ഒരു കഥപറയാം. കുറച്ചു പഴയതാണ്, എന്നുവെച്ചാൽ കാലങ്ങളോളം പഴക്കമുള്ളത്. ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. യുദ്ധതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ അസാമാന്യ കഴിവുള്ള വീരയോദ്ധാവായിരുന്നു അദ്ദേഹം. പക്ഷേ, ഒരേയൊരു പ്രശ്നം, അദ്ദേഹത്തിന് കൊതുകുകളെ വെറുപ്പായിരുന്നു. ചില്ലറ വെറുപ്പൊന്നുമല്ല, കൊതുകുകൾ അടുത്തുവന്നാൽ അദ്ദേഹം ഓടിരക്ഷപ്പെടും. അങ്ങനെ ആ രാജാവ് ഒരു സൈന്യത്തെതന്നെ കൊതുകിനെ കൊല്ലാനായി ഒരുക്കി. തന്നെ കടിച്ച കൊതുകുകളെയെല്ലാം ആ സൈന്യം വകവരുത്തി. വെറുതെ പാറിനടന്ന കൊതുകുകളെ പിടിച്ച് പ്രത്യേക തടവറയിലുമിട്ടു. കേൾക്കുമ്പോൾ ചിരി വരുന്നുണ്ടോ, രാജാവ് എത്ര മണ്ടനാണെന്നോർത്ത്? എന്നാൽ, അങ്ങനെ അധികം ചിരിക്കണ്ട കേട്ടോ... ഇനിയുള്ള കാര്യങ്ങൾ കേട്ടാൽ നിങ്ങൾ ചിലപ്പോൾ മൂക്കത്ത് വിരൽവെച്ചേക്കും.
കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാൻ ധാരാളം നിയമങ്ങൾ ലോകത്തുണ്ട്. അതെല്ലാം നടപ്പാക്കാൻ നിയമ സംവിധാനങ്ങളുമുണ്ട്. എന്നാൽ, നിങ്ങൾ മൃഗങ്ങളെയും മറ്റു ജീവികളെയും ശിക്ഷിച്ച കഥകൾ കേട്ടിട്ടുണ്ടോ? അങ്ങനെ ചിലതുണ്ട്. ചില രാജ്യങ്ങളിൽ പണ്ട് നടന്ന കാര്യങ്ങളാണ് ഇനി പറയുന്നത്. പല കഥകളും നൂറ്റാണ്ടുകൾക്കു മുമ്പുള്ളതാണ്, കൂടെ ഈയിടെ നടന്ന ചിലതുമുണ്ട്. പല മൃഗങ്ങളെയും ശിക്ഷിച്ച, തൂക്കിക്കൊന്ന കഥ. മിക്ക സംഭവങ്ങളും മനുഷ്യന്റെ അറിവില്ലായ്മകൊണ്ടായിരുന്നു അന്ന് നടന്നതെന്ന് കാലം തെളിയിക്കുന്നു.
ഫ്രാൻസിൽ നടന്ന രണ്ട് സംഭവങ്ങളാണ്. 1386ൽ ഫ്രാൻസിലെ ഫലൈസ് എന്ന സ്ഥലത്തെ കോടതിയിൽ ഒരു കേസെത്തി. ഒരുവീട്ടിലെ പന്നിക്കൂട്ടിൽ അറിയാതെ വീണ കുട്ടിയെ പന്നികൾ കടിച്ചുകൊന്നതായിരുന്നു കേസ്. മാതാപിതാക്കളറിയാതെ പന്നികളുടെ അടുത്തു പോയതായിരുന്നു കുട്ടി. വിശന്നിരിക്കുന്ന പന്നികൾ ഭക്ഷണമെന്ന ധാരണയിൽ ഭക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. കേസിൽ പന്നിയുടെ കൈകാലുകൾ ഛേദിച്ച ശേഷം കൊല്ലാനായിരുന്നു കോടതിവിധി. 1494ൽ ഫ്രാൻസിൽ മറ്റൊരു സംഭവവും നടന്നു. തൊട്ടിലിൽ കിടന്നിരുന്ന കുഞ്ഞിനെ പന്നി കടിച്ചുകൊന്നുവെന്നായിരുന്നുകേസ്. കോടതിവിധിപ്രകാരം ആ പന്നിയെ തൂക്കിലേറ്റുകയും ചെയ്തു.
