ലോകത്തെ മനഃസാക്ഷിയുള്ള ഒരു വ്യക്തിയും മറക്കാന്‍ സാധ്യതയില്ലാത്ത ഒരു കൊടുംക്രൂരതയുടെ ഒാർമകളിലൂടെയുള്ള പ്രയാണമാണ് ആഗസ്റ്റ് ആറിനും ഒമ്പതിനും സംഭവിക്കുന്നത്. ഹിരോഷിമയും നാഗസാക്കിയും അണുബോംബിെൻറ വികൃതമുഖം നമുക്ക് കാണിച്ചുതന്നതോടൊപ്പം യുദ്ധത്തിെൻറ ഭീകരത എത്രത്തോളമാണെന്നും അത് മാനവരാശിക്ക് എത്ര ദോഷകരമാണെന്നും വിളിച്ചുപറഞ്ഞു. രണ്ടാം ലോകയുദ്ധം അതിെൻറ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ അമേരിക്ക ഹിരോഷിമയില്‍ വിതച്ച ആ അണുബോംബ് ഇന്നും എല്ലാവര്‍ക്കും ഒരു തീരാദുഃഖത്തിെൻറ ഒാർമയാണ്. 1941 ഡിസംബര്‍ ഏഴിന് അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1945 ജൂലൈ 26ന് അമേരിക്കൻ പ്രസിഡൻറ് ഹാരി എസ്. ട്രൂമാനും മറ്റു സഖ്യനേതാക്കളും പോട്സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു ലോകംകണ്ട കൊടുംക്രൂരതയുടെ അരങ്ങേറ്റം.
രണ്ടാം ലോകയുദ്ധത്തിെൻറ തുടക്കത്തില്‍ 1939ൽ വിഖ്യാത ശാസ്ത്രജ്ഞന്‍ ആൽബർട്ട് െഎൻസ്ൈറ്റൻ അന്നത്തെ യു.എസ് പ്രസിഡൻറായ ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിനെ യുറേനിയം എന്ന മൂലകത്തിെൻറ പ്രാധാന്യത്തെപ്പറ്റിയും ജര്‍മന്‍ നാസികള്‍ ഇതുപയോഗിച്ച് ആറ്റം ബോംബ് വികസിപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും കത്തിലൂടെ ധരിപ്പിച്ചതു മുതലാണ് കാര്യങ്ങളുടെ തുടക്കം. E= mc2 എന്ന െഎൻസ്റ്റൈനിയൻ സിദ്ധാന്തമാണ് അണുബോംബിെൻറ മൂലതന്തു. ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ച 'ഓട്ടോഹാന്‍' എന്ന ജർമൻ ശാസ്ത്രജ്ഞൻ ഇക്കാര്യം അഡോൾഫ് ഹിറ്റ്ലറെ ധരിപ്പിച്ചെങ്കിലും ബോംബ് വികസിപ്പിച്ചെടുക്കാൻ കാലതാമസമെടുക്കുന്നതിനാൽ അത് പ്രാവർത്തികമാക്കാൻ ഹിറ്റ്ലർ തിടുക്കംകാണിച്ചില്ല. എന്നാൽ, ജര്‍മനിയെക്കാള്‍ വേഗത്തിൽ അണുബോംബ് നിര്‍മിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 250 കോടി ഡോളര്‍ ചെലവിട്ട് ആണവ ഗവേഷണ കേന്ദ്രം അമേരിക്ക സഖ്യകക്ഷികളുടെ പിന്തുണയോടെ രൂപപ്പെടുത്തുകയും ചെയ്തു. പ്രോജക്ടിനായി ഓപന്‍ഹീമര്‍ ഉൾെപ്പടെയുള്ള കുടിയേറ്റക്കാരായ ശാസ്ത്രജ്ഞരുടെ കൂട്ടായുള്ള പരിശ്രമവും അതിെൻറ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. 'മാന്‍ഹാട്ടന്‍ പ്രോജക്ട്' എന്നായിരുന്നു നാമകരണം ചെയ്തത്. ഒടുവിൽ ആറു വര്‍ഷക്കാലത്തെ ഗവേഷണങ്ങളുടെ ഫലമായി 1945 ജൂലൈയില്‍ ന്യൂമെക്സികോയിലെ അലാമോഗാര്‍ഡോവിൽ 'ട്രിനിറ്റി' എന്നപേരില്‍ ലോകത്തെ ആദ്യ ആണവ പരീക്ഷണം നടത്തി ആണവായുധ യുഗത്തിന് അമേരിക്ക തുടക്കംകുറിച്ചു. അമേരിക്കയുടെയും ബ്രിട്ടെൻറയും ഭരണകർത്താക്കളായ റൂസ്വെൽറ്റിനെയും വിൻസ്റ്റൻ ചർച്ചിലിനെയും അനുസ്മരിച്ച് ബോംബുകൾക്ക് 'മെലിഞ്ഞ മനുഷ്യന്‍' എന്നും 'തടിച്ച മനുഷ്യന്‍' എന്നും അർഥംവരുന്ന 'ലിറ്റില്‍ ബോയ്', 'ഫാറ്റ് മാന്‍' എന്നീ പേരിട്ടു.
