക്കാൻ ഇംഗ്ലീഷുകാരുടെ നേതൃത്വത്തിലാണ് ട്രെയിൻ സർവിസ് നടപ്പിലാക്കിയത്. ആദ്യം മോണോ റെയിലായും പിന്നീട് ആവി എൻജിൻ ഘടിപ്പിച്ചും ഓടിയ ട്രെയിന്‍ സർവിസ് 1924ലെ പ്രളയത്തിൽ തകർന്നടിയുകയായിരുന്നു. ജില്ല ടൂറിസം വകുപ്പിന്റെ ആശയമാണ് മൂന്നാറില്‍ പൈതൃക തീവണ്ടി സർവിസ് എന്ന ആലോചനകള്‍ക്ക് വീണ്ടും തുടക്കം കുറിച്ചത്.
തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി നടപ്പാക്കാനുള്ള തീരുമാനമാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. മുസിരിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികൾക്ക് പുറമേയാണ് തിരുവനന്തപുരത്തും കോഴിക്കോടും പദ്ധതി നടപ്പാക്കുന്നത്. പൈതൃക പദ്ധതിക്ക് ബജറ്റിൽ 40 കോടി അനുവദിച്ചു. തിരുവനന്തപുരത്തിനായി 10 കോടി അധികവും അനുവദിച്ചു.
കോവിഡാനന്തര ടൂറിസം മാര്‍ക്കറ്റിങ്ങിന് 100 കോടി രൂപയാണ് അനുവദിച്ചത്. ടൂറിസം മാര്‍ക്കറ്റിങ്ങിനായി അനുവദിക്കുന്ന എക്കാലത്തെയും വലിയ തുകയാണിത്. ഇതുവഴി വിദേശികളെയടക്കം കേരളത്തിലേക്ക് കൂടുതൽ ആകർഷിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ.
മൂന്നാറിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിെൻറ മൂന്നേക്കറിൽ 100 മുറികളും ഡോർമെറ്ററികളുമുള്ള കെ.ടി.ഡി.സി ബജറ്റ് ഹോട്ടൽ 100 കോടി രൂപ ചെലവിൽ സ്ഥാപിക്കും.
മൂന്നാർ ബൊട്ടാണിക്കൽ ഗാർഡെൻറ വിപുലീകരണം, ഫാം ടൂറിസം, ഹൈഡൽ ടൂറിസം എന്നിവയാണ് മറ്റു പ്രധാനപ്പെട്ട ടൂറിസം പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.