കോഴിയെ ചുട്ടുകൊന്നു
1474ൽ സ്വിറ്റ്സർലൻഡിലാണ് സംഭവം. ആ നാട്ടിൽ ഒരു പൂവൻകോഴി മുട്ടയിട്ടുവെന്നായിരുന്നു കേസ്. അക്കാലത്ത് അസാധാരണമായ ഇത്തരം പ്രതിഭാസങ്ങളുണ്ടായാൽ അവയെ നശിപ്പിച്ചുകളയണം എന്ന മിഥ്യാധാരണ നിലനിന്നിരുന്നുവത്രേ. അങ്ങനെ ഈ കേസ് വിചാരണക്കെത്തി. പിശാചിന്റെ സൃഷ്ടിയാണ് ഇതെന്നായിരുന്നു അന്നത്തെ വിചിത്രമായ കണ്ടെത്തൽ. ഈ കോഴിയെ ചുട്ടുകൊല്ലാൻ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.
ആരാധനാലയങ്ങളുടെ വസ്തുവകകൾ നശിപ്പിക്കുക എന്നത് പണ്ട് ഗുരുതര കുറ്റകൃത്യമായിരുന്നു. 1587ൽ ഫ്രാൻസിൽ ഒരു സംഭവമുണ്ടായി. ഒരു പള്ളിയുടെ മുന്തിരിത്തോട്ടത്തിൽ വണ്ടുകളെത്തി കൂട്ടത്തോടെ മുന്തിരി നശിപ്പിക്കാൻ തുടങ്ങി. ഈ വിഷയം വൈകാതെതന്നെ അന്നത്തെ വിചാരണക്ക് വിധേയമായി. എട്ടുമാസമായിരുന്നു വിചാരണ നടന്നത്. വണ്ടുകൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. പക്ഷേ, ഇതിനൊന്നും കാത്തുനിൽക്കാതെ ആ നാട്ടുകാർ നേരത്തേ അവയെ തുരത്തിയോടിച്ചിരുന്നു എന്നുമാത്രം.
തൂക്കിലേറ്റപ്പെട്ട മേരി ആന
അധികകാലം മുമ്പല്ല ഈ കഥ. 1916ൽ അമേരിക്കയിലെ ടെന്നസ് എന്ന ചെറിയ പട്ടണം. സ്പാർക്‌സ് എന്ന സർകസ് സംഘത്തിന്റെ പ്രകടനം നടക്കുകയായിരുന്നു അവിടെ. മേരി എന്ന പെൺ ആനയുടെ സർകസിലെ പ്രകടനങ്ങൾ ആളുകൾ ആസ്വദിക്കുകയായിരുന്നു. അതിനുമുമ്പ് ആനയെ പരിശീലിപ്പിച്ച് പരിചയമില്ലാത്ത റെഡ് എൽഡ്രിഡ്ജ് എന്നയാളായിരുന്നു മേരിയെ അന്ന് നോക്കിയിരുന്നത്. പ്രകടനത്തിനിടെ എഴുന്നേൽപിക്കാൻ ഇയാൾ ഒരു ലോഹക്കൊളുത്തുകൊണ്ട് മേരിയെ അടിച്ചു. വേദനകൊണ്ട് പുളഞ്ഞ മേരി അയാളെ തുമ്പിക്കൈകൊണ്ട് പിടിച്ച് നിലത്തിട്ട് ആൾക്കൂട്ടത്തിന് മുന്നിൽവെച്ച് തലയിൽ ചവിട്ടി കൊന്നു. അതിനിടെ ഒരാൾ ആനക്കുനേരെ തുരുതുരാ വെടിയുതിർത്തു. ആനയെ കൊല്ലണമെന്നാവശ്യപ്പെട്ട് ആളുകൾ പ്രക്ഷോഭം തുടങ്ങി. അങ്ങനെ മേരിയെ പരസ്യമായി തൂക്കിലേറ്റാൻ തീരുമാനിച്ചു. കഴുത്തിൽ ചങ്ങലയിട്ട് ആനയെ ക്രെയിനിൽ തൂക്കി. പക്ഷേ, ചങ്ങല പൊട്ടി. രണ്ടാം തവണ ഉറപ്പുള്ള ചങ്ങലയിട്ട് മേരിയെ തൂക്കിക്കൊന്നു.
