ചെറുതോണി: ഇടുക്കി ജില്ല ആസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ടും പാക്കേജും നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. നാടുകാണി പവിലിയൻ മുതൽ കുളമാവ് ഡാം, കുയിലിമല, കുയിലിത്തണ്ട്, ചാരനള്ള് ഗുഹ, ഇടുക്കി - ചെറുതോണി അണക്കെട്ടുകൾ, വെള്ളാപ്പാറയിലെ വനംവകുപ്പിെൻറ നേതൃത്വത്തിൽ ദിവസവും ഇടുക്കി ജലാശയത്തിലുള്ള ബോട്ടിങ് സൗകര്യം, ഹിൽവ്യൂ പാർക്ക്, പാൽക്കുളം മേട്, കാൽവരി മൗണ്ട് വ്യൂ പോയൻറ് എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സർക്യൂട്ടാണ് രൂപപ്പെടുത്തേണ്ടത്.
ഇതിനായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതി രൂപവത്കരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇടുക്കി ജില്ല ആസ്ഥാനത്തുനിന്ന് 15 കിലോമീറ്റർ ചുറ്റളവിലാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഹിൽവ്യൂ പാർക്കും പാൽക്കുളം മേടും കാൽവരിമൗണ്ടും സ്ഥിതി ചെയ്യുന്നത്. കൂടാതെ പൈനാവിന് സമീപം വെള്ളാപ്പാറ കൊലുമ്പൻ സമാധിയോട് ചേർന്ന ചാരനള്ള് ഗുഹയും ശലഭ ഉദ്യാനവും നൂറ്റാണ്ടുകൾ പഴക്കമുള്ള മുനിയറകളും വിനോദയാത്രികർക്ക് കാണാനാകും.
പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി വ്യക്തമായ ഒരു ടൂറിസം മാപ്പ് ഇല്ലാത്തതിനാൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇവയിൽ പലതും കാണാനാകുന്നില്ല. ചെറുതോണിയിൽനിന്ന് ആറ് കിലോമീറ്റർ മാത്രം ദൂരമുള്ള പാൽക്കുളം മേട് വിനോദസഞ്ചാരകേന്ദ്രം ഏറെ ആകർഷണീയമാണ്.
എന്നാൽ, ഇവിടേക്കുള്ള പാത ഗതാഗത യോഗ്യമല്ലാത്തതിനാൽ ഇവിടേക്ക് എത്താൻ വിനോദസഞ്ചാരികൾക്ക് ആകുന്നില്ല. ട്രക്കിങ് നടത്തുന്നതിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പാൽക്കുളംമേട്. വൈകുന്നേരങ്ങളിൽ ഇവിടെനിന്നുള്ള മൂന്നാർ, കൊച്ചി ഷിപ്യാർഡ്, മൂന്നാർ, പള്ളിവാസൽ, ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ കാഴ്ച വിസ്മയം ജനിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.