മലപ്പുറം: കോവിഡ് കാലത്ത് വിമാന സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ഷെഡ്യൂൾ സർവിസുകൾ ഇല്ലാത്തതും മലബാറിൽനിന്നും യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് പ്രതിസന്ധിയാകുന്നു. മലബാറിൽനിന്നുള്ള നിരവധി പേരാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ജോലിചെയ്യുന്നത്. വിദ്യാഭ്യാസ ആവശ്യത്തിനായി പോകുന്നവരും നിരവധി. നേരത്തേ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഒമാൻ എയർ, ഇത്തിഹാദ്, സൗദി എയർലെൻസ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവിസുകൾ ഉണ്ടായിരുന്നു. ഈ സർവിസുകൾ ഉപയോഗപ്പെടുത്തി വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യാമായിരുന്നു. ഒമാൻ എയർ നേരത്തേ മൂന്നും ഇത്തിഹാദ് രണ്ടും സർവിസ് നടത്തിയിരുന്നു. നിരവധി യാത്രക്കാരാണ് ഗൾഫ് സെക്ടറിന് പുറത്തേക്ക് ഈ സർവിസുകളെ ആശ്രയിച്ചിരുന്നത്. എന്നാൽ, ഷെഡ്യൂൾ സർവിസുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനാൽ ഒമാൻ എയറിന് നിലവിൽ കരിപ്പൂരിലേക്ക് വിമാനമില്ല. കോവിഡിനുശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത്തിഹാദ് കരിപ്പൂർ ഉൾപ്പെടെ നിരവധി സർവിസുകൾ നിർത്തി. വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സൗദി എയർലെൻസിനും കരിപ്പൂരിൽനിന്ന് സർവിസില്ല.
ഫ്ലൈ ദുബൈയാണ് ഇപ്പോൾ ആശ്രയിക്കാവുന്ന സർവിസ്. ഇവരുടെ വിമാനത്തിൽ ദുബൈയിലെത്തി ഇവിടെനിന്നും എമിറേറ്റ്സിൽ മറ്റ് രാജ്യങ്ങളിലേക്ക് പോകാം. എയർ ഇന്ത്യയുടെ ഡൽഹി സർവിസാണ് മറ്റൊരു അവസരം. എന്നാൽ, ഈ സർവിസിന്റെ സമയക്രമം അനുയോജ്യമല്ലെന്നാണ് യാത്രക്കാരുടെ പരാതി. ഒട്ടുമിക്ക അന്താരാഷ്ട്ര സർവിസുകളും പുലർച്ചയാണ് ഡൽഹിയിലെത്തുക. എന്നാൽ, കരിപ്പൂർ വിമാനം പുലർച്ച ഡൽഹിയിൽനിന്നും പുറപ്പെടും. തിരിച്ചുള്ള എയർ ഇന്ത്യ സർവിസുകൾ രാത്രിയിലാണ്. കരിപ്പൂരിൽനിന്നുള്ള വിമാനം ഡൽഹിയിലെത്തുക ഉച്ചക്ക് ഒന്നിനും. ഇതിനാൽ കൂടുതൽ സമയം ഇവിടെ കാത്തിരിക്കണം. ഖത്തർ എയർവേസിൽ ദോഹ വഴി പോകാൻ സാധിക്കുമെങ്കിലും ഇവർ സർവിസ് കുറച്ചതും തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.