ഉറക്കം ഏത് ജീവിക്കും ഒഴിവാക്കാൻ പറ്റാത്തതാണ്. സമയവും സന്ദർഭവും രീതികളുമെല്ലാം മാറിവരുമെന്നുമാത്രം. മനുഷ്യന്റെ കാര്യമെടുത്താൽ രാത്രിയായാൽ ഉറക്കംവരുക എന്നത് ശരീരം നമ്മളറിയാതെതന്നെ ചെയ്യുന്ന പ്രവൃത്തിയാണ്. കൃത്യമായ ശാരീരിക പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ ഉറക്കം അത്യാവശ്യമാണെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുമുണ്ട്. നമ്മളെല്ലാം രണ്ട് കണ്ണുമടച്ച് ഉറങ്ങുന്ന സമയത്ത് ഒരുകണ്ണ് മാത്രമടച്ച് ഉറങ്ങുന്ന ഒരു വിദ്വാനെക്കുറിച്ച് കുട്ടുകാർക്കറിയുമോ? അങ്ങനെ ഒരാളുണ്ട്, ഡോൾഫിനുകൾ.
കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ട് അല്ലേ? മനുഷ്യന്റെ കൂട്ടുകാരനായ ജലജീവിയെന്ന വിളിപ്പേരുണ്ട് ഡോൾഫിനുകൾക്ക്. അതിബുദ്ധിമാന്മാരായ ഡോൾഫിനുകൾ യുദ്ധങ്ങളിൽവരെ മനുഷ്യനെ സഹായിച്ച കഥകൾ കൂട്ടുകാർ കേട്ടിട്ടുണ്ടാവും, അത്ര ബുദ്ധിശക്തിയുണ്ട് അവക്ക്. എന്തുകൊണ്ടായിരിക്കും ഡോൾഫിനുകൾ ഒരുകണ്ണ് തുറന്ന് ഉറങ്ങുന്നത്? നിരവധി പഠനങ്ങൾ ഇതുസംബന്ധിച്ച് ശാസ്ത്രലോകത്ത് നടന്നിട്ടുണ്ട്.
മനുഷ്യർ അബോധാവസ്ഥയിൽ ദീർഘനേരം ഉറങ്ങുമ്പോൾ ഡോൾഫിനുകൾ ഒരുകണ്ണും തലച്ചോറിന്റെ പകുതിയും തുറന്നാണ് ഉറങ്ങുന്നതെന്നായിരുന്ന് പഠനത്തിൽ കണ്ടെത്തിയത്. അതിന് കൃത്യമായ കാരണങ്ങളുമുണ്ട്. ഇടക്കിടെ വെള്ളത്തിനു പുറത്തേക്ക് ഉയർന്നുവരാനും ആക്രമിക്കാൻ വരുന്നവരെ നിരീക്ഷിക്കാനും ഡോൾഫിനെ ഈ രീതി സഹായിക്കുന്നുവെന്നാണ് ആദ്യ കണ്ടെത്തൽ. ഉറങ്ങുമ്പോൾപോലും ഡോൾഫിനുകൾ ബോധാവസ്ഥയിലായിരിക്കും. ഉറക്കത്തിനിടയിൽ ഡോൾഫിനുകൾ ശ്വസിക്കുന്നതുപോലും ബോധത്തോടെയായിരിക്കുമത്രേ.
ഡോൾഫിനുകൾ അവയുടെ തലച്ചോറിന്റെ ഒരുപകുതി മാത്രമേ ഒരുസമയം ഉറങ്ങാൻ അനുവദിക്കൂ, മറ്റേ പകുതി ബോധാവസ്ഥയിൽ തുടരും. അവരുടെ ഇടതുകണ്ണ് അടഞ്ഞിരിക്കുമ്പോൾ, തലച്ചോറിന്റെ വലത് പകുതി ഉറങ്ങുന്നു, നേരെതിരിച്ചും. ഇത്തരത്തിലുള്ള ഉറക്കത്തെ യുനിഹെമിസ്ഫെറിക് സ്ലീപ് അഥവാ അർധഗോളമായ ഉറക്കം എന്നാണ് വിളിക്കുന്നത്. യു.എസ് നേവി 'മറൈൻ മാമ്മൽ പ്രോഗ്രാ'മിലെ സാം റിഡ്‌ഗ്‌വേയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഡോൾഫിനുകളിൽ ഈ ഉറക്കരീതിയുടെ ഫലങ്ങളെക്കുറിച്ച് പഠനംനടത്തി. രണ്ട് ഡോൾഫിനുകളെ വെച്ചായിരുന്നു പരീക്ഷണം. പരീക്ഷണത്തിൽ മുഴു സമയവും അവയുടെ തലച്ചോറുകൾ ബോധത്തോടെയിരിക്കുന്നതായി കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.