ബഹിരാകാശവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളും ബഹിരാകാശ യാത്രയുമൊക്കെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. കൂട്ടുകാർ പല പാഠഭാഗങ്ങളിലും ബഹിരാകാശവും അവിടുത്തെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിക്കുന്നുമുണ്ടാകും. ബഹിരാകാശത്തെത്തിയ ആദ്യ ജീവി ഏതാണെന്ന് അറിയുമോ? പല മത്സരപരീക്ഷകൾക്കും ചോദിക്കുന്ന ചോദ്യംകൂടിയാണിത്. 'ലൈക്ക' എന്ന പട്ടി എന്നാണ് മിക്കവരും ഇതിന് ഉത്തരം പറയുക. എന്നാൽ, യഥാർഥത്തിൽ ലൈക്കയല്ല ആദ്യമായി ബഹിരാകാശത്തെത്തിയ ജീവി.
ബഹിരാകാശത്ത് ജീവൻ സാധ്യമാവുമോ എന്ന ചോദ്യം ശാസ്ത്രജ്ഞർക്കിടയിൽ ഉയർന്നുകേട്ടിരുന്ന സമയത്താണ് മനുഷ്യൻ ചില ജീവികളെ ബഹിരാകാശത്തേക്കയച്ചത്. 1940, '50കളിൽ അമേരിക്കയും സോവിയറ്റ് യൂനിയനും കുരങ്ങുകളെയും പട്ടികളെയുമെല്ലാം ബഹിരാകാശത്തേക്കയച്ച് പരീക്ഷണങ്ങൾ നടത്തി.
1957 നവംബർ മൂന്നിന് വിക്ഷേപിക്കപ്പെട്ട സോവിയറ്റ് യൂനിയന്റെ സ്പുട്നിക്-2ൽ സഞ്ചരിച്ച ലൈക്ക എന്ന പട്ടിയാണ് ബഹിരാകാശത്തിലൂടെ 'ഭൂമിയെ ചുറ്റിയ' ആദ്യ ജീവി എന്നത് സത്യമാണ്. പക്ഷേ, ബഹിരാകാശത്ത് ആദ്യം എത്തിയത് ലൈക്കയല്ല. ബഹിരാകാശ വാഹനത്തിന്റെ താപനിയന്ത്രണസംവിധാനം തകരാറിലായതിനാൽ ലൈക്ക ഏതാനും ദിവസങ്ങൾക്കകം മരിക്കുകയും ചെയ്തു. എങ്കിലും ബഹിരാകാശത്ത് ജീവികൾക്ക് അതിജീവിക്കാനാകുമെന്ന് ലൈക്ക തെളിയിച്ചു.
ശരിക്കും ബഹിരാകാശത്തെത്തിയ ആദ്യജീവി 1947 ഫെബ്രുവരി 20ന് അമേരിക്കയുടെ വി-2 റോക്കറ്റിൽ 109 കിലോമീറ്റർ മുകളിലെത്തിയ പഴ ഈച്ചകളാണ്. പാരച്യൂട്ട് വഴി ഇവ ഭൂമിയിൽ ജീവനോടെ തിരിച്ചെത്തുകയും ചെയ്തു. മൂന്നു മിനിറ്റും 10 സെക്കൻഡും മാത്രമാണ് അവ ബഹിരാകാശത്തുണ്ടായിരുന്നത്. എന്നാൽ, ഭൂമിയെ ചുറ്റാതെ മുകളിൽ പോയി തിരിച്ചുവന്നതുകൊണ്ട് ഈ യാത്രയുടെ പ്രാധാന്യം കുറഞ്ഞു എന്നതാണ് കാര്യം.
1957നും 1961നും ഇടക്ക് സോവിയറ്റ് യൂനിയൻ മൊത്തം 13 പട്ടികളെ ബഹിരാകാശത്തേക്കയച്ചിട്ടുണ്ട്. ഇവയിൽ എട്ടെണ്ണം ഭൂമിയിൽ ജീവനോടെ തിരിച്ചെത്തി. 1960 ആഗസ്റ്റ് 16ന് സ്പുട്നിക്-5ൽ ബഹിരാകാശത്തെത്തിയ ബെൽക, സ്ട്രെൽക എന്നിവയായിരുന്നു ഭൂമിയെ ചുറ്റി സുരക്ഷിതമായി തിരിച്ചെത്തിയ ആദ്യ ജീവികൾ. ബഹിരാകാശത്ത് മനുഷ്യവാസം സാധ്യമാണെന്ന് ലൈക്കയും ബെൽക്കയും സ്ട്രെൽകയും തെളിയിച്ചു. എങ്കിലും ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന് കഠിനമായ ജോലിചെയ്യാൻ സാധിക്കുമോ എന്ന സംശയം പിന്നെയും നിലനിന്നു. ഈ സംശയത്തിന് ഉത്തരം കണ്ടെത്താനായത് 1961 ജനുവരി 31ന് മെർക്കുറി കാപ്സ്യൂളിൽ 'ഹാം' എന്ന ചിമ്പാൻസിയെ അമേരിക്ക ബഹിരാകാശത്തേക്കയച്ചതോടെയാണ്. ചില ലിവറുകൾ പിടിച്ചുവലിച്ച് ഒരു അറ തുറന്ന് അതിൽ സൂക്ഷിച്ചുവെക്കുന്ന ഭക്ഷണം എടുക്കാനുള്ള പരിശീലനം നൽകിയായിരുന്നു ഹാമിനെ ബഹിരാകാശത്തേക്കയച്ചത്. ഈ ഉദ്യമം വൻ വിജയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.