റൂസ്വെൽറ്റിെൻറ നിര്യാണത്തെ തുടർന്ന് വൈസ് പ്രസിഡൻറായിരുന്ന ഹാരി എസ്. ട്രൂമാന്‍ പ്രസിഡൻറായി. ജർമനി തോൽവി സമ്മതിച്ചെങ്കിലും ജപ്പാനില്‍നിന്ന് ഉയര്‍ന്നുവന്ന കടുത്ത പ്രതിരോധം സഖ്യകക്ഷികളുടെ വിജയം അകലെയാക്കി. ട്രൂമാന്‍ നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു. ഒരു സൈനികനെപ്പോലും നഷ്ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നതും കോടികൾ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്ന വാദവും പിന്തുണയേകിയതോടെ ലോകത്തുനിന്നും സ്വരാജ്യത്തു നിന്നുമുയർന്ന സകല എതിർവാദങ്ങളും നിഷ്ഫലമാക്കി അമേരിക്ക ജപ്പാനിൽ അണുബോംബ് വർഷിച്ചു.
1945 ആഗസ്റ്റ് ആറാം തീയതി. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പുലർച്ച ശാന്തസമുദ്രത്തിലെ മറിയാന ദ്വീപസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന് എനോളഗെ ബി 29 എന്ന അമേരിക്കന്‍ ബോംബർ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോൺഷൂ ദ്വീപ് നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനത്തിെൻറ ഉൾവശത്ത് 12 സൈനികരും പുറത്ത് ഒരു കൊളുത്തില്‍ തൂങ്ങി സർവസംഹാരിയായ 'ലിറ്റില്‍ ബോയ്' എന്ന അണുബോംബും. ഹിരോഷിമയിലെ ജനങ്ങൾ പതിവുപോലെ തന്നെ തങ്ങളുടെ ജോലികൾക്ക് പുറപ്പെടുന്ന തിരക്കിലായിരുന്നു. യുദ്ധസമയമായതിനാൽ തന്നെ വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയതിനാൽ പലരും ഒാടി ട്രഞ്ചുകളില്‍ കയറി ഒളിച്ചു. വിമാനം ഹിേരാഷിമ നഗരത്തിനു മുകളിലെത്തിയ സമയം പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ ലിറ്റില്‍ ബോയിയെ വേര്‍പെടുത്തി. ഹിരോഷിമ നഗരത്തിലെ ടി ബ്രിഡ്ജായിരുന്നു ('T' ആകൃതിയിലുള്ള പാലം) ലക്ഷ്യംവെച്ചെതങ്കിലും അവിടെനിന്ന് 800 അടി മാറിയാണ് ബോംബ് പതിച്ചത്. അതിശക്തമായ ചൂടില്‍ ഹിരോഷിമ ഉരുകിയൊലിച്ചു. ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ ജനങ്ങൾ പരക്കംപാഞ്ഞു. എങ്ങും ചുവന്ന അഗ്നിഗോളങ്ങളും കത്തിക്കരിഞ്ഞ പച്ചമാംസത്തിെൻറ ഗന്ധവും മാത്രം. ആകാശംമുെട്ട ഉയർന്നുപൊങ്ങിയ കൂൺ മേഘങ്ങൾ. നിസ്സഹായരായ മനുഷ്യരുടെ കൂട്ടനിലവിളികളും ആർത്തനാദങ്ങളും, മനുഷ്യെൻറയും മൃഗങ്ങളുടെയും മൃതശരീരങ്ങൾ, ശരീരമാസകലം പൊള്ളലേറ്റ് വികൃതമായ മനുഷ്യരൂപങ്ങൾ എന്നീ കാഴ്ചകൾ മാത്രം അവശേഷിച്ചു.
