അടിമാലി ടൗൺ, വാ​ള​റ വെള്ളച്ചാട്ടം, ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം

ദൃശ്യമനോഹരം അടിമാലി; പക്ഷേ, പദ്ധതികളില്ല

അടിമാലി: ടൂറിസം മേഖലയില്‍ അടിമാലി പഞ്ചായത്തിന്‍റെ സാധ്യതകള്‍ ചര്‍ച്ചചെയ്യണമെന്നും പഞ്ചായത്തിലെ ടൂറിസം പോയന്റുകള്‍ വികസിപ്പിക്കണമെന്നും ആവശ്യം ശക്തമായി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന പഞ്ചായത്താണ് അടിമാലി. എന്നാല്‍, വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന വികസനമൊന്നും അടിമാലിക്കില്ല.

പ്രകൃതിരമണീയതകൊണ്ടും വെള്ളച്ചാട്ടങ്ങള്‍കൊണ്ടും കാനനഭംഗികൊണ്ടും അനുഗ്രഹീതമായ അടിമാലി സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള പഞ്ചായത്ത് കൂടിയാണ്. ഗോത്രമേഖലകളും സാഹസിക വിനോദസഞ്ചാരവും വികസിപ്പിച്ച് വന്‍ മുന്നേറ്റം നടത്താന്‍ കഴിയുമെങ്കിലും ഇതിനായി ഒരു പ്രവര്‍ത്തനവുമില്ല.

വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങള്‍പോലും വികസനമില്ലാത്ത അവസ്ഥയിലാണ്. ഈ വെള്ളച്ചാട്ടങ്ങളില്‍നിന്ന് കാര്യമായ വരുമാനം സര്‍ക്കാറിന് ഇല്ലെങ്കിലും ഇവിടെ വികസനമെത്തിച്ചാല്‍ വളരെ വേഗത്തില്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ വെള്ളമില്ലാതെ വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി തയാറാക്കിയാല്‍ 12 മാസവും വെള്ളം എത്തിക്കാം.

തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി നിലവില്‍വരുന്നത് വാളറ വെള്ളച്ചാട്ടത്തിന് ഭീഷണിയുമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ദേവിയാര്‍ പുഴയുടെ കുറുകെ മൂന്നിടങ്ങളില്‍ ചെക്ക് ഡാമുകള്‍ തീര്‍ക്കുകയും വേനൽക്കാലത്തേക്ക് വെള്ളം സംഭരിക്കുകയും വേണം.

നോക്കേത്താദൂരത്തില്‍ വിസ്തൃതിയില്‍ കിടക്കുന്ന വനമേഖലയും പെരിയാറിന്‍റെ നീളത്തിലുള്ള സൗന്ദര്യവും ഏറ്റവും അടുത്തുനിന്ന് ആസ്വദിക്കാന്‍ കഴിയുന്നത് കുതിരകുത്തി മലയിലാണ്. ഇവിടെനിന്നാല്‍ എറണാകുളം ജില്ലയിലെ ഭൂരിഭാഗം മേഖലയും കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇതിനോട് ചേര്‍ന്ന കാട്ടമ്പല പ്രദേശവും ദൃശ്യമനോഹരമാണ്.

ഇതിനുനേരെ എതിര്‍ദിശയില്‍ ട്രക്കിങ് ഒരുക്കാന്‍പറ്റിയ സ്ഥലമാണ് കമ്പിലൈന്‍. പടിക്കപ്പ് പ്രദേശത്ത് പ്രകൃതിരമണീയമായ നിരവധി പ്രദേശങ്ങളുണ്ട്. ആദിവാസി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികള്‍ തയാറാക്കിയാല്‍ ജില്ലയില്‍ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി അടിമാലി പഞ്ചായത്തിനെ മാറ്റാം.

Tags:    
News Summary - Visually beautiful Adimali; But no projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.