1519ൽ സ്റ്റെൽവിനോ എന്ന സ്ഥലത്ത് (ഇന്ന് ഇറ്റലിയിലാണ് ഈ പ്രദേശം) ഒരു വിചിത്രമായ വിധിയുണ്ടായി. വ്യാപകമായി കൃഷിനശിപ്പിക്കുന്നുവെന്ന് കണ്ടെത്തി ഒരു കൂട്ടം മോളുകളെ (ചില യൂറോപ്യൻ രാജ്യങ്ങളിലും മറ്റും കണ്ടുവരുന്ന എലി വിഭാഗത്തിൽപെടുന്ന സസ്തനികളാണ് മോൾ) എന്നന്നേക്കുമായി നാടുകടത്താൻ തീരുമാനിച്ചു. അതേസമയം, ആ വിധിയിൽ മറ്റൊന്നുകൂടി ഉണ്ടായിരുന്നു. 'മുതിർന്ന മോളുകളെ പെട്ടെന്നുതന്നെ നാടുകടത്തണം, അതേസമയം ശൈശവാവസ്ഥയിലുള്ളവക്ക് 14 ദിവസത്തെ സാവകാശവും അനുവദിക്കുന്നു' എന്നായിരുന്നു അത്!.
1621ൽ ജർമനിയിലെ സാക്സൊണിയിലാണ് സംഭവം. പശു കുത്തിവീഴ്ത്തിയതിനെതുടർന്ന് ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീടവർ മരണപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ലെയ്പ്സിഗ് സർവകലാശാലയിലെ ലോ ഫാക്കൽറ്റി കോടതിയെ സമീപിച്ചു. അധികം വിചാരണയുടെ ആവശ്യമൊന്നുമുണ്ടായില്ല, പശുവിന് വധശിക്ഷ വിധിച്ചു. ഇതോടൊപ്പം മറ്റു ചില നിർദേശങ്ങൾകൂടിയുണ്ടായിരുന്നു -വധിക്കപ്പെടുന്ന പശുവിന്റെ മാംസം കഴിക്കാനോ അതിന്റെ തോൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ല എന്നതായിരുന്നു അത്.
കരടി ഒരു കേസിൽ കുറ്റക്കാരനാണന്ന് വിധിക്കപ്പെട്ട കഥയാണിത്. 2008ലാണിത്. മാസിഡോണിയയിലെ ഒരു തേനീച്ചക്കൃഷിക്കാരനെ ഒരിക്കൽ ഒരു കരടി ആക്രമിച്ചു, കൂടെ അയാളുടെ തേൻ മോഷ്ടിക്കുകയും ചെയ്തു. വൈകാതെതന്നെ തനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് അയാൾ കോടതിയെ സമീപിച്ചു. വന്യമൃഗമായതിനാലും സംരക്ഷിത വിഭാഗത്തിൽപെട്ട ജീവിയായതിനാലും ശിക്ഷ നടപ്പാക്കാൻ സാധിക്കില്ലെന്ന് ഒടുവിൽ വിധി വന്നു. പക്ഷേ, കരടി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കരടിക്കു പകരം ഭരണകൂടം 1750 പൗണ്ട് പിഴയായി തേൻ കർഷകന് നൽകണമെന്നും വിധിയിലുണ്ടായിരുന്നു.
ആമക്കും വധശിക്ഷ
2018 മാർച്ചിൽ യു.എസിലെ ഇദാഹോയിലാണ് സംഭവം. ഇവിടുത്തെ ഒരു സ്കൂളിൽ സയൻസ് പഠിപ്പിക്കുന്നതിനിടെ ടീച്ചർ ഒരു പ്രാക്ടിക്കൽ സെഷൻ നടത്തി. ആമക്ക് ഭക്ഷണം കൊടുക്കുന്നതാണ് അവർ നേരിട്ട് കുട്ടികൾക്ക് കാണിച്ചുകൊടുത്തത്, ഭക്ഷണമായി നൽകിയത് ഒരു പട്ടിക്കുട്ടിയെയും!. ആമ പട്ടിക്കുട്ടിയുടെ ഒരു ഭാഗം അകത്താക്കുകയും ചെയ്തു. ഇതുകണ്ട് കുട്ടികൾ നിലവിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സംഭവം വിവാദമായി. അധികൃതർ അന്വേഷണവും പ്രഖ്യാപിച്ചു. വൈകാതെതന്നെ ആമയെ കസ്റ്റഡിയിലെടുത്ത് ദയാവധം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.