ബോംബിൽ നിന്നുണ്ടായ സംഹാരശക്തി 35 ശതമാനം ചൂട്, 50 ശതമാനം കാറ്റ്, 15 ശതമാനം അണുപ്രസരണം എന്നിങ്ങനെയായിരുന്നു. തീനാളങ്ങൾ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടി ശക്തിയുള്ള ബോംബ് കരിച്ചുകളഞ്ഞത് 13 ചതുരശ്ര കി.മീ. വരുന്ന ജനവാസ മേഖലയെയാണ്. അടങ്ങാത്ത യുദ്ധാര്‍ത്തിയുടെ ഫലമായി മണ്ണിൽ പിടഞ്ഞുവീണു മരിച്ചത് ഒരു ലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്. പൊള്ളലേറ്റും മുറിവേറ്റും നീറിനീറിക്കഴിഞ്ഞ നിരവധിയാളുകൾ പിന്നീടുള്ള ദിവസങ്ങളിൽ പിടഞ്ഞുപിടഞ്ഞ് മരിച്ചു. ഇതിെൻറ അനന്തരഫലമായി അണുവികിരണത്തിൽപെട്ട് ജനിതക വൈകല്യങ്ങളോടെ ജനിച്ചുവീണത് രണ്ടു ലക്ഷത്തോളം പേര്‍. ജപ്പാന്‍ അമേരിക്കയുടെ പേള്‍ഹാർബർ തുറമുഖത്ത് നടത്തിയ ആക്രമണത്തിെൻറ തിരിച്ചടിയെന്നോണമായിരുന്നു ഹിരോഷിമയിലെ ഈ അണുബോംബ് ആക്രമണം. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിനു ശേഷം അമേരിക്കന്‍ പ്രസിഡൻറ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിെൻറ ഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു. എന്നാൽ, കീഴടങ്ങാനായി ജാപ്പനീസ് ചക്രവർത്തി ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചു.
എന്നാൽ, ഇത് അംഗീകരിക്കാൻ വിസമ്മതിച്ച അമേരിക്ക മറ്റൊരു ആക്രമണംകൂടി നടത്തി. ഇത്തവണ മനുഷ്യവേട്ടക്കായി തിരഞ്ഞെടുക്കപ്പെട്ടത് ഫാറ്റ്മാനായിരുന്നു. മൂന്നു ദിവസത്തിനുശേഷം ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി. നാൽപതിനായിരം പേര്‍ തൽക്ഷണം മരിച്ചുവീണു. മരണസംഖ്യക്ക് കുറവൊന്നും വന്നില്ല. ഹിരോഷിമയിലെ അത്രയും ആളുകൾതന്നെ നാഗസാക്കിയിലും മരിച്ചുവീണു. ലോകചരിത്രത്തിൽ ഇന്നേവരെ ആണവായുധം പ്രയോഗിക്കപ്പെട്ട രണ്ടു സന്ദർഭങ്ങളായിരുന്നു ഇവ. യുദ്ധത്തിൽ ജയിക്കാനായി സഖ്യകക്ഷികളിൽപെട്ട അമേരിക്കയുടെ മഹാപാതകത്തിെൻറ ഫലമായി ആഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിച്ചു. എന്നാൽ, യുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ അതിൽ വിലപിച്ചിരിക്കാതെ വർധിത വീര്യത്തോടെ തിരിച്ചുവന്നു. വിധിയോട് പൊരുതിനേടിയ അവരുടെ വിജയങ്ങൾ കാണണമെങ്കിൽ അണുബോംബ് തകർത്ത ഹിരോഷിമയുടെയും നാഗസാക്കിയുടെയും ചിത്രങ്ങൾ ഗൂഗിളിൽ പരതിയാൽ മതി. അത്രക്ക് മനോഹരമായാണ് അവർ ആ നഗരങ്ങൾ പുനർനിർമിച്ചിരിക്കുന്നത്. ഇനിയൊരു യുദ്ധം നമുക്ക് വേണ്ടെന്ന സന്ദേശം പകർന്നുകൊണ്ട്.
