തിരുവനന്തപുരം: കോവിഡ് കാരണം ആറ് മാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കാൻ തീരുമാനം. കഴിഞ്ഞ ആറ് മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
കോവിഡ്19 ഭീഷണിക്കിടെയും രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും ടൂറിസം മേഖല നേരത്തെ തുറന്നുകൊടുത്തിരുന്നു. എന്നാല്‍, അതീവ ജാഗ്രത പുലര്‍ത്തേണ്ട ജനസാന്ദ്രതയേറിയ സംസ്ഥാനമെന്ന നിലയില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്ന രീതിയാണ് കേരളത്തില്‍ അവലംബിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് 4 ഉത്തരവില്‍ നിരോധിത കാറ്റഗറിയില്‍ ടൂറിസം ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിെൻറ അടിസ്ഥാനത്തില്‍ കര്‍ശനമായി മുന്‍കരുതലുകള്‍ പാലിച്ച് ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതില്‍ അപാകതയില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് ആശ്വാസം പകരുന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.
രണ്ട് ഘട്ടമായിട്ടാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കുക. ആദ്യഘട്ടത്തിൽ ഹിൽസ്റ്റേഷനുൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കായലോര ടൂറിസം മേഖലകൾ എന്നിവയാണ് തുറക്കുക. ബീച്ചുകളിലേക്കുള്ള പ്രവേശനം നവംബർ ഒന്നിന് മാത്രം നൽകൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇവിടങ്ങളിലേക്ക് പ്രവേശനം.
ഹൗസ് ബോട്ടുകൾക്കും മറ്റു ടൂറിസം ബോട്ടുകൾക്കും സർവിസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഹോട്ടൽ ബുക്കിങ്, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് എന്നിവയെല്ലാം സഞ്ചാരികൾ ഒാൺലൈൻ വഴി എടുക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഏഴ് ദിവസം വരെ കേരളത്തില്‍ വന്ന് മടങ്ങുന്നവര്‍ക്ക് ക്വാറൻറീന്‍ നിര്‍ബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറൻറീന്‍ നിര്‍ബന്ധമില്ല. എന്നാൽ, സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഏഴ് ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടതാണ്.
ഏഴ് ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റുമായി എത്തുകയോ, കേരളത്തില്‍ എത്തിയാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കില്‍ ആ സഞ്ചാരികള്‍ ഏഴ് ദിവസം ക്വാറൈൻറനില്‍ പോകേണ്ടിവരും. കോവിഡ് രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ടൂറിസ്റ്റുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും രണ്ട് മീറ്റര്‍ സാമൂഹിക അകലം മറ്റുള്ളവരില്‍നിന്നും പാലിക്കുകയും വേണം. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശന വേളയില്‍ കോവിഡ് രോഗബാധ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ദിശയില്‍ ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഐസൊലേഷനില്‍ പോകണം.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പുലര്‍ത്തേണ്ട കോവിഡ് മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഉത്തരവിലുണ്ട്. സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കാനും കൈകള്‍ സോപ്പിട്ട് കഴുകാനും ആരോഗ്യവകുപ്പ് നിർദേശിച്ച മറ്റ് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ഉണ്ടാകണം.
നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസര്‍ സ്പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഡി.ടി.പി.സി സെക്രട്ടറിമാര്‍ക്കുമായിരിക്കും. നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.
ഹോട്ടല്‍ ബുക്കിങ്ങും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകണമെന്ന നിർദേശവും ഉത്തരവിലുണ്ട്. ആയുര്‍വേദ കേന്ദ്രങ്ങളിലും സംസ്ഥാന സര്‍ക്കാറിെൻറ കോവിഡ് ജാഗ്രതാ നിർദേശങ്ങള്‍ പാലിക്കണം.
താരതമ്യേന കോവിഡ് അതിജീവനത്തിലും പ്രതിരോധത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലേക്ക് രാജ്യത്തിനകത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ധൈര്യത്തോടെ വരാനും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും വൈമുഖ്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാരികളുടെയും ഇൗ മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളുടെയും നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് കാരണം ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടതോടെ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരും ഏറെ ബുദ്ധിമുട്ടിലായിരുന്നു. അതേസമയം, സംസ്ഥാനത്തെ പല ഇക്കോ ടൂറിസം കേന്ദ്രങ്ങളും നേരത്തെ തന്നെ തുറന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.