ആലീസിനെയും അവളുടെ അത്ഭുതലോകത്തെയും അറിയാത്ത കൂട്ടുകാരുണ്ടാവില്ല. ഒരു മുയലിനെ പിന്തുടർന്നുപോയി ഒടുവിൽ ഒരു വിചിത്ര ലോകത്തെത്തുന്ന ആലീസിന്റെ കഥ, വായിക്കുന്ന ആരെയും മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവും. ലൂയിസ് കരോൾ എഴുതിയ നോവലാണ് 'ആലീസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർലാൻഡ്'.
ലോകമെമ്പാടും 'ആലീസ് ഇൻ വണ്ടർലാൻഡ്' എന്ന പേരിലാണ് ഇത് പ്രസിദ്ധമായത്. പിന്നീട് ഈ നോവൽ ആസ്പദമായി സിനിമകളും ആനിമേഷൻ ചിത്രങ്ങളും ധാരാളമായി ഇറങ്ങി. വൈകാതെതന്നെ കുട്ടികളുടെയെല്ലാം ഇഷ്ട കഥാപാത്രമായി ആലീസ് മാറുകയും ചെയ്തു. ഇനി പറയുന്നത് ആലീസിന്റെ ആർക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്.
ആലീസ് ഇൻ വണ്ടർലാൻഡ് സിൻഡ്രോം എന്ന ഒരു രോഗത്തെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ? പേരിൽതന്നെ ഉണ്ടല്ലേ കൗതുകം. നാഡീ ഞെരമ്പുകളെ ബാധിക്കുന്ന അത്യപൂർവമായ ഒരു രോഗത്തിനാണ് ശാസ്ത്രലോകം 'ആലീസ് ഇൻ വണ്ടർലാൻഡ് സിൻഡ്രോം' എന്ന പേരുനൽകിയത്. AWS/AIWS എന്നീ ചുരുക്കപ്പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.
ശരീരത്തിലുണ്ടാകുന്ന താൽക്കാലിക പ്രതിഭാസമാണ് ഇതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ രോഗമുള്ളയാൾക്ക് ശരീരംതന്നെ പലപ്പോഴും ചെറുതായും വലുതായും അനുഭവപ്പെടും. ചിലപ്പോൾ കൈക്കും കാലിനുമെല്ലാം വലുപ്പം കൂടുതൽ തോന്നും, ചിലപ്പോൾ കുറവും. കാഴ്ച, സ്പർശനശേഷി, കേൾവി എന്നിങ്ങനെ പലതിനെയും ഇത് ബാധിച്ചേക്കാം. 1950കളിൽ ബ്രിട്ടീഷ് സൈക്യാട്രിസ്റ്റായ ഡോ. ജോൺ ടോഡാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ചിലപ്പോൾ ഈ അവസ്ഥ അര മണിക്കൂർ മുതൽ മണിക്കൂറുകളോളം നീണ്ടുപോവാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മൈഗ്രേൻ അടക്കമുള്ള പല അസുഖങ്ങളും ഇതിന്റെ ഭാഗമായി അനുഭവപ്പെടുകയും ചെയ്യും. എന്നാൽ, ഈ അസുഖത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.