എന്താണ് ഹൈഡ്രജന്‍ ബോംബ് എന്ന് മനസ്സിലാക്കുമ്പോഴാണ് ലോകം കൂടുതല്‍ ആശങ്കയിലാകുന്നത്. ഒരു ബോംബിനുള്ളില്‍ പല ബോംബുകള്‍ –അതാണ് തെര്‍മോ ന്യൂക്ലിയര്‍ ബോംബ് എന്ന ഹൈഡ്രജന്‍ ബോംബ്. അണുബോബിനെക്കാള്‍ 1000 മുതല്‍ 5000 വരെ മടങ്ങ് ശക്തിയേറിയതാണ് ഹൈഡ്രജന്‍ ബോംബ്. എന്നാല്‍, വലുപ്പം വളരെ കുറവുമാണ്. ആണവായുധം നമ്മുടെ തലക്കുമുകളില്‍ വീഴാനുള്ള സാധ്യതയെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ന് യു.എസ്, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ, പാകിസ്താന്‍, ഉത്തര കൊറിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളും ആണവശക്തികളായി മാറിയിരിക്കുകയാണ്. മനുഷ്യനന്മക്കായി തങ്ങൾ നടത്തിയ കണ്ടുപിടിത്തങ്ങൾ വൻ നാശത്തിനുമാത്രം പ്രയോജനമായതിൽ മനസ്സുനീറിയാണ് പല ശാസ്ത്രജ്ഞന്മാരും അവരുടെ അവസാന കാലങ്ങൾ കഴിച്ചുകൂട്ടിയത്. യുദ്ധങ്ങൾ ഇല്ലാതാക്കാൻവേണ്ടി താൻ നടത്തിയ കണ്ടുപിടിത്തം ജനങ്ങളെ കൊന്നൊടുക്കാൻ ഉപയോഗിക്കുന്നത് കണ്ടാണ് ആൽഫ്രഡ് നൊബേൽ എന്ന ശാസ്ത്രജ്ഞൻ തെൻറ പേരിൽ 'സമാധാനത്തിനുള്ള പുരസ്‌കാരം' പ്രഖ്യാപിച്ചത്. അതുപോലെ, തെൻറ സിദ്ധാന്തം, ലോകംകണ്ട ഏറ്റവും ക്രൂരമായ മനുഷ്യവേട്ടക്ക് ഉപയോഗിക്കപ്പെട്ടതിൽ ആൽബർട്ട് ഐൻസ്‌റ്റൈനും പശ്ചാത്തപിച്ചിരുന്നു.
ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി 1945 ഒക്ടോബർ 24ന് രൂപവത്കരിച്ച െഎക്യരാഷ്ട്ര സംഘടനക്ക് പിന്നീടൊരു ലോകയുദ്ധം നടക്കുന്നതിന് തടയിടാൻ സാധിച്ചെങ്കിലും ലോകത്തിെൻറ പലഭാഗങ്ങളിലായി ഇന്നും നിരപരാധികളായ ജനങ്ങൾ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഫലമായി മരിച്ചുവീഴുന്നു. ഭൂമിയെ ഇന്നും ആണവമുക്തമാക്കാൻ യു.എന്നിന് സാധിച്ചിട്ടില്ല.
