അലനല്ലൂർ: വികസനം അരികിലെത്തിച്ചാൽ ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെ പോലെ മുഖം മിനുക്കി മനോഹരമാക്കാൻ കാത്തിരിക്കുകയാണ് അലനല്ലൂർ പഞ്ചായത്തിലെ ഉപ്പുകുളം മലയോര പ്രദേശം. ഭൂപ്രകൃതി കൊണ്ടും പ്രകൃതി മനോഹരിത കൊണ്ടും സഞ്ചാരികൾക്ക് ആനന്ദ കാഴ്ച നൽകുന്ന ഈ പ്രദേശത്തെ മുഖം മിനുക്കിയാൽ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കേന്ദ്രമാക്കാൻ കഴിയും.
ഇവിടുത്തെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് വെള്ളച്ചാട്ടപ്പാറ. ജില്ലയിലെ അപൂർവ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇവിടെ നിരവധി പേരാണ് ഈ മനോഹരമായ ദൃശ്യം കാണാനെത്തുന്നത്. മണ്ണാർക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽനിന്ന് 30 കിലോമീറ്റർ ദൂരമുണ്ട്.
പാലക്കാട്-മലപ്പുറം ജില്ലാ അതിർത്തിയായ ഉപ്പുകുളം മലയോര പ്രദേശം സൈലന്റ് വാലി ബഫർ സോണിൽപെട്ടതാണ്. 15 മീറ്റർ ഉയരത്തിൽനിന്ന് തൂവെള്ള നിറത്തിൽ താഴേക്ക് പതിച്ച് പിന്നീട് പതഞ്ഞൊഴുകി 75 മീറ്റർ താഴ്ച്ചയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം വിവരിക്കാൻ വാക്കുകളില്ല. ഈ വെള്ളച്ചാട്ടത്തിന്റെ കൂടെ മറ്റ് അരുവികൾ കൂടി ചേർന്നതാണ് പുളിയം തോട്.
വെള്ളച്ചാട്ടത്തിന് മുകൾ ഭാഗം സക്കാർ ഫോറസ്റ്റും താഴ്ഭാഗം എൻ.എസ്.എസ് എസ്റ്റേറ്റും, വ്യക്തികളുടെ ഭൂമിയുമാണ്. 25 വർഷം മുമ്പ് പാലക്കാട്ട് ഐ.ആർ.ടി.സി വെള്ളച്ചാട്ട പാറയിൽനിന്ന് മിനി വൈദ്യുത പദ്ധതി നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അതിനുള്ള അനുമതി സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പിന്നീട് അലനല്ലൂർ പഞ്ചായത്ത് ഭരണ സമിതി സ്ഥലം സന്ദർശിച്ച് പ്രകൃതിക്ക് കോട്ടംതട്ടാത്ത രീതിയിൽ പദ്ധതിക്ക് ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല.
എടത്തനാട്ടുകരയിലെ മിനി മൂന്നാർ എന്ന് വിശേഷിപ്പിക്കുന്ന വെള്ളച്ചാട്ടപ്പാറക്ക് അടുത്തുള്ള ആനപ്പാറയാണ് മറ്റൊരു മനോഹരമായ കാഴ്ച. താഴ്ന്ന പ്രദേശങ്ങളായ പിലാച്ചോല, കിളയപ്പാടം, പൊൻപാറ താണിക്കുന്ന്, കല്ലംപള്ളിയാൽ, ചളവ എന്നീ പ്രദേശങ്ങൾ പച്ചപട്ട് വിരിച്ചപോലെ അതി മനോഹരമായ കാഴ്ച വേറെ തന്നെ.
കൂടാതെ കോട്ടമല, ഇടമല, ചീത്ത മല, തുടങ്ങിയവയും കാണാം. രാവിലേയും വൈകുന്നേരവുമുള്ള ഇളം കാറ്റ് കൊള്ളാൻ നിരവധി പേരാണ് ഇവിടെ എത്താറ്. ആനപ്പാറയിലെത്തുന്നതിന് മുമ്പ് മുളം കാടുകളിലൂടെയുള്ള സഞ്ചാരം ഏറെ സന്തോഷിപ്പിക്കും. സമുന്ദ്രനിരപ്പിൽനിന്ന് 2,500 അടി ഉയരത്തിലാണ് ആനപ്പാറ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.