മൂവാറ്റുപുഴ: ശൂലം വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മാറാടി പഞ്ചായത്തിലെ 13ാം വാർഡിൽപെട്ട ശൂലം കയറ്റത്തിനു സമീപമാണ് വെള്ളച്ചാട്ടം. വിനോദസഞ്ചാരികൾ അടക്കം നിരവധി പേരാണ് ഇവിടെ എത്തുന്നത്. മൂവാറ്റുപുഴ നഗരത്തിൽനിന്ന് പിറവം റൂട്ടിൽ ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ ശൂലം വെള്ളച്ചാട്ടത്തിനടുെത്തത്താം.
ശൂലം കയറ്റം കയറിയ ശേഷം 200 മീറ്റർ ഉള്ളിൽ ചെറിയ വനത്തിലാണ് മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അറുപതടിയിലേറെ ഉയരത്തിൽനിന്ന് തട്ടുതട്ടായി താഴെക്കു പതിക്കുന്ന കാഴ്ച മനം കുളിർപ്പിക്കുന്നതാണ്. മലയിടുക്കിലെ തട്ടുതട്ടായ പാറക്കെട്ടുകളിൽ കൂടി ഒഴുകി ഇറങ്ങുന്ന വെള്ളം ഇതിനരികിലൂടെയുള്ള തോട്ടിലൂടെ കുത്തനെ താഴേ കായനാട് ഭാഗത്തേക്കാണ് ഒഴുകിവരുന്നത്. ഇത് പിന്നീട് മൂവാറ്റുപുഴയാറ്റിൽ ചെന്നുചേരും.
മലമുകളിൽ എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന 300 മീറ്റർ നീളവും 250 അടി താഴ്ചയിലുമുള്ള പാറമടയും ഇതിനു ചേർന്നുള്ള ചെക്ക് ഡാമും മനോഹരകാഴ്ചയാണ്. മാറാടി പഞ്ചായത്തിലെ രണ്ട്, 13, വാർഡുകളിലായി കിടക്കുന്ന പത്തേക്കർ സ്ഥലത്താണ് ശൂലംമല സ്ഥിതി ചെയ്യുന്നത്.
സർക്കാറിെൻറ തരിശുഭൂമിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിന് താഴ്ഭാഗത്ത് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിൽ ഉദ്യാനം നിർമിച്ചാൽ ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും കഴിയും. മൂന്നാറിനും ഇടുക്കിക്കും പോകുന്ന സഞ്ചാരികൾക്ക് ഇവിടെ അൽപം വിശ്രമിച്ച് കാഴ്ചകൾ കണ്ടുമടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.