അണുബോംബ് ആക്രമണത്തിെൻറ നേര്‍സാക്ഷ്യങ്ങള്‍ വ്യക്തമായി അറിയണമെങ്കില്‍ ഒരു പ്രാവശ്യം ഹിരോഷിമ പീസ് മെമ്മോറിയത്തില്‍ അഥവാ ഹിരോഷിമ ശാന്തി സ്മാരക ഉദ്യാനത്തിൽ എത്തിയാൽ മതി. ആക്രമണത്തിൽ മരിച്ചവരുടെ ഒാർമക്കായി നിർമിച്ച സ്മാരകം പ്രത്യേക രൂപത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന മ്യൂസിയം സമാധാനത്തിെൻറ പ്രതീകമായാണ് നിലകൊള്ളുന്നത്. മ്യൂസിയത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കാണാനാകുക ബോംബാക്രമണത്തിന് മുമ്പുള്ള ഹിരോഷിമ നഗരത്തിെൻറ ത്രിമാന ദൃശ്യങ്ങളാണ്. ബോംബാക്രമണത്തിെൻറ ഭീകരത എത്രത്തോളമാണെന്ന് മുന്നോട്ടുള്ള കാഴ്ചകളിൽ വ്യക്തമാകുന്നു. യുദ്ധഭീകരത ദൃശ്യമാകുന്ന ഷിഗോമ എന്ന വിദ്യാര്‍ഥിയുടെ കത്തിക്കരിഞ്ഞ ചോറ്റുപാത്രം, യൂനിഫോമുകള്‍, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, നഗരത്തിെൻറയും ജനങ്ങളുടെയും കഥകള്‍ എന്നിവ ചിത്ര, വിഡിയോ, ശബ്ദസന്ദേശങ്ങളായി സന്ദര്‍ശകരുടെ മുന്നിലെത്തും. ഹിരോഷിമയില്‍ വര്‍ഷിക്കപ്പെട്ട 'ലിറ്റില്‍ ബോയ്' ബോംബിെൻറ മാതൃകയും ഇവിടത്തെ മറ്റൊരാകര്‍ഷണമാണ്. ആക്രമണത്തിനു ശേഷം ഹിരോഷിമയിൽ പെയ്ത കറുത്തമഴയുടെ നേര്‍സാക്ഷ്യമുണ്ടിവിടെ. മരിച്ച പതിനായിരക്കണക്കിനു ജനങ്ങളുടെ ഉടയാടകളുടെയും ബോംബ് വീണ സമയമായ 8.15ന് നിലച്ചുപോയ ഘടികാരത്തിെൻറയും കാഴ്ചകള്‍ ആ നിമിഷത്തിെൻറ ഭീകരതയുടെ തീവ്രത നാം ഓരോരുത്തരിലും എത്തിക്കുന്നു. ദുരന്തത്തിനിരയായ ജനങ്ങളുടെ അനുഭവക്കുറിപ്പുകളും ശബ്ദസന്ദേശങ്ങളും നമുക്ക് കാണാന്‍ കഴിയും. ആക്രമണത്തിനു ശേഷമുള്ള നഗരത്തിെൻറ ദൃശ്യങ്ങള്‍ ചിത്രങ്ങളായി മ്യൂസിയത്തിെൻറ ചുവരില്‍ തൂക്കിയിട്ടിരിക്കുന്നു. ആണവമുക്ത ലോകം പടുക്കാനായി നമുക്ക് ലോകത്തിന് നല്‍കാനുള്ള നിര്‍ദേശങ്ങള്‍ രേഖപ്പെടുത്താനും ഇവിടെ അവസരം ലഭ്യമാണ്. നിരവധി നിരവധിയാളുകൾ നൽകിയ നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചതായി കാണാം.
നാഗസാക്കിയില്‍ ബോംബ് വീണ സമയം പകല്‍ 11.02 ആയതിനാല്‍ ആ സമയത്ത് നിശ്ചലമായ ഘടികാരമാണ് നാഗസാക്കി അറ്റോമിക് മ്യൂസിയത്തിെൻറ തുടക്കത്തില്‍തന്നെ സ്ഥാപിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ജീവഹാനി സംഭവിച്ച ദുരന്തത്തിെൻറ പ്രതീകങ്ങളായി തകര്‍ന്ന വസ്തുക്കളുടെ ശേഖരങ്ങള്‍, മരിച്ചവരുടെ അവശേഷിപ്പുകള്‍, അംഗവൈകല്യം സംഭവിച്ച ജനതയുടെ ദൃശ്യാവിഷ്‌കാരങ്ങള്‍, വര്‍ഷിക്കപ്പെട്ട ബോംബിെൻറ അവശിഷ്ടങ്ങള്‍ എന്നിവ നിലകൊള്ളുന്നു. ഹിരോഷിമയും നാഗസാക്കിയും ബോംബ് വര്‍ഷിക്കാനായി തിരഞ്ഞെടുക്കാനുണ്ടായ കാരണവും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. നൂതനമായ ആണവായുധ ശേഖരങ്ങളാണ് നാഗസാക്കി മ്യൂസിയത്തെ ഹിരോഷിമ മ്യൂസിയത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ഓരോ മുറിയിലുമുള്ള ആണവായുധങ്ങളും ജാപ്പനീസ് ജനത ഇന്നും അനുഭവിക്കുന്ന യാതനകളും അനുഭവിച്ചറിയുമ്പോള്‍ ഓരോ സന്ദര്‍ശകനും ആണവായുധങ്ങള്‍ മനുഷ്യകുലത്തിനു വേണ്ടേ വേണ്ടെന്ന് ആണയിട്ടു പറയുമെന്നാണ് മ്യൂസിയം അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്.
