അതിരപ്പിള്ളി: മലമുകളിൽ വെള്ളച്ചാട്ടങ്ങളെ ആശ്രയിച്ച് ഉയർന്ന സ്വപ്നങ്ങൾ പടുത്തുയർത്തിയവർ വലിയ പതനത്തിെൻറ വക്കിലാണ്. രണ്ട് പ്രളയങ്ങളും കോവിഡിെൻറ രണ്ടുവരവുകളും ചേർന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയെ പൂർണമായും തകർത്തു. തുടർച്ചയായ തിരിച്ചടികൾ ഈ വിനോദ സഞ്ചാര മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിച്ച നിരവധി പേരെ പ്രതിസന്ധിയുടെ കണ്ണീർക്കയത്തിലേക്ക് തള്ളിവിട്ടു.
അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാരരംഗം പഴയതുപോലെ പൂത്തു തളിർക്കണമെങ്കിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് കൈത്താങ്ങുവേണ്ടിവരും. ഒരുവിഭാഗം ജനങ്ങൾക്ക് ഉപജീവനത്തിന് ഉപകരിക്കുംവിധം അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖല വാണിജ്യവത്കരിക്കപ്പെട്ടിട്ട് മൂന്ന് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ.
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാർക്ക് കൃഷി ചെയ്ത് ജീവിക്കാൻ പതിച്ചുനൽകിയ വനഭൂമിയിലാണ് ഇവിടെ ജനസഞ്ചയം കിളിർത്തുപൊന്തിയത്. വന്യമായ പ്രകൃതിയോടും കാട്ടുമൃഗങ്ങളോടും പോരടിച്ച് വളർന്നുവന്ന കുടിയേറ്റ ജനതയാണ് കൂടുതലും. വനവിഭവങ്ങളുടെ ശേഖരണവും കൂപ്പിലെ പണിയും കൃഷിയുമൊക്കെയായിരുന്നു മുമ്പ് ഭൂരിഭാഗം പേരുടെയും ഉപജീവനം.
വിനോദ സഞ്ചാരികൾക്കായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ഏതാനും തട്ടുകടകൾ മാത്രമാണ് ആദ്യം ഉയർന്നുവന്നത്. പിന്നീട് സഞ്ചാരികളുടെ എണ്ണം ഉയർന്നതോടെ കടകളുടെ എണ്ണം വർധിച്ചു. പുഴയോരങ്ങളെയും മറ്റും കേന്ദ്രീകരിച്ച് ലോഡ്ജുകളും റിസോർട്ടുകളും പാർക്കുകളും കൂണുകൾ പോലെ ഉയർന്നു പൊന്തി. കഴിഞ്ഞ 20 വർഷത്തിലേറെയായി ഇവയെ കേന്ദ്രീകരിച്ച് നൂറുകണക്കിന് പേരാണ് ഉപജീവനം തേടിയത്. വാഴച്ചാൽ ഊരിലെ മുഴുവൻ ആദിവാസികൾക്കും ടൂറിസത്തിെൻറ ഭാഗമായ വന സംരക്ഷണ സമിതിയിലൂടെ ജോലി ലഭിച്ചു.
വെള്ളച്ചാട്ട ടൂറിസത്തോട് അനുബന്ധിച്ച് രൂപം കൊണ്ട സംരംഭങ്ങൾ നിരവധി കുടുംബങ്ങൾക്ക് തണലായി മാറിയതോടെ നന്ദി സൂചകമായി അതുവരെ വെറ്റിലപ്പാറ എന്ന പേരിൽ അറിയപ്പെട്ട പഞ്ചായത്തിെൻറ പേര് നാട്ടുകാർ അതിരപ്പിള്ളിയെന്ന് മാറ്റി. അതിരപ്പിള്ളിയായിരുന്നു ആദ്യം ശ്രദ്ധാകേന്ദ്രമായത്. പിന്നീട് വാഴച്ചാലും സന്ദർശകത്തിരക്കായി. തുടർന്ന് തുമ്പൂർമുഴി റിവർ ഡൈവർഷൻ പദ്ധതിയോടനുബന്ധിച്ച് ഉദ്യാനവും തൂക്കുപാലവും വന്നതോടെ വിനോദ സഞ്ചാര മേഖല വികസിച്ചു. ഡ്രീം വേൾഡ്, സിൽവർസ്റ്റോം എന്നീ വൻകിട വാട്ടർ തീം പാർക്കുകൾ എത്തിയതോടെ തിരക്കേറി.
ഇന്ന് തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെ വിനോദ സഞ്ചാര മേഖല വികസിച്ചു. സർക്കാറിന് ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുക്കുന്ന മേഖലയായി ഇത് മാറിയപ്പോൾ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായി. തുമ്പൂർമുഴിയിലെ പ്രവർത്തനങ്ങൾ ജില്ല ടൂറിസം വിഭാഗവും അതിരപ്പിള്ളി, വാഴച്ചാൽ മേഖലയിലേത് വനംവകുപ്പുമാണ് നേതൃത്വം നൽകുന്നത്.
കോവിഡ് കാലം മൂലം അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾക്ക് എത്താൻ സാധിക്കാത്ത സാഹചര്യം ഉണ്ടായപ്പോൾ വനംവകുപ്പിനും തുമ്പൂർമുഴിയിലെ കെ.ടി.ഡി.സിക്കും പ്രവേശന ഫീസിനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഇതിനെ ആശ്രയിച്ചു ഉപജീവനം നയിക്കുന്ന വന സംരക്ഷണ സമിതിയിലെ അംഗങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. സീസണുകളിൽ ഒരുകോടിയും അമ്പതുലക്ഷവുമൊക്കെ ഉണ്ടായിരുന്ന വരുമാനം കുത്തനെ കീഴോട്ടുപോന്നു.
