ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു vowel ആണ് E. ഈ അക്ഷരം ഉപയോഗിക്കാതെ വാക്കുകൾ എഴുതുകയെന്നത് ശ്രമകരമാണ്. E എന്ന അക്ഷരം ഉപയോഗിക്കാതെ ഒരു നോവൽ എഴുതിയാലോ. അസാധ്യം എന്നാവും നമ്മൾ പറയുക. എന്നാൽ E എന്ന അക്ഷരം ഉപയോഗിക്കാത്ത ഒരു നോവൽ ഇംഗ്ലീഷ് ഭാഷയിലുണ്ട്. പ്രശസ്ത എഴുത്തുകാരനായ എണസ്റ്റ് വിൻസന്റ് റൈറ്റ് എന്ന നോവലിസ്റ്റാണ് ഈ കൃതി എഴുതിയത്. 165 ദിവസം കൊണ്ട് എഴുതിയ ഈ നോവലിൽ 50,000 വാക്കുകളുണ്ട്. എന്നാൽ, ഒരിടത്തു പോലും E എന്ന അക്ഷരം അദ്ദേഹം ഉപയോഗിച്ചിട്ടില്ല.
ഏതെങ്കിലും ഒരു അക്ഷരം അല്ലെങ്കിൽ ഒന്നിലധികം അക്ഷരം ഒഴിവാക്കിയുള്ള എഴുത്ത് രീതിക്ക് ലിപോഗ്രാം എന്നാണ് പറയുന്നത്. അതിനൊരു മികച്ച ഉദാഹരണമാണ് എണസ്റ്റിന്റെ ഗാഡ്സ്ബി എന്ന നോവൽ.
E എന്ന അക്ഷരം ഉപയോഗിക്കാതെ നോവലെഴുതുക എന്നത് റൈറ്റ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ്. കാരണം the, he, she, have, they, തുടങ്ങിയ വാക്കുകളൊന്നും ഉപയോഗിക്കാൻ കഴിയില്ലായിരുന്നു.
ബ്രാൻഡ്ടൺ എന്ന സാങ്കല്പിക നഗരത്തിന്റെ കഥയാണ് ഗാഡ്സ്ബി പറയുന്നത്. നഗരത്തിന്റെ പുതിയ മേയറായി ജോൺ ഗാഡ്സ്ബി എന്ന വ്യക്തി എത്തുന്നതോടെയാണ് കഥ വികസിക്കുന്നത്. അമ്പതുകാരനായ ജോൺ തന്റെ ജന്മനാടായ ബ്രാൻഡ്ടൺ ഹിൽസിന്റെ തകർച്ചയിൽ പരിഭ്രാന്തനാവുകയും അവിടത്തെ യുവാക്കളെ മുന്നോട്ട് കൊണ്ടുവന്ന് നഗരത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനും അദ്ദേഹം ശ്രമിക്കുന്നു. ഇതിനിടയിൽ ജോണും അദ്ദേഹത്തിന്റെ യുവജനസംഘടനയും ചില എതിർപ്പുകൾ നേരിടുകയും അവയെ എല്ലാം അതിജീവിച്ചു കൊണ്ട് മുന്നോട്ടു പോവുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
രസകരമായി വായിക്കാനാവുന്ന ഈ നോവൽ ടൈപ്പ് ചെയ്യുന്ന അവസരത്തിൽ E എന്ന അക്ഷരമുള്ള കീ അനക്കാൻ പറ്റാനാവാത്ത വിധം എണസ്റ്റ് വിൻസന്റ് റൈറ്റ് പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചുവെച്ചിരുന്നു. പുസ്തകത്തിന് ഒരു പ്രസാധകനെ കണ്ടെത്താൻ റൈറ്റ് പാടുപെട്ടു. ഒടുവിൽ വെറ്റ്സെൽ പബ്ലിഷിങ് കമ്പനിയാണ് അതിനായി മുന്നോട്ട് വന്നത്. പ്രസിദ്ധീകരണത്തിന്റെ അതേ വർഷമായ 1939 ൽ റൈറ്റ് ഈ ലോകത്തോട് വിട പറഞ്ഞു.
ഗാഡ്സ്ബി എന്ന നോവലിനുള്ള ആമുഖത്തിൽ റൈറ്റ് ഇങ്ങനെ പറയുന്നുണ്ട്. 'ഈ കഥ എഴുതിയത് സാഹിത്യപരമായ യോഗ്യത നേടാനുള്ള ഒരു ശ്രമത്തിലൂടെയല്ല. മറിച്ച് ഇത് ചെയ്യാൻ കഴിയില്ല എന്ന് നിരന്തരം അവകാശപ്പെടുന്നത് കേട്ടതു മൂലമുണ്ടായ അല്പം മന്ദബുദ്ധി കൊണ്ടാണ്'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.