കേളകം: പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലയിലേക്ക് പുതുവർഷ ദിനത്തിൽ വിനോദ സഞ്ചാരികൾ ഒഴുകിയെത്തി. സമുദ്ര നിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലകേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടത്തിപ്പിൽ വന്ന ശേഷം ആദ്യമായാണ് ഇത്രയധികം സഞ്ചാരികളെത്തുന്നത്.
മേഖലയിലെത്തിയ സഞ്ചാരികൾക്ക് ചീങ്കണ്ണിപ്പുഴയിലെ കോച്ചിക്കുളം, കരിയം കാപ്പിലെ ചീരംവേലിപ്പടി ജലാശയം, കുണ്ടേരിമുളംകാടുകൾ, ശാന്തിഗിരിക്ക് സമീപം സൂയിസൈഡ് പോയൻറ് എന്നിവ വിസ്മയക്കാഴ്ച്ചകളായി. ഫാം ടൂറിസത്തിനെറ പ്രദേശങ്ങളിലും വിവിധ സംഘങ്ങൾ സന്ദർശിച്ചു.
പ്രകൃതിരമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളതെന്ന് സാധ്യത പഠനം നടത്തിയ വിദഗ്ദ സംഘം മുമ്പ് കണ്ടെത്തിയിരുന്നു. മലകളും, പുഴകളും, വനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്തതാണ് ഫാം ടൂറിസം .
കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ, ഫാംഹൗസ് ഉൽപന്നങ്ങൾ, കൂടാതെ മലകൾ, വ്യൂ പോയൻറ്, ട്രക്കിങ്, പുഴകൾ, പുഴയോരം, സ്വിമ്മിങ്, ബോട്ടിങ്, വനമേഖല, യോഗ, കളരി, കൂടാതെ കല- സംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുകയാണ് കേളകം ടൂറിസം.ഈ മേഖലകളിലേക്കാണ് ദൂരദിക്കുകളിൽ നിന്നുപോലും സഞ്ചാരികൾ സംഘങ്ങളായി എത്തി പാലുകാച്ചിമലയുടെ ദൃശ്യചാരുത നുകർന്ന് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.