ന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ–3 എന്ന ചാന്ദ്രപര്യവേക്ഷണ വാഹനം 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ്​ സെന്ററിൽനിന്ന് ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര പുറപ്പെടുകയാണ്. ഏകദേശം 41 ദിവസങ്ങൾക്കുശേഷം ആഗസ്റ്റ് 24ന് അത് ചന്ദ്രനെ മുത്തമിടുന്നതോടെ ചന്ദ്രനിൽ സുരക്ഷിതമായി വാഹനമിറക്കുന്ന നാലാമത്തെ ലോകരാജ്യമായി ഇന്ത്യ മാറും. 600 കോടി രൂപയാണ് ചാന്ദ്രയാൻ–3ന്റെ മൊത്തം ചെലവ്.


ലോഞ്ച് വിൻഡോ

‘ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയണം’ എന്ന മലയാളം ചൊല്ലുപോലെ, വിവിധ ആവശ്യങ്ങൾക്കായി വിക്ഷേപിക്കുന്ന ബഹിരാകാശവാഹനങ്ങൾ ലക്ഷ്യംകാണണമെങ്കിൽ എത്തേണ്ട ഗോളവുമായി ഭൂമി അടുത്തുവരുന്ന സമയം, അനുകൂല കാലാവസ്ഥ തുടങ്ങിയ പല ഘടകങ്ങളും പരിഗണിച്ച് ഏറ്റവും അനുയോജ്യമായ ഒരു സമയപരിധിയിൽ വിക്ഷേപിക്കണം. ഈ സമയപരിധിക്കാണ് ലോഞ്ച് വിൻഡോ എന്ന് പറയുന്നത്. ജൂലൈ 12നും 19നും ഇടയിലുള്ള തീയതികളാണ് ചാന്ദ്രയാൻ–3ന് നിശ്ചയിക്കപ്പെട്ട ലോഞ്ച് വിൻഡോ.

എളിമയിൽനിന്ന് പെരുമയിലേക്ക്

അമേരിക്ക മനുഷ്യനെ ചന്ദ്രനിലിറക്കിയ ശേഷമാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്​.ആർ.ഒ രൂപീകൃതമാകുന്നത്. 1969 ആഗസ്റ്റ് 15നായിരുന്നു ഐ.എസ്​.ആർ.ഒയുടെ പിറവി. ഒരു സൈക്കിളിൽ വെച്ച് കൊണ്ടു പോകാവുന്നത്ര ചെറിയ സൗണ്ടിങ് റോക്കറ്റുകൾ വിക്ഷേപിച്ച് തൃപ്തിയടയാനേ അന്ന് നമുക്ക് കഴിയുമായിരുന്നുള്ളൂ.


എന്നാൽ, ചുരുങ്ങിയ കാലംകൊണ്ട് ബഹിരാകാശരംഗത്ത് ലോകത്തിന്റെ നെറുകയിലെത്താൻ നമുക്കായി. 2017ൽ പി.എസ്​.എൽ.വി.സി 37ലൂടെ 104 ഉപഗ്രഹങ്ങളെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യ, ഒരു റോക്കറ്റ് ഉപയോഗിച്ച് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ച രാജ്യമെന്ന റെക്കോഡ് സൃഷ്​ടിച്ചു. 2013ലെ മംഗൾയാൻ ദൗത്യത്തിലൂടെ ആദ്യ ശ്രമത്തിൽതന്നെ ചൊവ്വയെ കീഴടക്കാനായ രാജ്യമെന്ന ഖ്യാതി നേടി. 2013ൽ തുടക്കംകുറിച്ച ഐ.ആർ.എൻ.എസ്​.എസ്​ പരമ്പരയിലെ ഏഴ് ഉപഗ്രഹങ്ങളിലൂടെ ജി.പി.എസിനു സമാനമായി, ഭൂമിയിൽ സ്ഥാനനിർണയം നടത്താൻ സ്വന്തമായി സംവിധാനമുള്ള മൂന്നാമത്തെ ലോകരാജ്യമെന്ന പദവിയും നാം നേടി. വിവിധ രാഷ്ട്രങ്ങളുടേതായി മുന്നൂറിനുമേൽ ഉപഗ്രഹങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപിക്കാനും നമുക്ക് കഴിഞ്ഞു.

