ജൂതന്മാരെ കൊല്ലാതെവിട്ട 'കെ സിൻഡ്രോം'

1941-45 കാലം. ഹിറ്റ്‌ലറുടെ നാസി ജർമനി യൂറോപ്പിലെ ആറു ദശലക്ഷം ജൂതന്മാരെ, അതായത് അവിടത്തെ ജൂതന്മാരുടെ മൂന്നിലൊന്ന് ആൾക്കാരെ കൂട്ടക്കൊല ചെയ്ത സമയം. ജൂതസമൂഹത്തിനെ ഒന്നാകെ കൊന്നൊടുക്കിയ ആ സമയത്ത് കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഭീകര കഥകൾ മാത്രമായിരുന്നു ചുറ്റിലും. ഇതിനെല്ലാമിടയിൽ പ്രത്യാശയുടെ പ്രതീകമായ, മനുഷ്യജീവൻ രക്ഷിക്കാൻ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച അധികമാരും അറിയാത്ത ചില വ്യക്തികളുടെ കഥകൂടിയുണ്ട്. ഇരുണ്ട കാലത്തെ പ്രകാശത്തിന്റെ ചെറുവെട്ടങ്ങളായിരുന്നു അവ.

അക്കാലത്ത് നാസികളിൽനിന്ന് ഒട്ടേറെ ജൂതവംശജരുടെ ജീവൻ രക്ഷിച്ച ​'രോഗമാണ്' കെ സിൻഡ്രോം. ചില ഇറ്റാലിയൻ ഡോക്ടർമാർ കണ്ടുപിടിച്ച സാങ്കൽപിക രോഗം!

രണ്ടാം ലോകയുദ്ധസമയത്ത് കിഴക്കൻ യൂറോപ്പിൽ ജൂത കൂട്ടക്കൊല നടന്നപ്പോൾ അതിൽ പതിനായിരക്കണക്കിന് ഇറ്റാലിയൻ ജൂതന്മാരുമുണ്ടായിരുന്നു. ബെനിറ്റോ മുസോളിനിയുടെ ഇറ്റാലിയൻ ഫാഷിസ്റ്റ് ഭരണകൂടം ഇറ്റലി​യിലെ ജൂത ജനസംഖ്യ കുറക്കുന്നതിനും അവരുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിനും നിരവധി നിയമങ്ങൾ പാസാക്കി. 1943 മുതൽ മുസോളിനിയുടെ നേതൃത്വത്തിൽ ഇറ്റാലിയൻ ജൂതന്മാരെ അറസ്റ്റ്ചെയ്ത് കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് നാടുകടത്താൻ തുടങ്ങി. ആ സമയത്തുമാത്രം പതിനായിരക്കണക്കിന് ജൂതരെ ക്യാമ്പുകളിലേക്ക് അയച്ചതായി കണക്കുകൾ പറയുന്നു.

1943 ഒക്‌ടോബറിൽ പട്ടാളം റോമിലെ ഒരു ജൂതകേന്ദ്രത്തിൽ റെയ്ഡിനെത്തി. എന്നാൽ, ആ സമയത്ത് അവിടെ ആരെയും പട്ടാളത്തിന് കണ്ടെത്താൻ സാധിച്ചില്ല. ജൂതകേന്ദ്രത്തിന് കുറച്ചുമാറി ദ്വീപിൽ ഒരു ആശുപത്രിയുണ്ടായിരുന്നു. മുമ്പ് ഫാഷിസ്റ്റ് പാർട്ടിയിൽ ചേരാൻ വിസമ്മതിച്ച പ്രഫസർ ജിയോവാനി ബോറോമിയോയുടെ നിർദേശപ്രകാരം ജൂതരെയെല്ലാം ഈ കത്തോലിക്ക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫാഷിസ്റ്റ് ഭരണകൂടത്തോട് എതിർപ്പുള്ള ആളുകൾ മാത്രമായിരുന്നു ആശുപത്രിയിലെ ഡോക്ടർമാരടക്കം എല്ലാ ജീവനക്കാരും. ആശുപത്രി ബേസ്‌മെന്റിൽ ഫാഷിസ്റ്റ് വിരുദ്ധ സന്ദേശങ്ങൾ കൈമാറാനും ആശയവിനിമയം നടത്താനുമായി റേഡിയോ ട്രാൻസ്മിറ്ററും റിസീവറും സ്ഥാപിച്ചിരുന്നു.

ജൂതകേന്ദ്രത്തിലെ ആളുകളെ മാത്രമല്ല, നാസി ആക്രമണത്തിൽനിന്ന് അഭയം തേടിയ എല്ലാ ജൂതന്മാർക്കും ആശുപത്രിയിൽ അഭയം നൽകി. വൈകാതെ അന്വേഷണം ആശുപത്രിയിൽ എത്തുമെന്ന് അറിയാമായിരുന്ന ബോറോമിയോയും ഡോക്ടർ സസെർഡോട്ടിയും അഡ്രിയാനോ ഒസിസിനിയും ചേർന്ന് ഒരു പദ്ധതി ആവിഷ്കരിച്ചു. അഭയം തേടി ആശുപത്രിയിൽ വരുന്ന ആളുകളെയെല്ലാം 'കെ സിൻഡ്രോം' എന്നറിയപ്പെടുന്ന അത്യന്തം മാരകമായ പകർച്ചവ്യാധി ബാധിക്കപ്പെട്ടവരായി അവർ പ്രഖ്യാപിച്ചു. ഈ രോഗം ഒരു മെഡിക്കൽ പാഠപുസ്തകത്തിലും കണ്ടെത്താനാവില്ല എന്നതാണ് സത്യം. കാരണം, ഇത് ഒരു സാങ്കൽപിക രോഗം മാത്രമായിരുന്നു.​ റോമിലെ നാസി സേനയുടെ ചുമതലയുള്ള ജർമൻ കമാൻഡറായ ആൽബർട്ട് കെസർലിങ്, ഹെർബർട്ട് കാപ്ലർ എന്നിവരുടെ ക്രൂരതയെ സൂചിപ്പിക്കാനാണ് അവർ 'കെ' എന്ന ലെറ്റർ രോഗത്തിന്റെ പേരിൽ ഉൾപ്പെടുത്തിയത്.

വൈകാതെ തന്നെ നാസികൾ ആശുപത്രിയിൽ അന്വേഷിക്കാനെത്തി. 'സിൻഡ്രോം കെ' എന്നറിയപ്പെടുന്ന ഗുരുതര പകർച്ചവ്യാധിയായ ന്യൂറോളജിക്കൽ രോഗത്തെക്കുറിച്ച് അവർക്ക് അവിടത്തെ ഡോക്ടർമാർ മുന്നറിയിപ്പുനൽകി. പദ്ധതി വിജയമായിരുന്നു. സൈനികർ ആരും ആശുപത്രി കെട്ടിടത്തിൽ പ്രവേശിക്കാൻ ധൈര്യം കാണിച്ചില്ല. അങ്ങനെ ജൂതസമൂഹത്തിലെ നിരവധിപേരെ 'കെ സിൻഡ്രോം' എന്ന 'മാരക രോഗം' മരണത്തിൽനിന്ന് രക്ഷിച്ചു.

Tags:    
News Summary - K Syndrome the Disease that Saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.