റിയാദ്: പൊതുനിക്ഷേപ നിധിയുടെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിലുള്ള സൗദി എൻറർടൈൻമെൻറ് വെഞ്ചേഴ്സ് കമ്പനി (സെവൻ) രാജ്യത്തെ 14 നഗരങ്ങളിലെ 21 കേന്ദ്രങ്ങളിൽ ആകർഷണീയമായ കായിക വിനോദകേന്ദ്രങ്ങൾ ഒരുക്കുന്നു. 5000 കോടി റിയാൽ ചെലവുവരുന്ന പദ്ധതി സ്വദേശികളുടെ വിനോദാനുഭവങ്ങൾ സമ്പന്നമാക്കുകയും സന്ദർശകരുടെ വരവ് വർധിപ്പിക്കുകയും ചെയ്യുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
റിയാദ്, അൽഖർജ്, മക്ക, ജിദ്ദ, ത്വാഇഫ്, ദമ്മാം, ഖോബാർ, അൽഅഹ്സ, മദീന, യാംബു, അബഹ, ജീസാൻ, ബുറൈദ, തബൂക്ക് എന്നീ നഗരങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
സൗദി അറേബ്യയിലുടനീളമുള്ള 14 നഗരങ്ങളിലാണ് സെവന്റെ വരാനിരിക്കുന്ന പദ്ധതികൾ. ഇതിൽ മദീനയിലെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. റിയാദിലെ അൽ ഹംറയിലും തബൂക്കിലും പണികൾ ഉടനെ ആരംഭിക്കും. മദീനയിലെ താമസക്കാരുടെ ജീവിതസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും സാമൂഹിക ജീവിതം സമ്പന്നമാക്കുന്നതിനും ഉതകുന്ന പദ്ധതി ഇവിടെയെത്തുന്ന ലക്ഷക്കണക്കിന് സന്ദർശകർക്ക് നവ്യാനുഭവം പകർന്നുനൽകും.
പദ്ധതി പൂർത്തിയാകുന്നതോടെ മദീനയുടെ വിനോദ മേഖല പൂർണമായി മാറിമറിയുമെന്ന് ‘സെവൻ’ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല നാസർ അൽ ദാവൂദ് പറഞ്ഞു. മദീന കിങ് ഫഹദ് സെൻട്രൽ പാർക്കിനടുത്ത് ഒരുലക്ഷം ചതുരശ്ര മീറ്ററിലും 84,000 ചതുരശ്ര മീറ്ററിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കിങ് ഫഹദ് സെൻട്രൽ പാർക്കിന്റെ പാതകൾ പുതിയ വിനോദ ലക്ഷ്യസ്ഥാനത്തിന്റെ തുറന്ന പാതകളുമായും പൂന്തോട്ടങ്ങളുമായും പരസ്പരം ബന്ധിപ്പിക്കും. ഇത് സന്ദർശകർക്ക് മെച്ചപ്പെട്ട വിനോദ സാധ്യതകളും ഉയർന്ന നിലവാരമുള്ള മരുപ്പച്ചാനുഭവങ്ങളും പ്രദാനംചെയ്യും.
4000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന കുടുംബ വിനോദ കേന്ദ്രത്തിനുള്ളിൽ ലോകോത്തര ഗെയിമിങ് അവസരങ്ങൾ ഒരുക്കും. യുവതലമുറക്കും മുതിർന്നവർക്കും വ്യത്യസ്ത തലങ്ങളിൽ ആസ്വദിക്കാവുന്ന സംവിധാനങ്ങളാണ് രൂപപ്പെടുത്തുക. കാടിന്റെ പശ്ചാത്തലത്തിൽ യുവജനങ്ങൾക്ക് സാഹസികതകൾക്കുള്ള അവസരവും വിദ്യാർഥികൾക്ക് പഠനസാധ്യതകളുമുണ്ടാകും.
കുട്ടികളുടെ ഭാവനയും സർഗാത്മകതയും അനാവരണം ചെയ്യുന്നതിനായി മൂന്നു വ്യത്യസ്ത മേഖലകൾ സംവിധാനിക്കും. ഐമാക്സ് ഷോറൂമുകളും വി.ഐ.പി ഹാളുകളുമുള്ള അത്യാധുനിക സിനിമാശാല, വ്യത്യസ്ത അഭിരുചികൾക്ക് അനുയോജ്യമായ പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള നിരവധി ചില്ലറ വിൽപനശാലകൾ, റസ്റ്റാറൻറുകൾ, കഫേകൾ എന്നിവയുൾപ്പെടെ നിരവധി സൗകര്യങ്ങളോടെയാണ് മദീനയിലെ വിനോദകേന്ദ്രം ഒരുങ്ങുന്നതെന്ന് നാസർ അൽ ദാവൂദ് വിശദീകരിച്ചു.
വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള വിശിഷ്ട സൗകര്യങ്ങളുമൊരുക്കും. ഇക്കാര്യങ്ങൾ സംവിധാനിക്കുന്നതിന് നിലവാരമുള്ള അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദ മേഖല വികസിപ്പിക്കുന്നതിനും വിനോദ കേന്ദ്രങ്ങൾ നിർമിക്കുന്നതിനും സൗദി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു വിനോദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് പൊതുനിക്ഷേപ നിധി പുതിയ കമ്പനിക്ക് രൂപംനൽകിയത്. ഉയർന്നതും ഏറ്റവും പുതിയതുമായ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും നിർമിതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.