മസ്കത്ത്: ഈ വർഷം സുൽത്താനേറ്റിൽ എത്തിച്ചേരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്ന് ഫിച്ച് സൊല്യൂഷൻ പുറത്തുവിട്ട കണക്ക്. ഈ വർഷം അവസാനിക്കുമ്പോൾ മുൻ വർഷത്തേക്കാൾ 23.5ശതമാനം വർധന സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുമെന്ന് കണക്കുകൾ നിരത്തി അധികൃതർ വിശദീകരിച്ചു. ഇതുവഴി ആകെ സന്ദർശകരുടെ എണ്ണം ഈ വർഷം 36ലക്ഷത്തിലെത്തുമെന്നും വിലയിരുത്തുന്നു.
സാമ്പത്തിക, സാങ്കേതിക മേഖലകളിൽ വിശദമായ വിലയിരുത്തലുകൾക്ക് ശേഷം കണക്കുകൾ പുറത്തുവിടുന്ന ഫിച്ച് സൊല്യൂഷന് കീഴിലെ ബി.എം.ഐ റിപ്പോർട്ട് പ്രകാരം 2022നെ അപേക്ഷിച്ച് വലിയ കുതിച്ചുചാട്ടമാണ് ടൂറിസം മേഖലയിൽ ഈ വർഷമുണ്ടാവുന്നത്. 2040ഓടെ പ്രതിവർഷം 1.1കോടി സന്ദർശകരെ ആകർഷിക്കാനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സമഗ്രപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനായി മേഖലയിലെ മൊത്തം നിക്ഷേപങ്ങളുടെ അളവ് വർധിപ്പിക്കുന്നതിന് സഹായിക്കുന്ന പുതിയ ടൂറിസം, പൈതൃക പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തലത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ചാണ് പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത്. 2023ന്റെ രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ ഒമാൻ 31 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇതേ കാലയളവിൽ യു.എ.ഇ 29 ശതമാനവും ജോർഡൻ 7 ശതമാനവുമാണ് വളർച്ച കൈവരിച്ചത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്.
സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ കാരണം ആഗോള ടൂറിസം മേഖലയുടെ വളർച്ചയെ ബാധിക്കുന്ന ചില അപകടസാധ്യതകൾ അടുത്ത പന്ത്രണ്ട് മാസങ്ങളിൽ അവശേഷിക്കുന്നുണ്ടെന്ന് ഫിച്ച് സൊല്യൂഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ചരക്ക്, ഭക്ഷ്യവസ്തുക്കൾ, ഇന്ധനം എന്നിവയുടെ വിലക്കയറ്റം, രാഷ്ട്രീയ വെല്ലുവിളികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2021 മുതൽ 2023 വരെയുള്ള കാലയളവിൽ ഏകദേശം 300 കോടി റിയാൽ നിക്ഷേപം ആകർഷിക്കാനാണ് പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.