ഫുട്ബാൾ ലോകകപ്പ് അടുത്തെത്തി. എല്ലാ കൂട്ടുകാരും ഇപ്പോൾ കളിയാവേശത്തിലാവും. ഇഷ്ട ടീമിന്റെ ജഴ്സിയും കൊടിയുമൊക്കെ നിങ്ങൾ നേരത്തേതന്നെ വാങ്ങിവെച്ചിട്ടുണ്ടാവും അല്ലേ? നാട്ടിലാകെ വിവിധ ടീമുകളുടെ കൊടികളും തോരണങ്ങളും കട്ടൗട്ടുകളുംകൊണ്ട് നിറഞ്ഞുകഴിഞ്ഞു.
ലോകത്തിലെതന്നെ ഏറ്റവും ജനപ്രീതിയുള്ള മത്സരമാണ് ഫുട്ബാൾ എന്നാണ് പൊതുവേ പറയാറുള്ളത്. ഏറ്റവുംകുടുതൽ ആളുകൾ ആസ്വദിക്കുന്നതും ഫുട്ബാൾ മത്സരങ്ങളാണത്രെ. എന്നിരുന്നാലും ഒരുപാട് രാജ്യങ്ങൾക്ക് സ്വന്തമായി ഫുട്ബാൾ ടീമില്ല. പറഞ്ഞുവരുന്നത് മറ്റൊരു ഫുട്ബാളിന്റെ കഥയാണ്. അമേരിക്കൻ ഫുട്ബാളിന്റെ കഥ.
അമേരിക്കയിലെ പ്രധാന കായിക ഇനമാണ് 'ഫുട്ബാൾ'. പക്ഷേ ആ ഫുട്ബാളല്ല ഈ ഫുട്ബാൾ എന്നുമാത്രം. 'അമേരിക്കൻ ഫുട്ബാൾ' എന്നത് അർജന്റീനയും ബ്രസീലും പോർച്ചുഗലുമൊന്നും കളിക്കുന്ന, വരാനിരിക്കുന്ന ലോകകപ്പിൽ കാണുന്ന ഫുട്ബാളല്ല. ഇത് മറ്റൊരു കായിക ഇനമാണ്. 11 വീതംപേർ രണ്ട് ടീമുകളിലായി മത്സരിക്കുന്ന ഈ കായികയിനം ഫുട്ബാളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. റഗ്ബിയോട് അടുത്തുനിൽക്കുന്ന മത്സരമാണിത്. എന്നാൽ ആളുകളുടെ എണ്ണത്തിലും മറ്റും രണ്ട് കായിക ഇനങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.
കാനഡയിലും 'ഫുട്ബാൾ' എന്നുതന്നെയാണ് ഈ കായിക ഇനം അറിയപ്പെടുന്നത്. 'ഗ്രിഡിറോൺ' എന്ന പേരും അമേരിക്കൻ ഫുട്ബാളിനുണ്ട്. ഓരോ അറ്റത്തും ഗോൾപോസ്റ്റുകളുള്ള ദീർഘ ചതുരാകൃതിയിലുള്ള മൈതാനത്ത് പതിനൊന്ന് കളിക്കാരുടെ രണ്ട് ടീമുകൾ തമ്മിലാണ് ഈ കളി നടക്കുക. ഉരുണ്ടിട്ടല്ല മറിച്ച് ഓവൽ ആകൃതിയിലായിരിക്കും പന്ത്. ഈ ബാൾ കൈവശമുള്ള ടീം പന്തുമായി ഓടി പരസ്പരം അത് കൈമാറി ഗ്രൗണ്ടിൽ മുന്നേറും. അതേസമയം എതിർ ടീം പ്രതിരോധിച്ച് ഈ പന്ത് കൈവശപ്പെടുത്താൻ ശ്രമിക്കും. ഇങ്ങനെ കൈവശപ്പെടുത്തിയാൽ പിന്നീട് അവർക്കായി കളിയുടെ നിയന്ത്രണം. എതിർ ടീമിന്റെ പോസ്റ്റിലേക്ക് ബാൾ എത്തിക്കുകയാണ് വേണ്ടത്. ഇതാണ് 'അമേരിക്കൻ ഫുട്ബാൾ'. അമേരിക്കയിലും കാനഡയിലും യഥാർഥ ഫുട്ബാൾ അറിയപ്പെടുന്നത് 'സോക്കർ' എന്ന പേരിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.