പ്രളയം സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ 2019ലെ വിഷുക്കാലത്ത് 4209 പേർ മാത്രമാണ് ഇവിടെയെത്തിയത്. വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങളിലെ കേന്ദ്രത്തിലെ വരുമാനം 1,65,090 രൂപ മാത്രമായിരുന്നു. ഈസ്റ്ററിന് 7522 പേർ എത്തി. വരുമാനം 2,86,865 രൂപയായിരുന്നു. 2020 കോവിഡ് കാലത്ത് വിഷുവിനും ഈസ്റ്ററിനും ഇവിടെ ആരും എത്തിയില്ല. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം 3177 സന്ദർശകർ ഈസ്റ്ററിനും 1675 പേർ വിഷുവിനും എത്തി. പതിനായിരവും ഇരുപതിനായിരവും സഞ്ചാരികൾ ഒരൊറ്റ ദിവസം എത്തിയിരുന്ന സാഹചര്യത്തിലാണിത്.
വാഴച്ചാൽ ഊരിൽ കോവിഡ് പരന്നതോടെ പിന്നീട് നിയന്ത്രണം കടുപ്പിച്ചു. നിയന്ത്രിത മേഖലയായതോടെ ആർക്കും പ്രവേശനം നൽകിയില്ല. വാഴച്ചാലിൽ 30ഉം അതിരപ്പിള്ളിയിൽ 60ഉം ആദിവാസികളാണ് വന സംരക്ഷണ സമിതിയിലൂടെ ഊഴമനുസരിച്ച് ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്നത്. വിനോദ സഞ്ചാര മേഖലയിലെ പ്രതിസന്ധി മൂലം ഇവരുടെ കുടുംബങ്ങളിൽ വരുമാനം നിലച്ചു.
തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ വഴിയോര കച്ചവടം നടത്തുന്നവർ വലിയ ദുരിതത്തിലാണ്. വഴിയോരത്തെ ചായക്കടകളും ശീതളപാനീയ കടകളുമാണ് കൂടുതൽ.
പാവകൾ, കൗതുകവസ്തുക്കൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകളുമുണ്ട്. തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, പുളിയിലപ്പാറ, മലക്കപ്പാറ എന്നിവിടങ്ങളിലാണ് ഇവർ തമ്പടിച്ചിരിക്കുന്നത്. 90ഓളം കടകൾ വരും. ഇവയിലെ ജീവനക്കാർ വേറെയും. നടന്നുവിൽക്കുന്ന ഒരുകൂട്ടർ വേറെയുമുണ്ട്. സഞ്ചാരികൾ വരാതായതോടെ ഇവരുടെ വരുമാനം നിലച്ചു. നിയന്ത്രണം വന്നെത്തിയതോടെ സ്ഥാപനങ്ങൾ തുറക്കാനും സാധിക്കാതെയായി. ഇപ്പോഴാകട്ടെ മറ്റ് ജോലികൾക്കും പോകാൻ വയ്യ. റേഷൻ കിറ്റും ചില സംഘടനകളുടെ കിറ്റും കിട്ടുന്നതിനാൽ കഷ്ടിച്ച് പട്ടിണി കിടക്കാതെ ജീവൻ നിലനിർത്തുന്നുവെന്ന് മാത്രം. മറ്റ് ആവശ്യങ്ങൾ വന്നാൽ കടം പോലും കിട്ടാത്ത അവസ്ഥയിലാണ്.
വൻകിട രീതിയിലും ഇടത്തരം രീതിയിലുമുള്ള റിസോർട്ടുകളും ഹോട്ടലുകളുമാണ് അതിരപ്പിള്ളി മേഖലയിൽ പ്രതിസന്ധിയിലായ മറ്റൊരു വിഭാഗം.
സർക്കാറിന് ജി.എസ്.ടി ഇനത്തിലും മറ്റുമായി നല്ല വരുമാനം ഇവരിൽനിന്ന് ലഭിച്ചിരുന്നു. 60ഓളം റിസോർട്ടുകളിലും ഹോം സ്റ്റേകളിലുമായി 1000 പേരോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതിരപ്പിള്ളിയുടെ പ്രകൃതി ലാവണ്യം രണ്ടുദിവസം തങ്ങി ആസ്വദിക്കുന്നവർ ഏറെയായിരുന്നു.
എന്നാൽ, നിപയും കോവിഡും വന്നെത്തിയതോടെ ആരും ഇവിടെ തങ്ങാതായി. മൂന്നുവർഷമായി വരുമാനം കുത്തനെ താഴോട്ടാവുകയായിരുന്നു. അതേസമയം, െചലവുകൾക്ക് കുറവില്ല. വൈദ്യുതി ചാർജ്, ജീവനക്കാരുടെ ശമ്പളം, നികുതികൾ എന്നിവ അടക്കാതിരിക്കാൻ ആവില്ല. പലരും വലിയ വായ്പകളെടുത്ത് പ്രതീക്ഷയോടെ ഈ രംഗത്ത് സ്ഥാപനങ്ങൾ കെട്ടിപ്പൊക്കിയവരാണ്. ഇപ്പോൾ തിരിച്ചടവുകൾ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. മറ്റെല്ലാ മേഖലയും പ്രവർത്തനക്ഷമമായി പിന്നെയും കഴിഞ്ഞാലേ ഇവരുടെ മേഖല സജീവമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.