വലിയ ഒരു ദൗര്ഭാഗ്യത്തിെൻറ ഇരകള്‍ കൂടിയാണ് നാഗസാക്കിയിലെ ജനങ്ങള്‍. കാരണം, രണ്ടാം അണുബോംബാക്രമണത്തിനായി അമേരിക്ക ആദ്യം തിരഞ്ഞെടുത്ത നഗരം നാഗസാക്കിയായിരുന്നില്ല. 'കൊക്കൂറ'യെന്ന നഗരത്തിലെ കാലാവസ്ഥ മോശമായതു കാരണമാണ് ദുര്‍വിധി നാഗസാക്കിയെ തേടിയെത്തിയത്. ബോംബാക്രമണത്തിന് അമേരിക്ക പദ്ധതിയിട്ട ദിനം കൊക്കൂറയിലെ ആകാശം വ്യോമാക്രമണത്തിന് പ്രതികൂലമായ രീതിയില്‍ മേഘാവൃതമായി മാറി. ഇതിനാലാണ് കൊക്കൂറയെ പിന്തള്ളി നാഗസാക്കിക്ക് നറുക്കു വീണത്.
ഹിരോഷിമയിൽ ബോംബ് വർഷിച്ച എനോളഗ ബോംബർ വിമാനത്തിെൻറ ക്യാപ്റ്റൻ -ക്യാപ്റ്റൻ വില്യം എസ്. പാർസൻ
അമേരിക്കയുടെ പേൾ ഹാർബർ തുറമുഖം ആക്രമിച്ചതിനു പകരമായാണ് ജപ്പാനിൽ ആണവായുധപ്രയോഗം നടത്തിയത്.
ലോകത്തിലെ ഒന്നാമത്തെ അണുബോംബ് -ദ ഗാഡ്ജെറ്റ് (ലിറ്റിൽ ബോയ് പരീക്ഷിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് മെക്സിക്കൻ മരുഭൂമിയിൽ പരീക്ഷിച്ച് വിജയിച്ചത്)
ഫാറ്റ്മാൻ ബോംബ് വഹിച്ച വിമാനം-ബോസ്കർ
ബോസ്കർ പറത്തിയ പൈലറ്റ് - മേജർ സ്വീനി
ലിറ്റിൽ ബോയിയിൽ ഉപയോഗിച്ച അണു- യുറേനിയം 235
ഫാറ്റ്മാൻ നിർമിച്ച ഇന്ധനം- പ്ലൂേട്ടാണിയം 239
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് സ്ഫോടന ഇരകൾ അറിയപ്പെടുന്നത് ^ ഹിബാക്കുഷ (സ്േഫാടന ബാധിത ജനത എന്നാണ് ജാപ്പനീസ് ഭാഷയിൽ ഇതുകൊണ്ട് അർഥമാക്കുന്നത്).
