രണ്ട് ലോകയുദ്ധങ്ങളടക്കം പല ഏറ്റുമുട്ടലുകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്. പല യുദ്ധങ്ങളും മാസങ്ങളും വർഷങ്ങളും നീണ്ടു. പലതും ലക്ഷക്കണക്കിനുപേരുടെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കുകയും ചെയ്തു. ലോക ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? വെറും 38 മിനിറ്റ് മാത്രം നീണ്ടുനിന്ന ഒരു യുദ്ധമുണ്ട്, ലോ ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധം, അതാണ് ആംഗ്ലോ-സാൻസിബാർ. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധം എന്നപേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഈ യുദ്ധം ഇടംപിടിച്ചിട്ടുണ്ട്. സാൻസിബാറും ബ്രിട്ടീഷ് സേനയും തമ്മിൽ 1896ലാണ് ഈ ഏറ്റുമുട്ടൽ നടന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ ടാൻസാനിയയുടെ അടുത്ത് കിടക്കുന്ന ഒരു ദ്വീപ് രാജ്യമായിരുന്നു സാൻസിബാർ. സാൻസിബാറിനെ നിയന്ത്രിച്ചിരുന്ന പോർച്ചുഗീസുകാരെ 1698ൽ തുരത്തിയോടിച്ച ശേഷം ഒമാൻ രാജ്യത്തിന്റെ അധീനതയിലായി ഈ രാജ്യം. 1807 മുതൽ 1856 വരെ ഒമാനിന്റെയും സാൻസിബാറിന്റെയും സുൽത്താനായിരുന്ന സായിദ് ബിൻ സുൽത്താന്റെ മരണശേഷം സാൻസിബാറിന്റെ ഭരണാവകാശം ആറാമത്തെ മകൻ മാജിദ് ബിൻ സായിദിന്റെ കൈകളിലെത്തി. മൂന്നാമത്തെ മകൻ തുവൈനി ബിൻ സായിദായിരുന്നു ഒമാന്റെ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടത്.
സാൻസിബാറിന്റെ സുൽത്താനായ മാജിദ് 1858ൽ സാൻസിബാറിനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. ബ്രിട്ടിഷുകാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ഭരണകൂടമായിരുന്നു അത്. അദ്ദേഹത്തിന്റെ കാലശേഷം മകൻ ബർഗാഷ് ബിൻ സായിദ് അധികാരത്തിലെത്തി. ബ്രിട്ടീഷ് റോയൽ നേവിയിലെ ലെഫ്നന്റായിരുന്ന ലോയ്‌ഡ് മാത്യൂസിനെ അന്ന് ഫസ്റ്റ് മിനിസ്റ്ററായി. ബർഗാഷിന്റെ കാലശേഷം സയ്യിദ് ഖലീഫ ബിൻ സായിദ് അധികാരത്തിലേറി. ഖലീഫയ്‌ക്ക് ശേഷം സഹോദരൻ അലി ബിൻ സായിദ് വന്നു. 1893 മുതൽ ഭരണാധികാരിയായിരുന്ന ഹമദ് ബിൻ തുവൈനി 1896 ആഗസ്റ്റ് 25ന് കൊല്ലപ്പെട്ടു. പിന്നീട് അധികാരത്തിൽ വന്ന മരുമകൻ ഖാലിദ് ബിൻ ബർഗാഷ് ആണ് ഈ കൊലപാതകത്തിന്റെ പിന്നിലെന്ന് ആരോപിച്ച ബ്രിട്ടീഷ് ഭരണകൂടം ഖാലിദിന് പകരം ഹമൂദ് ബിൻ മുഹമ്മദിനെ ഭരണാധികാരിയാക്കാൻ ശ്രമംനടത്തി.
എന്നാൽ അധികാരത്തിൽ തുടർന്ന് ബ്രിട്ടീഷുകാർക്കെതിരെ പട നയിക്കാൻ സുൽത്താൻ ഖാലിദ് ഇറങ്ങി. പക്ഷേ അദ്ദേഹത്തിന്റെ സേനക്ക് മാരക പ്രഹരമേറ്റു. ഈ യുദ്ധമാണ് ആംഗ്ലോ-സാൻസിബാർ. 1896 ആഗസ്റ്റ് 27 രാവിലെ 9 മണിക്ക് ബ്രിട്ടീഷ് നാവികസേന ഖാലിദിന്റെ കൊട്ടാരം അക്രമിച്ചുതുടങ്ങി. ബ്രിട്ടീഷ് സൈന്യം ആധികാരിക വിജയം നേടി. അഞ്ഞൂറിലധികം സാൻസിബാർ പടയാളികൾ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങി പത്ത് മിനിറ്റിനകം കൊട്ടാരം വിട്ട് ജർമ്മൻ സ്ഥാനപതി കാര്യാലയത്തിൽ അഭയം തേടിയ ഖാലിദിനെ പിന്നീട് ജർമ്മനി സംരക്ഷിച്ചു. അങ്ങനെ ആ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധമായി പരിണമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.