വേങ്ങര: ചെണ്ടുമല്ലിക്ക് പിറകെ സൂര്യകാന്തിയും വിളയിച്ച് വിജയം കൊയ്യുകയാണ് വേങ്ങര കൂരിയാട് പാടത്തെ യുവകര്ഷകന്. കൂരിയാട് ചെമ്പൻ ഷബീറലിയാണ് (37) സൂര്യകാന്തിപ്പൂ കൃഷിയിലും വിജയഗാഥ കൊയ്യുന്നത്. ഒരേക്കറിനടുത്ത സ്ഥലത്താണ് സൂര്യകാന്തി കൃഷി ഇറക്കിയത്. ഈ പാടത്തെ മികച്ച കര്‍ഷകരിലൊരാളാണ് ഷബീറലി.
15 ഏക്കറില്‍ ഷമാം, ഒരേക്കറില്‍ തണ്ണിമത്തന്, മൂന്നേക്കറില്‍ പച്ചക്കറി തുടങ്ങിയ കൃഷികള്‍ സമീപത്തായി ഈ യുവ കര്‍ഷകനുണ്ട്. ഇതിലേക്ക് വരുന്ന ശത്രുകീടങ്ങളെ പൂവിലേക്ക് ആകര്‍ഷിക്കാനാണ് സൂര്യകാന്തിയും കൂടെ ചെണ്ടുമല്ലിയും കൃഷി ചെയ്തത്. മാര്‍ക്കറ്റില്‍നിന്ന് ലഭിച്ച ഹൈബ്രിഡ് വിത്തുകള്‍ ശാസ്ത്രീയ രീതിയിലാണ് കൃഷി ചെയ്തത്. 50 ദിവസത്തെ വളര്‍ച്ചക്ക് ശേഷം കഴിഞ്ഞ ദിവസം സൂര്യകാന്തി പൂത്തുലഞ്ഞു. ഇതോടെ കഥമാറി. നയനങ്ങള്‍ക്ക് കുളിര്മയേകുന്ന സൂര്യകാന്തി തോട്ടം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍.
സൂര്യകാന്തിപ്പൂക്കൾ ജനശ്രദ്ധയാകര്‍ഷിച്ചതോടെ ഇതിന്റെ സാധ്യതകള്‍ പഠിച്ച് വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഈ കര്ഷകന്. പരമ്പരാഗത കർഷകനായ ഷബീറലിയും സഹോദരങ്ങളും 20 ഏക്കറിലധികം ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. മികച്ച നെല്കര്ഷകന് കൂടിയായ സഹോദരന് ജാഫര്‍ നേരത്തെ ഇതേ പാടത്ത് ഓണ സീസണില്‍ മല്ലികപ്പൂ കൃഷി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.