വിയറ്റ്‌നാം, ഫ്രഞ്ച് ഇന്തോ-ചൈനയുടെ ഭാഗമായിരുന്ന കാലത്ത് 1891ല്‍ നിർമിച്ചതാണ് ഹോചിമിന്‍ സിറ്റിയിലെ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസ്. നഗരഹൃദയത്തില്‍ത്തന്നെയുള്ള ഒരു ടിപ്പിക്കല്‍ ഫ്രഞ്ച് കൊളോണിയല്‍ നിർമിതി. പഴയ സെയ്‌ഗണില്‍ ആദ്യമായി എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ പ്രതീകാത്മക മന്ദിരം. ചരിത്രസ്മൃതികളുണർത്തുന്ന ഈ കെട്ടിടത്തിന്‍റെ നിർമാണത്തില്‍, ഫ്രഞ്ച്- ഗോഥിക്- നവോത്ഥാന രീതികളുടെയും ഏഷ്യന്‍ ശിൽപമാതൃകകളുടെയും മിശ്രണം കാണാം. റോമന്‍ ശൈലിയിലുള്ളവയാണ് കമാനങ്ങളും വാതിലുകളും. തെളിഞ്ഞ ഇളം മഞ്ഞനിറക്കൂട്ടിനിടയില്‍ വെണ്ണിലാശോഭയാര്‍ന്ന ചെറിയ ചതുരക്കള്ളികളുള്ള പുറംഭാഗം. പച്ചച്ചായമടിച്ച ജനലുകളും വാതായനങ്ങളും. പ്രധാനകവാടത്തിനു മുകളില്‍ ഒരു വലിയ ഘടികാരം.
ഉള്ളിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ വിസ്മയിച്ചുപോവും, ഇതുപോലൊരു പോസ്റ്റ്ഓഫിസ് മുമ്പ് കണ്ടിട്ടില്ല. അത്രത്തോളം പകിട്ടേറിയ അകത്തളം. രണ്ടുനിരകളിലായി ഹരിതവർണത്തിലുള്ള സ്റ്റീല്‍തൂണുകള്‍. പിന്നെയും പിന്നെയും നോക്കാന്‍ കൊതിപ്പിക്കുന്ന സുന്ദരമായ മേല്‍ക്കൂര, ചിത്രാങ്കിതമായ മാര്‍ബിള്‍ പതിച്ച നിലം. ഒരു തലക്കല്‍, മുകളിലായി ഹോചിമിന്‍റെ വലിയ ഛായാചിത്രം.
ചുവരുകളില്‍ രണ്ടു ഭൂപടങ്ങള്‍. തെക്കന്‍ വിയറ്റ്‌നാമിലെയും കംബോഡിയയിലെയും ടെലിഗ്രാഫ് ലൈനുകള്‍ രേഖപ്പെടുത്തിയതാണ് ഒരെണ്ണം. മറ്റൊരു മാപ്പില്‍ 1892ലെ സെയ്ഗണ്‍ വരച്ചുവെച്ചിരിക്കുന്നു. പിന്നെ, എണ്ണച്ചായ ചിത്രങ്ങളും. സ്റ്റാമ്പ് വാങ്ങാനും സ്വദേശങ്ങളിലുള്ള പ്രിയപ്പെട്ടവര്‍ക്ക് കത്തുകളയക്കാനുമായി കൗണ്ടറുകള്‍ക്കരികെ ആളുകള്‍ കൂടിനില്‍പ്പുണ്ട്. സന്ദര്‍ശനത്തിന്‍റെ ഓർമകളെ ഓമനിക്കാനുള്ള സുവനീറുകള്‍ വാങ്ങാനുള്ള ആവേശത്തിലാണ് മറ്റുചിലര്‍. ശിൽപഭംഗി മുറ്റിനില്‍ക്കുന്ന അകത്തളങ്ങളും നിരത്തിവെച്ച, കൗതുകം ജനിപ്പിക്കുന്ന പ്രദര്‍ശനവസ്തുക്കളും കണ്ടുകണ്ട് നടക്കുകയാണ് വേറെചിലര്‍. ഓരോ ഇനങ്ങളും നമുക്ക് പരിചയപ്പെടുത്താന്‍, എല്ലാ സ്റ്റാളുകളിലും നിറചിരിയുമായി വിയറ്റ്‌നാമീസ് പെണ്‍കുട്ടികള്‍ കാത്തുനില്‍പ്പുണ്ട്.
