ദോഹ: ഖത്തറിന്റെ സാംസ്കാരിക വിനോദസഞ്ചാര മേഖലയുടെ വളർച്ചക്ക് പിൻബലമേകി ഖത്തർ മ്യൂസിയത്തിന് ഐക്യരാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) അംഗത്വം. ഉസ്ബകിസ്താനിൽ നടന്ന യു.എൻ.ഡബ്ല്യു.ടി.ഒ ജനറൽ അസംബ്ലിയുടെ 25ാമത് സെഷനിലാണ് ചരിത്രപരമായ ബന്ധത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
സുസ്ഥിരവും ഉത്തരവാദിത്തത്തോടെയുമുള്ള വിനോദ സഞ്ചാരത്തിനുള്ള സംഭാവനയുടെ പ്രതിഫലനമാണ് ലോക വിനോദസഞ്ചാര സംഘടനയിലെ അഫിലിയേറ്റഡ് അംഗത്വമെന്നും ചരിത്രപരമായ നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും ഖത്തർ മ്യൂസിയം ആക്ടിങ് സി.ഇ.ഒ മുഹമ്മദ് സഅദ് അൽ റുമൈഹി പറഞ്ഞു.
മ്യൂസിയം വികസനം, സാംസ്കാരിക പൈതൃകം കൂടുതൽ സജീവമാക്കൽ എന്നിവയിലൂടെ വിനോദസഞ്ചാര മേഖലയെ സാംസ്കാരികമായി പ്രയോജനപ്പെടുത്താനുള്ള അംഗീകാരം കൂടിയാണിതെന്നും സംഘടനയിലെ മറ്റ് അംഗങ്ങളുമായി സഹകരണം ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും അൽ റുമൈഹി വ്യക്തമാക്കി.
ഖത്തറിന്റെ സാംസ്കാരിക വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന മുന്നേറ്റമാണ് ഈ പങ്കാളിത്തമെന്നും രാജ്യത്തിനകത്ത് വിനോദസഞ്ചാരം ഉത്തേജിപ്പിക്കുന്നതിലും ലോകത്തിന് മുന്നിൽ ഖത്തരി സംസ്കാരം അവതരിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നതായും ഖത്തർ മ്യൂസിയം അറിയിച്ചു.
മ്യൂസിയങ്ങളുടെയും സാംസ്കാരിക അടയാളങ്ങളുടെയും സമ്പന്നമായ ശേഖരം വികസിപ്പിക്കുന്നതിലും, ലോകോത്തര കൺവെൻഷനുകൾക്കും പ്രദർശനങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നതിലും ഊന്നൽ നൽകുന്നതിനാൽ സംഘടനയുമായുള്ള ബന്ധം ഖത്തറിന്റെ വിഷൻ 2030 തന്ത്രങ്ങളുമായി ഒത്തു ചേരുന്നതായും ഖത്തർ മ്യൂസിയം വ്യക്തമാക്കി.
സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേഷൻ നേടുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഖത്തർ മ്യൂസിയം ഇന്റർ നാഷനൽ കോഓപറേഷൻ ആൻഡ് ഗവൺമെന്റ് അഫയേഴ്സ് വിഭാഗം മേധാവി ഡോ. ഫാതിമ ഹസൻ അൽ സുലൈതി പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ ലോക വിനോദസഞ്ചാര സംഘടനയിലെ അംഗീകാരം യാഥാർഥ്യമാക്കുന്നതിൽ ഖത്തർ ടൂറിസം നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും ഖത്തർ മ്യൂസിയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.