സഡാക്കോ എന്ന കൊച്ചുമിടുക്കിയായ ജാപ്പനീസ് പെൺകൊടിയെ നാം നിർബന്ധമായും പരിചയപ്പെട്ടിരിക്കണം. ഒാട്ടക്കാരിയാവണം എന്നാഗ്രഹിച്ച് രണ്ടാം വയസ്സിൽ തെൻറ ജീവിതത്തിൽ അണുബോബ് വിതച്ച ഭീകരതയെ സമാധാനത്തിെൻറ പ്രതീകങ്ങളായ വെളുത്ത കൊക്കുകള്‍ ഉണ്ടാക്കി മറികടക്കാൻ ആഗ്രഹിച്ചവള്‍. അണുബോംബിെൻറ ക്രൂരതക്കിരയായി രക്താർബുദം ബാധിച്ചു മരിക്കുേമ്പാൾ അവള്‍ക്കു 12 വയസ്സ് മാത്രമായിരുന്നു. ജപ്പാൻകാർക്ക് കൊക്കുകൾ പവിത്രമായ പക്ഷികളാണ്. കടലാസുകൊണ്ട് 1000 വെള്ളക്കൊക്കുകളെ നിർമിച്ചാൽ ആഗ്രഹിക്കുന്നതെന്താണോ അത് സാധിക്കുമെന്ന വരം ലഭിക്കുമെന്ന ഉപദേശം ലഭിച്ച അവൾ അതിനായി പരിശ്രമം തുടങ്ങി. തന്നെ തളർത്തുന്ന കഠിനമായ വേദനകൾക്കിടയിലും സഡാേക്കാ കൊക്കുകളെ നിർമിച്ചുകൊണ്ടേയിരുന്നു. ചില ദിവസങ്ങളിൽ അവൾ അനേകം കൊക്കുകളെ നിർമിച്ചു. രോഗം വല്ലാതെ തളർത്തിയ സമയങ്ങളിൽ ഒന്നോ രണ്ടോ എണ്ണം നിർമിച്ചു. എന്നാൽ, 644 കൊ
ക്കുകളെ ഉണ്ടാക്കിത്തീർത്ത അവളെ മരണം കൊണ്ടുപോയി. രോഗാവസ്ഥയിലും ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതിരുന്ന അവൾ പക്ഷേ, മരണത്തിനു മുന്നിൽ കീഴടങ്ങി. പിന്നീട് അവളുടെ ചങ്ങാതിമാർ ബാക്കി 356 കൊക്കുകളെക്കൂടി നിര്‍മിച്ചു തങ്ങളുടെ കൂട്ടുകാരിയുടെ ഓര്‍മകളില്‍ പങ്കുചേര്‍ന്നു. സഡാക്കോ പരത്തിയ സന്ദേശം ലോകത്താകമാനം എത്തിക്കാനായി ദ പേപ്പർ ക്രെയിൻ ക്ലബ് എന്ന വേദി കൂട്ടുകാർ ചേർന്ന് രൂപവത്കരിച്ചു. അവളുടെ ഒാർമക്കായി സ്വർണക്കൊക്കുമായി നിൽക്കുന്ന പ്രതിമ ഹിരോഷിമ സമാധാന പാർക്കിൽ സ്ഥാപിച്ചു. അവിടെ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു: 'THIS IS OUR CRY, THIS IS OUR PRAYER, PEACE IN THE WORLD'. ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന ഇൗ സന്ദേശമായിരുന്നു ആ കൊച്ചു പെൺകുട്ടി തെൻറ ജീവിതത്തിലൂടെ പകർന്നുനൽകിയത്. സഡാക്കോവിനെയും അവളുടെ പോരാട്ടങ്ങളെയും അനുസ്മരിച്ച് സമാധാന സന്ദേശങ്ങളുയർത്തി കടലാസുകൊക്കുകളുണ്ടാക്കി മാലയാക്കി പശ്ചാത്തലത്തിലുള്ള ചുവരുകളിൽ തൂക്കാറുണ്ട്. ബഹുവർണങ്ങളിൽ നിർമിതമായ ആയിരക്കണക്കിന് കടലാസുകൊക്കുകൾ.ലോകത്തിലെ ഒാരോ കുട്ടിയുടെയും ആത്മവിശ്വാസത്തിെൻറ പ്രതിരൂപമായാണ് സഡാക്കോ നിലകൊള്ളുന്നത്.
ഹിരോഷിമയിൽ വർഷിച്ച അണുബോംബിെൻറ കോഡ്നാമമാണ് ലിറ്റിൽ ബോയ്. ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യ അണുബോംബായിരുന്നു ഇത്. യുറേനിയം^235െൻറ ന്യൂക്ലിയർ ഫിഷൻ വഴിയാണ് ബോംബിൽ ഉൗർജം ഉൽപാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിെൻറ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്റ്റൈെൻറ സമവാക്യമനുസരിച്ച് (E=mc2) ഉൗർജമാക്കി മാറ്റിയതിലൂടെ 15 കിലോടൺ ടി.എൻ.ടിയുടെ സ്ഫോടക ശേഷിയാണ് ലഭിച്ചത്. ചെയിൻ റിയാക്ഷനിലൂടെയാണ് അണുബോംബിൽ പിണ്ഡം ഉൗർജമാകുന്നത്.
