450 ദിവസം കൊണ്ട് തിരുവനന്തപുരത്ത് നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്ന കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫ് അലിയുടെ യാത്ര തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫ്ലാ​ഗ് ഓഫ് ചെയ്യുന്നു.

തിരുവനന്തപുരം ടു ലണ്ടൻ സൈക്കിളിൽ ചുറ്റാൻ ഫായിസ്; 35 രാജ്യം, 30,000 കി.മീ, 450 ദിവസം!!

തിരുവനന്തപുരം: 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ ഒരു യാത്ര!. അതെ, കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലിയുടെ (34) സ്വപ്നയാത്രയാണ് ഇന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫ്ലാ​ഗ് ഓഫ് ചെയ്തത്.

സൈക്കിളിൽ രാജ്യങ്ങൾ ചുറ്റുന്നത് പുതുമയുള്ള കാര്യമല്ല ഫായിസിന്. വിപ്രോ കമ്പനിയിലെ  ജോലി രാജി വെച്ചാണ് ഈ ഉലകം ചുറ്റൽ. 2019ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ബൂട്ടാൻ, മ്യാൻമാർ, തായ്ലൻഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ് സിംഗപ്പൂരിലെത്തിയത്.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന വാർഷികഘോഷം 'ആസാദി ക അമൃത് മഹോത്സവി'ന്റെ ഭാഗമായി ലോകരാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ 'ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്' എന്ന മുദ്രാവാക്യവുമായാണ് ലണ്ടൻ യാത്ര. ടീം എക്കോ വീലേഴ്സിൻ്റെ നേതൃത്വത്തിൽ റോട്ടറി ഇൻറർനാഷൽ പിന്തുണയോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.

അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ല​ഗേജ് ആക്സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തത്.


പാകിസ്താൻ, ചൈന എന്നി രാജ്യങ്ങളിലെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. തിരുവനന്തപുരത്ത് നിന്നും മുബൈ വരെ സൈക്കിളിൽ സഞ്ചരിച്ച് വിമാന മാർഗം ഒമാനിലെത്തും. അവിടെ നിന്നും സൈക്കിളിൽ യുഎഇ, സൗദ്യ അറേബ്യ, ഖത്തർ, ബഹ്റെൻ, കുവൈറ്റ്, ഇറഖ്, ഇറാൻ, ജോർജിയ, തുർക്കി,

അവിടെ നിന്ന് ബൾഗേറിയ, റുമേനിയ, മാൾഡോവ, യുക്രൈൻ, പോളണ്ട്, ചെകോസ്ലാവാക്യ, ഹം​ഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റലർലാൻഡ്, ജർമനി, നെതർലന്റസ്, ബെൽജിയം, ലക്സംബർ​ഗ്, ഫ്രാൻസ്, എന്നിവടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക.

തിരുവനന്തപുരത്ത് നടന്ന ഫ്ലാ​ഗ് ഓഫ് ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ അധ്യക്ഷത വഹിച്ചു. ഡോ. യു.കെ. അബ്ദുൽ നാസർ പ്രൊജക്ട് അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബാബുമോൻ, കേരള റോൾ ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജ് മോഹൻ പിള്ള, ജി മണികണ്ഠൻ നായർ, സിനി ആർട്ടിസ്റ്റ് സച്ചിൻ ആനന്ദ് എന്നിവർ സംസാരിച്ചു. ഇക്കോ വീലേഴ്സ് വൈസ് പ്രസിഡന്റ് പി.കെ. രാജേന്ദ്രൻ സ്വാഗതവും ജി.സി.സി. കോർഡിനേറ്റർ അഡ്വ. ഷമീം പക്സാൻ നന്ദിയും പറഞ്ഞു. അലി റോഷൻ, ദിൽഷാദ്, ഷിജി ജയിംസ്, സായിസ് എന്നിവർ നേതൃത്വം നൽകി. ഫായിസ് അഷ്റഫ് അലി നന്ദി പറഞ്ഞു.

Tags:    
News Summary - Thiruvananthapuram to London fayis ali's cycle journey; 35 countries, 30,000 km, 450 days!!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.