സ്റ്റാമ്പ് ഫയലുകള്‍ മാത്രമല്ല അവിടെ വിൽപനക്കുള്ളത്. ഗ്രീറ്റിങ് കാര്‍ഡുകള്‍, ഫോട്ടോ കാര്‍ഡുകള്‍ പാവകള്‍, കളിക്കോപ്പുകള്‍ എന്നിവയെല്ലാമുണ്ട്. മാലകളും വളകളും മോതിരങ്ങളും വാങ്ങാം. കളിമണ്ണിലും തടിയിലും രൂപപ്പെടുത്തിയ, വർണചിത്രങ്ങള്‍ വരച്ചിട്ട കൊച്ചുകൊച്ചു പാത്രങ്ങളും ആഭരണപ്പെട്ടികളും ചായക്കോപ്പകളും ആഷ് ട്രേകളും ഭിത്തിയില്‍ തൂക്കിയിടാവുന്ന ചിത്രമെഴുത്തുകളും കണ്ടു. വിയറ്റ്‌നാം തൊപ്പിയണിഞ്ഞ സ്ത്രീപുരുഷന്മാരുടെ മനോഹര ശിൽപങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു.
മിനുക്കിവെച്ച പഴയ സ്കൂള്‍ ഫോണ്‍ ബൂത്ത്, കവറുകളില്‍ സ്റ്റാമ്പ് പതിപ്പിക്കാനുള്ള പശക്കുപ്പികള്‍, പ്രിയമുള്ളോര്‍ക്ക് കത്തെഴുതാനുള്ള സ്ഥലം എല്ലാം വൃത്തിയോടെ കാണാം. ശ്രദ്ധാപൂർവം സംരക്ഷിച്ചുപോരുന്ന, സൗത്ത്-ഈസ്റ്റ് ഏഷ്യയിലെ മോടിയേറിയ അപൂർവം തപാലാപ്പീസുകളില്‍ ഒന്നാണിത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചരവരെയാണ് പ്രവൃത്തിസമയം. എന്നിരുന്നാലും സഞ്ചാരികള്‍ക്കുവേണ്ടി ഏഴുമണിവരെ തുറന്നുവെക്കാറുണ്ട് ഇവിടം.
വാൻഗോയുടെ എഴുത്തുകൾ
അകത്തുള്ള ഹോചിമിന്‍റെ ചിത്രത്തിനു താഴെയായി ഒരു മനുഷ്യന്‍ ഇരിപ്പുണ്ട്, എണ്‍പത്തേഴുകാരനായ ദുവോങ് വാന്‍ഗോ. പ്രായം വകവെക്കാതെ, എഴുതാനറിയാത്തവര്‍ക്കായി ഇംഗ്ലീഷിലും ഫ്രഞ്ചിലും കത്തുകളെഴുതി നല്‍കുന്ന ഈ വയോധികന്‍ സെയ്ഗണിന്‍റെ മറ്റൊരു ഐക്കണ്‍ ആണ്. രാവിലെ ഓഫിസ് തുറക്കുന്നതുമുതല്‍ ഉച്ചക്കുശേഷം മൂന്നുമണിവരെ വാന്‍ഗോയുടെ സഹായമുണ്ടാവും. ഒരു പേജിനു വെറും 50 സെന്‍റ് മാത്രമേ പ്രതിഫലം നല്‍കേണ്ടൂ. വാന്‍ഗോയുടെ ഈ സേവനം തുടങ്ങിയിട്ട് 25 വര്‍ഷമായി. നാട്ടിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന സഞ്ചാരികളെ ഒരു പോസ്റ്റോഫിസിന്‍റെ അകത്തളത്തിലേക്ക് ആകര്‍ഷിപ്പിക്കുക! എത്ര രാജ്യങ്ങൾക്ക് കഴിയും ഇത്? സെയ്‌ഗണ്‍ ഭരണകൂടത്തിന്‍റെ ഭാവനയില്‍ വിരിഞ്ഞതുപോലുള്ള നവീനമായ ആശയങ്ങള്‍ ആർക്കും അനുകരിക്കാവുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.