വിനോദ സഞ്ചാരികളെ ആകർഷിക്കൽ: ഒന്നാമതെത്തി കേരളം

ലോകത്തുതന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമെന്ന ഖ്യാതി കേരളത്തിന്​. പ്രമുഖ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട് കോം ആഗോള അടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് മോസ്റ്റ് വെൽക്കമിങ് റീജിയൻ വിഭാഗത്തിൽ കേരളം ഒന്നാമതെത്തിയത്.

സംസ്ഥാന സർക്കാറിനും വിനോദ സഞ്ചാര വകുപ്പിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിതെന്ന്​ ടൂറിസം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ പറഞ്ഞു. ആതിഥ്യ മര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ് കാലത്തെ ആരോഗ്യ ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. വിനോദസഞ്ചാരികളില്‍ നിന്നുള്ള 232 ദശലക്ഷത്തിലധികം അവലോകനങ്ങൾ അടിസ്ഥാനമാക്കിയാണ് ബുക്കിംഗ് ഡോട്ട് കോം പട്ടിക തയാറാക്കിയത്.

പത്താമത് വാർഷിക ട്രാവലർ റിവ്യൂ അവാർഡാണിത്. ഇന്ത്യയിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ സ്വാഗതം ചെയ്യുന്ന അഞ്ച്​ പ്രദേശങ്ങളിൽ മാരാരിക്കുളം, തേക്കടി, വർക്കല എന്നിവയുൾപ്പെടുന്നു. ഗോവയിലെ പാലോലം, അഗോണ്ട എന്നിവയാണ് ആദ്യ രണ്ട്​ സ്ഥാനത്ത്​.

ഹൗസ് ബോട്ടിനുശേഷം ടൂറിസം മേഖലയിൽ സർക്കാർ അവതരിപ്പിച്ച പുതിയ ഉൽപ്പന്നമായ കാരവൻ ടൂറിസം ഇതിനകം രാജ്യാന്തര ശ്രദ്ധ നേടി. കോവിഡിനെ തുടർന്നുള്ള അടച്ചിടൽ കാലത്ത് ഇൻ കാർ ഡൈനിങ്ങ് എന്ന പദ്ധതി നടപ്പാക്കിയപ്പോൾ സംസ്ഥാനത്തെ റെസ്റ്റോറന്‍റ് മേഖലക്ക് അത് വലിയ ആശ്വാസമായിരുന്നു.

ബയോ ബബിള്‍ സംവിധാനം, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്, ലിറ്റററി സർക്യൂട്ട്, ഉത്തരവാദിത്വ ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍, അഗ്രി ടൂറിസം നെറ്റ്​വര്‍ക്ക് എന്നിങ്ങനെ നൂതന പദ്ധതികള്‍ ടൂറിസം മേഖലയില്‍ ഇതിനകം അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.

പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, കേരളത്തിന്‍റെ തനതായ സംസ്കാരവും പാരമ്പര്യവും ജീവിത രീതികളുമെല്ലാം ടൂറിസത്തിന്‍റെ ഭാഗമാക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചുവരുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്‍തമായ ഇടപെടലുകൾ ഇനിയും വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുവാനുള്ള ഊർജമായി ഈ പുരസ്കാരത്തെ കാണുന്നതായും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Tourist Attractions: Kerala tops the list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.