ഭാരം: 9700 പൗണ്ട് (4,400 കി.ഗ്രാം)
നീളം: 120 ഇഞ്ച് (3 മീറ്റർ)
ആഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിൽ വർഷിച്ച അണുബോംബിെൻറ കോഡ് നാമമാണ് ഫാറ്റ്മാൻ. ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തേതുമായ അണുബോംബാണ് ഫാറ്റ്മാൻ. ചെയിൻ റിയാക്ഷനുവേണ്ടി ബോം
ബിൽ ഉപയോഗിച്ചത് പ്ലൂട്ടോണിയം^239 ആയിരുന്നു. 21 കിലോടൺ ടി.എൻ.ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു 4630 കിലോഗ്രാം ഭാരമുള്ള ഈ അണുബോംബിന്. ലിറ്റിൽ ബോയിയിൽ ഉപയോഗിച്ച ഇന്ധനത്തിെൻറ 1.4 ശതമാനവും ഫാറ്റ്മാൻ ബോംബിൽ 17 ശതമാനവുമാണ് ഉൗർജമായി പരിവർത്തനം ചെയ്യപ്പെട്ടത്.
രൂപകൽപന ചെയ്തത്: ലോസ് അൽമോസ്
ഭാരം: 4670 കി.ഗ്രാം
നീളം: 10.6 അടി (3.25 മീറ്റർ)
വ്യാസം: 5 അടി (1.52 മീറ്റർ)
ഇരു ആക്രമണങ്ങളിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരേയൊരു വ്യക്തിയാണ് ജാപ്പനീസ് പൗരനായ സുറ്റോമു യമഗൂച്ചി. 1945 ആഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അണുബോംബ് പതിക്കുേമ്പാൾ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് ജീവനക്കാരനും നാഗസാക്കി നിവാസിയുമായ യമഗൂച്ചി ജോലിയാവശ്യാർഥം ഹിരോഷിമയിലെത്തിയതായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യമഗൂച്ചി അന്ന് രാത്രി ഹിരോഷിമയില്‍ കഴിച്ചുകൂട്ടിയ ശേഷം പിറ്റേദിവസം 300 കിലോമീറ്റര്‍ അകലെ ജന്മനാടായ നാഗസാക്കിയിലേക്ക് മടങ്ങി. എന്നാൽ, അവിടെയും യമഗൂച്ചിയെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു.
ആഗസ്റ്റ് ഒമ്പതിന് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ച ദിവസംതന്നെ അമേരിക്ക നാഗസാക്കിയിലും ബോംബിട്ടു. ജപ്പാന്‍ സര്‍ക്കാറിെൻറ രേഖകള്‍ പ്രകാരം രണ്ടിടത്ത് ബോംബ് വര്‍ഷിച്ചപ്പോഴും സ്ഥലത്തുണ്ടായിരുന്ന ഏകവ്യക്തി യമഗൂച്ചിയാണ്. വർഷങ്ങൾക്കുശേഷം 2009 മാർച്ച് 24നാണ് ജാപ്പനീസ് സർക്കാർ ഇക്കാര്യം ഒൗദ്യോഗികമായി അംഗീകരിക്കുന്നത്. രണ്ടുതവണ റേഡിയോ വികിരണങ്ങളിൽനിന്ന് രക്ഷപ്പെട്ട തെൻറ കഥ മരണശേഷവും ആറ്റംബോംബിെൻറ ഭീകരതയെക്കുറിച്ച് പുതിയ തലമുറക്ക് അറിവ് പകർന്നുനല്‍കാൻ സഹായകമാകുമെന്നായിരുന്നു യമഗൂച്ചി കരുതിയിരുന്നത്. 93ാം വയസ്സിൽ 2010 ജനുവരി നാലിന് ആമാശയത്തിൽ അർബുദം ബാധിച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.