ചന്ദ്രന്റെ അജ്ഞാത ഇടങ്ങൾ തേടി

വിവിധ രാജ്യങ്ങളുടേതായി 70 ചാന്ദ്രദൗത്യങ്ങൾ ഇതുവരെ വിജയം കണ്ടിട്ടുണ്ട്. ഇവയിൽ ആറ് ദൗത്യങ്ങൾ മനുഷ്യരെയും മൂന്നെണ്ണം റോവറുകളെയും ചന്ദ്രനിൽ ഇറക്കി. എന്നാൽ, ഇതുവരെ കാര്യമായ പര്യവേക്ഷണങ്ങൾ ഒന്നും നടന്നിട്ടില്ലാത്ത, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് ഏതാണ്ട് അടുത്തുള്ള ഒരു പ്രദേശത്താണ് ചാന്ദ്രയാൻ–3 ഇറങ്ങുന്നത്. വർഷത്തിൽ ഒരിക്കൽപോലും സൂര്യപ്രകാശം പതിക്കാത്ത പല ഗർത്തങ്ങളും ഇവിടെയുണ്ട്. അതിനാൽ ഇവിടത്തെ മണ്ണിന്റെയും ശിലകളുടെയും രാസ–ഭൗതിക ഘടനക്ക് ചന്ദ്രൻ രൂപംകൊണ്ട സമയത്തേതിൽനിന്ന് വലിയ മാറ്റം വന്നിട്ടുണ്ടാവില്ല. ഇത്തരം ഗർത്തങ്ങൾ സൗരയൂഥ രൂപവത്കരണഘട്ടത്തിന്റെ ഫോസിലുകളായി കണക്കാക്കപ്പെടുന്നു. അതിനാൽ ശാസ്​ത്രജ്ഞർക്ക് ഏറെ താൽപര്യമുള്ളതാണ് ഏറെ നിഗൂഢതകൾ നിറഞ്ഞ ഈ പ്രദേശം. എന്നാൽ, സോളാർപാനലുകൾക്ക് പ്രവർത്തിക്കാൻ വേണ്ടത്ര സൂര്യപ്രകാശം ലഭിക്കില്ല എന്നത് ഈ ദൗത്യത്തിന്റെ വെല്ലുവിളിയാണ്.

ലെസ്​ ലഗേജ്, മോർ കംഫർട്ട്


ചാന്ദ്രയാൻ-2നെപ്പോലെ ചാന്ദ്രയാൻ-3ൽ ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററില്ല. ഭാരം കുറച്ച് യാത്രയുടെ സുരക്ഷ കൂട്ടാനാണിത്. ഒപ്പം ചെലവും കുറക്കാനാവും. ചന്ദ്രനിലിറങ്ങുന്ന ലാൻഡർ, ചന്ദ്രന്റെ മണ്ണിൽ ഉരുണ്ടുനടന്ന് പരീക്ഷണങ്ങൾ നടത്തുന്ന റോവർ എന്നിവ ചേർന്നതാണ് ചാന്ദ്രയാൻ–3. ബഹിരാകാശത്തുവെച്ച് റോക്കറ്റിൽനിന്ന് വേർപെട്ട ശേഷം ലാൻഡറിനെ ചന്ദ്രനിലെത്തിക്കാൻ അതിനോട് ചേർന്ന് ഒരു െപ്രാപ്പല്ലെന്റ് മൊഡ്യൂളുമുണ്ട്. ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുടെ സ്​മരണാർഥം വിക്രം എന്നാണ് ലാൻഡറിന് പേര് നൽകിയിരിക്കുന്നത്. റോവറിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കുകയാണ് ഇതിന്റെ പ്രധാന ദൗത്യം. കൂടാതെ ഇതിലുള്ള മൂന്ന് പേലോഡുകൾ ചന്ദ്രനെക്കുറിച്ച് വിവിധ പഠനങ്ങൾ നടത്തും. ഓർബിറ്ററിൽ സ്ഥാപിച്ച നാസയുടെ ലേസർ റിേട്രാ റിഫ്ലക്ടർ അറേ ആണ് ചാന്ദ്രയാൻ 3ലെ ഏക വിദേശ നിർമിത പേലോഡ്.


സംസ്​കൃതത്തിൽ അറിവ് എന്ന് അർഥം വരുന്ന പ്രഗ്യാൻ എന്ന പേരാണ് റോവറിന് നൽകിയിട്ടുള്ളത്. (ലാൻഡറിനും റോവറിനും ഇതേ പേരുകൾ തന്നെയായിരുന്നു ചാന്ദ്രയാൻ-2ലും നൽകിയിരുന്നത്). രണ്ട് പേലോഡുകളുള്ള റോവർ ചന്ദ്രനിലൂടെ ഉരുണ്ടുനടന്ന് മണ്ണിന്റെ രാസപരിശോധനകൾ നടത്തും. വിവരങ്ങൾ ലാൻഡർ വഴി റിലേ ചെയ്ത് ഐ.എസ്​.ആർ.ഒയുടെ നിയന്ത്രണകേന്ദ്രത്തിലേക്കയക്കും.

കരുത്തൻ റോക്കറ്റിന്റെ ചിറകിലേറി


എൽ.വി.എം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്-3) റോക്കറ്റാണ് ചാന്ദ്രയാൻ-3 വിക്ഷേപിക്കാൻ ഉപയോഗിക്കുന്നത്. 43.5 മീ. ഉയരവും 640 ടൺ തൂക്കവുമുള്ള ഇതിന് എട്ടുടൺ വരെ ഭാരം (രണ്ട് ആനകളുടെ ഭാരം) ഉയർത്താൻ ശേഷിയുണ്ട്. ചാന്ദ്രയാൻ-3നെ വിക്ഷേപിക്കാൻ 348 ടൺ ഇന്ധനമാണ് ജി.എസ്​.എൽ.വി മാർക്ക്-3 റോക്കറ്റ് കത്തിച്ചുതീർക്കുക !

