ചെറുവത്തൂർ: വിപ്ലവ ഗ്രാമമായി അറിയപ്പെട്ടിരുന്ന കയ്യൂർ ടൂറിസം മാപ്പിലേക്കും സ്ഥാനം പിടിക്കുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കയ്യൂർ മാറുന്നുവെന്ന് തോന്നുംവിധം ദിനംപ്രതി നൂറുകണക്കിനാളുകളാണ് കയ്യൂരിലെത്തുന്നത്. കായൽ സഞ്ചാരത്തിനും സൂര്യാസ്തമയം കാണാനുമായാണ് ഈ ഒഴുക്ക്.
പാലായി ഷട്ടർ കം ബ്രിഡ്ജും അതിന് തൊട്ടടുത്തുള്ള കുട്ടികളുടെ പാർക്കും അതിെൻറ ഭാഗമായുള്ള കയാക്കിങ്ങും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറ്റിയിട്ടുണ്ട്. തേജസ്വിനി പുഴയും അതിന് കുറുകെയുള്ള പാലായി ഷട്ടർ കം ബ്രിഡ്ജും ഗ്രാമീണ സൗന്ദര്യത്തിെൻറ പച്ചപ്പും ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കും. പുഴയിൽ ചെറുവള്ളങ്ങളിൽനിന്നുള്ള മീൻപിടിത്തവും ഏറെ ആസ്വാദ്യകരമാണ്.
നീലേശ്വരം മുനിസിപ്പാലിറ്റിയെയും കയ്യൂർ- ചീമേനി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴക്ക് കുറുകെയുള്ള പാലമാണിത്. തെങ്ങും കവുങ്ങും പുഴക്കതിരിടുന്ന ഗ്രാമങ്ങളുടെ മനോഹരമായ കാഴ്ചകളാണ് ഇരുവശവും. ദിവസേന വൈകീട്ടും ഒഴിവുദിവസങ്ങളിൽ രാവിലെയും വിദേശ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. ഷട്ടർ കം ബ്രിഡ്ജിന് സമീപത്തായി ഒരുക്കിയ പാർക്കിൽ സഞ്ചാരികൾക്ക് ഉല്ലസിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തേജസ്വിനി പുഴയിലൂടെ ഒഴുകിനടക്കാനുള്ള സൗകര്യത്തിനായാണ് കയാക്കിങ് പാർക്ക് ഒരുക്കിയത്. രാവിലെ ഏഴുമുതൽ വൈകീട്ട് 6.30 വരെ പാർക്ക് തുറന്നുകിടക്കും. കയാക്കിങ് ബോട്ട്, പെഡൽ ബോട്ട് എന്നിവയിൽ സുരക്ഷിതമായി സഞ്ചരിക്കാം. കൂടാതെ കുട്ടികൾക്കുള്ള കളി പാർക്കും ഉണ്ട്. കയ്യൂർ സർവിസ് സഹകരണ ബാങ്കിനുകീഴിൽ പ്രവർത്തിക്കുന്ന കയ്യൂർ വില്ലേജ് ടൂറിസം പദ്ധതിയുടെ ഭാഗമാണ് പാർക്ക്.
ആവശ്യത്തിനനുസരിച്ചുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള കഫേകളും സജീവമാണ്. വരും ദിവസങ്ങളിൽ ടൂറിസ്റ്റുകൾക്കായി വീടുകളിലുള്ള താമസവും പുഴക്കുകുറുകെ റോപ്വേയും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.