കടല്‍തീരങ്ങളാൽ അനുഗ്രഹീതവും മനോഹരവുമാണ് യു.എ.ഇ യുടെ കിഴക്കന്‍തീരത്തെ ഫുജൈറ. എമിറേറ്റിന്‍റെ മറുഭാഗത്ത് കൂറ്റന്‍ പര്‍വത നിരകളുമാണ്. അതിനാൽ എന്നും വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് ഫുജൈറ. ഇപ്പോള്‍ പുതിയതായി ആരംഭിച്ച 'അമ്പ്രല്ല ബീച്ച്' ഈ ആകർഷണീയത വർധിപ്പിച്ചിട്ടുണ്ട്. അതിമനോഹരമായ ലാന്‍ഡ് സ്കേപ്പിങ്ങും നിര്‍മാണ മികവും കാരണമായി യൂറോപ്യന്‍ ടച്ച് തന്നെ വന്നിട്ടുണ്ട് ബീച്ചിന്. വിശാലവും ശാന്തവുമായ തീരവും മനോഹരമായ പുല്‍ത്തകിടിയും എല്ലാം ആകർഷകമാണ്. ഫുജൈറയില്‍ ഒഴിവുസമയം ചിലവഴിക്കാന്‍ പറ്റിയ നല്ലൊരു ബീച്ചില്ലെന്ന പരാതിക്ക് ഒരു പരിഹാരം ആയിരിക്കുകയാണ് ഇതിലൂടെ.
ഉദ്ഘാടനം പ്രതീക്ഷിച്ചു നില്‍ക്കുന്ന ശൈഖ് ഖലീഫ ഹോസ്പിറ്റലിന് നേരെ മുന്‍ വശത്താണ് ബീച്ച്. നീളം കൂടിയ ജോഗിങ് ട്രാക്ക്, കുട്ടികൾക്കായി കളിസ്ഥലങ്ങൾ, പൊതു ടോയ്‌ലറ്റുകൾ, വിവിധ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്‍റുകൾ, ചുറ്റും മനോഹരമായ വൃക്ഷങ്ങള്‍ എന്നിവയെല്ലാമായി അതി മനോഹരമാണിത്. ഖോര്‍ഫക്കാന്‍, കല്‍ബ ബീച്ചുകളുമായി കിടപിടിക്കുന്ന ബീച്ചാണിത്. വാരാന്ത്യ അവധിദിനങ്ങളിലെല്ലാം വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
ആദ്യത്തെ ഒരു മണിക്കൂര്‍ പാര്‍ക്കിങ് സൗജന്യവും പിന്നീടുള്ള ഓരോ മണിക്കൂറിലും പത്തു ദിർഹവുമാണ് ഫീസ്. ഫുജൈറ ഭരണാധികാരിയുടെ മകനായ ശൈഖ് മക്തൂം ബിന്‍ ഹമദ് അല്‍ ശര്‍ഖിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നവീകരണ പ്രവര്‍ത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. ബാർബിക്യൂ സൗകര്യത്തിനായി കുട പോലെയുള്ള ഷെല്‍ട്ടറുകള്‍ നിരനിരയായി സ്ഥാപിച്ച ബീച്ചായതിനാലാണ് 'അമ്പ്രല്ല ബീച്ച്' എന്നറിയിപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.