ഭൂമിയെ കൈവിടാതെ

ഭൂമിയിൽനിന്നുയർന്ന് പൊങ്ങി റോക്കറ്റിൽ നിന്ന് വേർപ്പെടുന്ന ചാന്ദ്രയാൻ-3 ഒരുമാസക്കാലം ഭൂമിയെത്തന്നെയാണ് ചുറ്റുക. അതിദീർഘ വൃത്തപഥത്തിലാണ് ഈ ചുറ്റൽ. ആദ്യഘട്ടത്തിൽ ഭൂമിയുടെ ഏറ്റവും അടുത്തുവരുമ്പോഴുള്ള അകലം (പെരിജി) 170 കിലോമീറ്ററും ദൂരെയാകുമ്പോഴുള്ള അകലം (അപ്പോജി) 36,500 കിലോമീറ്ററും ആയിരിക്കും. ഈ പഥത്തിൽ കറങ്ങാൻ ചാന്ദ്രയാന് പ്രത്യേകിച്ച് ഇന്ധനം ആവശ്യമില്ല.


തള്ളിവിടുന്ന സമയത്ത് റോക്കറ്റ് നൽകുന്ന പ്രവേഗം ഇതിനെ മുന്നോട്ടു ചലിപ്പിക്കും. ഭൂമിയുടെ ഗുരുത്വാകർഷണബലം ഇതിന്റെ ദിശയെ ഭൂമിക്കുനേരെ വളക്കും. ഈ രണ്ട് ബലങ്ങളും സന്തുലിതമായതിനാൽ മറ്റൊരു ബലം പ്രയോഗിക്കപ്പെടുന്നതു വരെ അത് സ്ഥിരപാതയിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കും. പിന്നീട് ചാന്ദ്രയാനിലെ െപ്രാപ്പല്ലന്റ് മൊഡ്യൂളിലുള്ള ഇന്ധനം കത്തിച്ച് ഭ്രമണപഥം ഘട്ടംഘട്ടമായി ഉയർത്തും.

അമ്പിളിയുടെ മടിത്തട്ടിലേക്ക്

അവസാനവട്ട പഥം ഉയർത്തലോടെ ചാന്ദ്രയാൻ-3, ചിത്രത്തിൽ കാണിച്ച ലൂണാർ ട്രാൻസ്​ഫർ ട്രാജെക്ടറിയിൽ എത്തുന്നു. ഈ പഥത്തിലൂടെ സഞ്ചരിച്ച് ചാന്ദ്രസമീപം എത്തുമ്പോൾ റിയാക്ഷൻ വീൽ എന്ന സംവിധാനം ഉപയോഗിച്ച് പേടകത്തെ 3600 തിരിക്കുന്നു. ഒപ്പം ഓൺബോഡ് മോട്ടോറുകൾ പ്രവർത്തിപ്പിച്ച് വേഗം ഗണ്യമായി കുറക്കുന്നു. അതോടെ ചന്ദ്രന്റെ ഗുരുത്വാകർഷണബലത്തിന് വിധേയമായി പേടകം ചന്ദ്രനെ ചുറ്റാൻ തുടങ്ങുന്നു. പിന്നീട് ഡീബൂസ്റ്റിങ് വഴി പഥം 100 കി.മീ.x100 കി.മീ. ആയി കുറക്കുന്നു. ഈ പഥത്തിൽവെച്ച് െപ്രാപ്പല്ലെൻ്റ് മൊഡ്യൂളിൽനിന്ന് വേർപ്പെടുന്ന ലാൻഡർ ചന്ദ്രനിലേക്ക് ഇറങ്ങുന്നു.


വിക്ഷേപണം കഴിഞ്ഞ് ഏതാണ്ട് 42 ദിവസങ്ങൾ കഴിഞ്ഞ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് 69.370 സൗത്തിനും 32.350 ഈസ്റ്റിനും ഇടയിൽ 4 കി.മീ. X 2.4 കി.മീ. വിസ്​തൃതി വരുന്ന ഒരു സമതലത്തിൽ ലാൻഡർ ഇറങ്ങും. അതിന്റെ വാതിൽ തുറന്ന് ഒരു ചരിവുതലത്തിലൂടെ റോവറും ചന്ദ്രനിലിറങ്ങും. ലാൻഡറും റോവറും 14 ദിവസം ചന്ദ്രനിൽ വിവിധ പരീക്ഷണങ്ങൾ നടത്തും. ഇവ ശാസ്​ത്രലോകത്തിന് ഒട്ടേറെ വിലപ്പെട്ട വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കാം.

Tags:    
News Summary - ISROs Chandrayaan 3 Lunar Mission Launch On July 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.