കൊച്ചി: കോവിഡിൽ തളർന്ന കേരളത്തിെൻറ വിനോദസഞ്ചാര മേഖലക്ക് ഉണർത്തുപാട്ടുമായി ആദ്യ ക്രൂയിസ് കപ്പൽ ഇന്ന് കൊച്ചിയിൽ. മുംബൈയിൽനിന്ന് 1200 യാത്രികരെയും വഹിച്ച് കോർഡിലിയ കപ്പലാണ് രാവിലെ ആറിന് പുതിയ ക്രൂയിസ് ടെർമിനലിൽ എത്തുക. മുംെബെയിൽനിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ആഡംബര നൗകയാണ് കൊച്ചിയിൽ ഒരു പകൽ നങ്കൂരമിടുന്നത്.
2020 മാർച്ചിലാണ് അവസാന വിനോദസഞ്ചാര കപ്പൽ കൊച്ചിയിൽ എത്തിയത്. കോവിഡ് പിടിമുറുക്കിയതോടെ മേഖല നിശ്ചലമായി. വർഷത്തിൽ 25,000 വിനോദസഞ്ചാരികളാണ് ആഡംബര കപ്പൽ വഴിയിൽ കൊച്ചി കാണാൻ എത്തിയിരുന്നത്. മുംബൈ കഴിഞ്ഞാൽ ഏറ്റവുമധികം വിനോദസഞ്ചാര കപ്പലുകൾ നങ്കൂരമിട്ടിരുന്നതും കൊച്ചിയിലാണ്. ഹോംസ്റ്റേ, റിസോർട്ട്, വഴിയോര കച്ചവടക്കാർ തുടങ്ങി 10,000ത്തിലേറെ പേരുടെ ഉപജീവനമാർഗമാണ് ആഡംബര കപ്പൽ വഴിയെത്തുന്ന സഞ്ചാരികൾ.
മാസത്തിൽ രണ്ടു കപ്പലുകൾ കൊച്ചിവഴി സർവിസ് നടത്താൻ കോർഡിലിയ ക്രൂയിസസ് ഒരുങ്ങുന്നുണ്ടെന്ന് ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു. സഞ്ചാരികളുടെ എണ്ണമനുസരിച്ച് ഇത് ആഴ്ചയിൽ ഒന്നായി ഉയരാനും സാധ്യതയുണ്ട്. ബുധനാഴ്ച എത്തുന്ന കപ്പലിലെ 800ൽപരം യാത്രികർ കൊച്ചിയിലെയും സമീപങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രാദേശിക ടൂർ ഏജൻറ് കേരള വോയേജസ് അറിയിച്ചു. കോവിഡ് അടച്ചിടലിനുശേഷം ആദ്യമായി കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് സ്വീകരണം ഒരുക്കും.
രാവിലെ 7.30ന് യാത്രികർ ഉല്ലാസനൗകയിൽനിന്ന് പുറത്ത് ഇറങ്ങും. കപ്പൽ ലക്ഷദ്വീപിലേക്ക് യാത്ര തുടരുമെങ്കിലും 40 ശതമാനം വിനോദ സഞ്ചാരികളും കൊച്ചിയിൽ ഇറങ്ങും. തുടർന്ന് കേരളത്തിലെ വിനോദസഞ്ചാര മേഖലകളിലേക്കാണ് ഇവർ യാത്ര ചെയ്യുക. നവംബറോടെ വിദേശ ആഡംബര കപ്പലുകളും കൊച്ചിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.