മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ റോപ്‌വേ മുംബൈയിൽ ഒരുങ്ങുന്നു. കിഴക്കൻ തീരമായ സെവ്രിയെയും റെയ്ഗഡ് ജില്ലയിലെ എലഫെൻറ ദ്വീപിനെയും ബന്ധിപ്പിച്ചാണ് റോപ്‌വേ നിർമിക്കുന്നത്. എട്ട് കിലോമീറ്റർ നീളമുണ്ടാകും റോപ്വേക്ക്. മഹാരാഷ്ട്രയിലെ പ്രമുഖ തീർത്ഥാടന - വിനോദ സഞ്ചാര കേന്ദ്രമാണ് എലഫെൻറ ദ്വീപ്.
30 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന കാബിൾ കാറായിരിക്കും ഇവിടേക്ക് സർവിസ് നടത്തുക. സ്വദേശികൾക്ക് 500ഉം വിദേശികൾക്ക് 1000 രൂപയുമായിരിക്കും നിരക്ക്. എട്ട് കിലോമീറ്റർ സഞ്ചരിക്കാൻ 14 മിനിറ്റ് മതി. റോപ്വേക്കായി എട്ട് മുതൽ 11 വരെ തൂണുകൾ കടലിൽ നിർമിക്കേണ്ടി വരും. 50 മീറ്റർ മുതൽ 150 മീറ്റർ വരെ ഉയരമുണ്ടാകും ഈ തൂണുകൾക്ക്. മുംബൈ പോർട്ട് ട്രസ്റ്റിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. റോപ്‌വേ തുടങ്ങുന്ന സ്റ്റേഷനുകളിൽ റെസ്റ്റോറൻറ്, നിരീക്ഷണ കേന്ദ്രം, വിനോദ പരിപാടികൾ എന്നിവയും ഒരുക്കും.
മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലാണ് എലഫെൻറ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് യാത്രികരാണ് ഇവിടം സന്ദർശിക്കാറ്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് ബോട്ടുമാർഗം ഇവിടെ എത്താം. ദ്വീപിലെ ഗുഹാക്ഷ്രേത്രമാണ് പ്രധാന ആകർഷണം. ശില്പങ്ങൾ കൊണ്ട് ആകർഷകമാണ് ഇൗ ക്ഷേത്രം.
ശിവെൻറ ആരാധകരുടേതാണ് ഈ ശില്പങ്ങൾ. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അണ്ഡകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് പ്രധാനപ്പെട്ടവ. 1987ൽ എലെഫൻറ ഗുഹകളെ യുനെസ്കോ ലോകപൈതൃക പട്ടികയിലുൾപ്പെടുത്തി.
അഗ്രഹാരപുരി എന്നായിരുന്നു ഇതിെൻറ യഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരിയായി. പോർച്ചുഗീസുകാരാണ് ഇതിന് എലഫെൻറ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവർ തന്നെ ഈ സമുച്ചയത്തിെൻറ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. ഒമ്പത് മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയ സിൽഹാര വംശജരുടെ കാലത്താണ് ഇതിലെ ശിൽപങ്ങളിലധികവും നിർമിച്ചത്.
6000 ചതുരശ്ര അടിയാണ് ഈ ക്ഷേത്രസമുച്ചയത്തിെൻറ വിസ്തീർണ്ണം. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം. അറബിക്കടലിന് മുകളിലൂടെ റോപ്‌വേ കൂടി വരുന്നതോടെ ഇങ്ങോട്ട് സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.